താരങ്ങളുടെ വോട്ട് ആർക്കൊക്കെ?

വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണു വോട്ടു രേഖപ്പെടുത്തിയിരിക്കുന്നത്. പാർട്ടി പ്രവർത്തനം മാത്രമല്ല, രാഷ്ട്രീയം. രാഷ്ട്രീയം ഒരോരുത്തരുടെയും അഭിപ്രായമാണ്. അതു പ്രകടിപ്പിക്കാനുള്ള അവസരമാണു തിരഞ്ഞെടുപ്പ്’. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ മമ്മൂട്ടി പനമ്പിള്ളി നഗർ ജിഎച്ച്എസിലെ ബൂത്തിൽ രാവിലെ 9.45 നാണു വോട്ടു ചെയ്തത്.

ദിലീപ്

∙ ‘നാടിന് നൻമ ചെയ്യാൻ മനസുള്ള സ്ഥാനാർഥിക്കാണ് വോട്ട്. നാടിന്റെ പുരോഗതിക്കായുള്ള നമ്മുടെ കടമയാണത്. സിനിമാ രംഗത്തുള്ളവർ രാഷ്ട്രീയത്തിൽ വരുന്നതിൽ തെറ്റില്ല’- നടൻ ദിലീപ്. അമ്മ സരോജം സഹോദരങ്ങളായ അനൂപ്, സബിത, അനൂപിന്റെ ഭാര്യ പ്രിയ എന്നിവർക്കൊപ്പം ആലുവ പാലസിനു സമീപത്തെ ദേശീയപാത ഓഫിസിലാണ് വോട്ട് ചെയ്തത്.

സുരേഷ് ഗോപി

∙ എൻഡിഎയ്ക്കും ബിജെപിക്കും വാനോളം പ്രതീക്ഷകളാണ് ഉള്ളതെന്നു നടൻ സുരേഷ് ഗോപി എംപി. തിരഞ്ഞെടുപ്പിൽ പല തരത്തിലുള്ള കളികളാണു നടക്കുന്നത്. അതു ജനങ്ങൾ മനസ്സിലാക്കണം. സർക്കസ് കാട്ടാൻ വരുന്നവർക്കു ജനങ്ങൾ ചെവി കൊടുക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ഭാര്യ രാധികയോടൊപ്പമെത്തിയ സുരേഷ്ഗോപി ശാസ്തമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി.

ശ്രീനിവാസൻ

∙ ‘ജനാധിപത്യം നേരിടുന്ന വലിയ പ്രശ്നം മുന്നണി വ്യത്യാസമില്ലാത്ത അഴിമതിയാണ്. തെളിവില്ലാതെ എങ്ങനെ അഴിമതി നടത്താമെന്ന ഹൈടെക് രീതികളാണ് രാഷ്ട്രീയക്കാർ പരീക്ഷിക്കുന്നത്. പദ്ധതികൾ ആദ്യമറിയുന്ന രാഷ്ട്രീയക്കാർ ഭൂമി വാങ്ങി മറിച്ചു വിറ്റു കോടികൾ സമ്പാദിക്കുകയാണ്. കേരളം ഏതാനും വ്യക്തികളുടെ കൈകളിലായി. ഇതിനെല്ലാമെതിരെയാണ് വോട്ടവകാശം’- കണ്ടനാട്ട് താമസമാക്കിയതോടെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ വോട്ടറായി മാറിയ ശ്രീനിവാസൻ ഭാര്യ വിമലയോടൊപ്പം രാവിലെ എട്ടോടെ കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂളിലാണ് വോട്ടു രേഖപ്പെടുത്തിയത്.

ദുൽഖർ സൽമാൻ

∙ ‘കേരളത്തിലെ ആദ്യ വോട്ടാണിത്, മുൻപു ചെന്നൈയിലായിരുന്നു വോട്ട്. യുവാക്കൾ വോട്ട് ചെയ്യാൻ സന്നദ്ധരായി വരണം. വോട്ടു ചെയ്യാതിരിക്കുന്നതു മിടുക്കല്ല’. തൃക്കാക്കര മണ്ഡലത്തിലെ പനമ്പിള്ളി നഗർ ഗവ. എച്ച്എസ്എസിലെ ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ നടൻ ദുൽഖർ സൽമാൻ പറഞ്ഞു. മഴയെ അവഗണിച്ചു രാവിലെ 7.20നു തന്നെ ദുൽഖർ വോട്ട് ചെയ്യാനെത്തി.

