മൊട്ടത്തലയും കുസൃതിച്ചിരിയും നിഷ്കളങ്ക ഭാവവുമായി മലയാളികളുടെ മനം കവര്‍ന്ന യോദ്ധയിലെ ഉണ്ണിക്കുട്ടന്‍ മലയാളത്തിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. രണ്ടുപതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും തൈപ്പറമ്പിൽ അശോകനെയും ഉണ്ണിക്കുട്ടനെയും അരശുംമൂട്ടിൽ അപ്പുക്കുട്ടനെയും മലയാളികൾ എന്നും ഓർക്കാറുണ്ട്.
യോദ്ധ എന്ന മലയാളചിത്രത്തില്‍ റിംപോച്ചയായി വേഷമിട്ട സിദ്ധാര്‍ത്ഥ് ലാമ ഇടവപ്പാതി എന്ന ലെനിൻ രാജേന്ദ്രൻ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എന്നാൽ സിദ്ധാര്‍ഥിന്റെ മനസ്സിൽ ഇപ്പോഴും മോഹൻലാലും യോദ്ധയും തന്നെയാണ്.
മോഹൻലാൽ സാറിനൊപ്പം വീണ്ടും അഭിനയിക്കണമെന്നതാണ് സിദ്ധാർഥിന്റെ വലിയൊരു ആഗ്രഹം. യോദ്ധയുടെ സംവിധായകനായ സംഗീത് ശിവൻ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് തന്നോട് സൂചിപ്പിച്ചിട്ടുണ്ടെന്നും സിദ്ധാർഥ് പറഞ്ഞു. അതിനായുള്ള തിരക്കഥയുടെ തയാറെടുപ്പിലാണ് അദ്ദേഹമെന്നും നല്ലൊരു കഥ കിട്ടിയാൽ തീർച്ചയായും യോദ്ധയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് തന്നോട് പറഞ്ഞതായും സിദ്ധാർഥ് പറയുന്നു.
യോദ്ധയിൽ അഭിനയിച്ചതിന് ശേഷം രണ്ടുവർഷങ്ങൾക്ക് മുന്‍പാണ് മോഹൻലാലിനെ സിദ്ധാർഥ് നേരിട്ട് കാണുന്നത്. ലാൽ സാർ അപ്രതീക്ഷിതമായി വന്ന് തന്നെ കെട്ടിപ്പിടിച്ചെന്നും അൽപ്പസമയത്തേക്ക് ഒന്നും മിണ്ടാൻ പോലും പറ്റിയില്ലെന്നും പതിവ് ചിരിയോടെ എന്നെ നോക്കിയ ലാല്‍സാറിന്റെ കണ്ണ് നിറഞ്ഞിരുന്നുവെന്നും സിദ്ധാർഥ് പറയുന്നു.
വാട്ട്സാപ്പിലൂടെ അദ്ദേഹവുമായി ഇടയ്ക്കൊക്കെ സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്, മാത്രമല്ല അദ്ദേഹം ഒരുപാട് സ്നേഹമുള്ള ആളാണ്. നേപ്പാളിൽ ഭൂമികുലുക്കം ഉണ്ടായ സമയത്ത് ലാൽ സാർ വിളിക്കുകയും കുടുംബത്തിന്റെ വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു. സിദ്ധാർഥ് പറഞ്ഞു.