കാവ്യാ മാധവൻ

∙ ‘നാടിന്റെ നൻമയ്ക്കു വേണ്ടി വോട്ടു ചെയ്യണം. സിനിമാക്കാർ രാഷ്ട്രീയത്തിലിറങ്ങുന്നതു നല്ലതാണ്. പത്താനാപുരത്ത് ആരു ജയിക്കുമെന്നു പറയാൻ പറ്റില്ല. മൂന്നു പേരും നമ്മുടെ കുടുംബക്കാർ അല്ലേ’- തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല ഗവ. ഹൈസ്കൂളിൽ വോട്ടു ചെയ്യാനെത്തിയ നടി കാവ്യാ മാധവൻ പറഞ്ഞു. മാതാപിതാക്കൾക്കൊപ്പമെത്തിയ കാവ്യ 20 മിനിറ്റോളം ക്യൂവിൽ നിന്ന ശേഷമാണു വോട്ടു ചെയ്തത്.

ഗിന്നസ് പക്രു

∙ ‘ഏറ്റവും കൂടുതൽ ആളുകൾ ജനാധിപത്യ അവകാശം വിനിയോഗിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. എല്ലാ നല്ലതായി വരും’- പിറവം മണ്ഡലത്തിലെ ചോറ്റാനിക്കര കണയന്നൂർ ജെബിഎസിൽ രാവിലെ ഒൻപതിന് വോട്ടു ചെയ്യാനെത്തിയ ഗിന്നസ് പക്രുവിന്റെ പ്രതികരണം. കോട്ടയത്തു നിന്നു താമസം മാറിയ ശേഷം ആദ്യമായാണു നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത്.

സിദ്ദീഖ്

∙ ‘എത്ര തിരക്കാണെങ്കിലും വോട്ട് പാഴാക്കാറില്ല’- തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ നടൻ സിദ്ദീഖ് നയം വ്യക്തമാക്കി. പാലച്ചുവട് വ്യാസ വിദ്യാലയ സ്കൂളിലെ ബൂത്തിൽ ഭാര്യ സീന, മകൻ ഷഹീൻ എന്നിവർക്കൊപ്പം ഉച്ചയ്ക്കു രണ്ടരയ്ക്കു ശേഷം വോട്ട് ചെയ്തു.

ഹരിശ്രീ അശോകൻ

∙ ‘ദൂരെയെവിടെയാണെങ്കിലും തിരഞ്ഞെടുപ്പാണെങ്കിൽ നാട്ടിലെത്തും, രണ്ടാം തവണയാണ് ഈ ബൂത്തിൽ വോട്ട് ചെയ്യുന്നത്’- തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ ഹരിശ്രീ അശോകൻ പറഞ്ഞു. ഭാര്യ പ്രീതിയോടൊപ്പം ഉച്ചയ്ക്കു രണ്ടരയ്ക്കു ചെമ്പുമുക്ക് അയ്യനാട് എൽപി സ്കൂളിലാണു വോട്ട് ചെയ്തത്.

സലിം കുമാർ

∙ ‘ഇവിടെ വി.ഡി.സതീശൻ ജയിക്കുമെന്ന കാര്യം ഉറപ്പ്. കേരളത്തിൽ യുഡിഎഫിന് ഭരണ തുടർച്ചയുമുണ്ടാവും. അതിനാണ് എന്റെ വോട്ട്’- കോൺഗ്രസ് അനുഭാവിയായ നടൻ സലിം കുമാർ തീർത്തു പറഞ്ഞു. ഭാര്യ സുനിതയ്ക്കും മകൻ ചന്തുവിനുമൊപ്പം നീണ്ടൂർ സെന്റ് ജോസഫ് സൻഡേ സ്കൂൾ ഹാളിലെ ബൂത്തിൽ ഒരു മണിക്കൂറോളം ക്യൂവിൽ നിന്നാണ് വോട്ട് ചെയ്തത്.

ടിനി ടോം

∙ ‘ജനാധിപത്യത്തിൽ നമുക്ക് അധികാരം കിട്ടുന്ന ഏക ദിവസമല്ലേ. അതിനാൽ എവിടെയായാലും വോട്ട് മുടക്കാറില്ല’- ആലുവ മണ്ഡലത്തിലെ വോട്ടറായ ടിനി ടോമിന്റെ വാക്കുകൾ. തായിക്കാട്ടുകര എസ്പിഡബ്ല്യുഎച്ച്എസ് ബൂത്തിൽ ഭാര്യ രൂപയ്ക്കൊപ്പം എത്തിയാണ് വോട്ട് ചെയ്തത്.

അനന്യ

∙ ‘‘കുറേ വർഷത്തിനു ശേഷമാണ് വോട്ടിടുന്നത്. നല്ല ഭരണം നടത്തുന്ന പാർട്ടിക്കു വേണ്ടിയാണ് എന്റെ വോട്ട്. അഴിമതിയില്ലാത്ത, സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന ഭരണം വേണം’’- നടി അനന്യ. പെരുമ്പാവൂർ മണ്ഡലത്തിലെ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിലെ മാതൃകാ വനിതാ ബൂത്തിലാണ് വോട്ടു രേഖപ്പെടുത്തിയത്.