ശ്വേതാ മേനോൻ ദുബായിലെ റസ്റ്ററന്റ് മേഖലയിലേയ്ക്ക്

ശ്വേതാ മേനോൻ

ദുബായ്​: ഭക്ഷണപ്പെരുമ പ്രമേയമായ സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സജീവമായ നടി ശ്വേതാമേനോൻ ദുബായിലെ റസ്റ്ററന്റ് മേഖലയിലേയ്ക്ക് പ്രവേശിക്കുന്നു. ശ്വേതയുടെ നേതൃത്വത്തിൽ ദുബായ് ലാംസി പ്ലാസയ്ക്കടുത്ത് ആരംഭിക്കുന്ന ശ്വേസ് ഡിലൈറ്റ് എന്ന ഇന്ത്യൻ റസ്റ്ററന്റ് അടുത്ത മാസം 23ന് പ്രവർത്തനമാരംഭിക്കും. റസ്റ്ററന്റിന്റെ ജോലികൾ എല്ലാം ഇതിനകം പൂർത്തിയായി.

ഇരുപത് വർഷമായി മനസിൽ കൊണ്ട് നടക്കുന്ന ആഗ്രഹമാണ് ശ്വേസ് ഡിലൈറ്റിലൂടെ പൂർത്തീകരിക്കുന്നതെന്ന് ശ്വേത മനോരമ ഒാൺലൈനിനോട് പറഞ്ഞു. ഞാനൊരു ഭക്ഷണപ്രിയയാണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ഏറെ ഇഷ്ടമെങ്കിലും രുചികരമായതെന്തും ആസ്വദിക്കും. സിനിമാ ഷൂട്ടിങ്ങിന് പോകുമ്പോൾ ലൊക്കേഷനിലെ ഭക്ഷണം കഴിക്കാറില്ല. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ കൂടെ പാചകക്കാരനെ കൂടി കൊണ്ടുപോകാറുണ്ട്. ദുബായ് ഏറെ ഇഷ്ടപ്പെട്ട നഗരമാണ്.

ലോകത്തെ ഭക്ഷണവൈവിധ്യങ്ങൾ സംഗമിക്കുന്ന ഇൗ മഹാനഗരത്തിൽ ശ്വേസ് ഡിലൈറ്റ് നവ്യാനൂഭൂതി സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. 80 പേർക്കിരിക്കാവുന്ന റസ്റ്ററന്റിൽ വ്യത്യസ്ത രുചികളിലുള്ള ഭക്ഷണം വിളമ്പും. സാധാരണക്കാർക്ക് ഉൾക്കൊള്ളാവുന്ന വിലയായിരിക്കും ഇൗടാക്കുക. ശ്വേതയുടെ സാന്നിധ്യം റസ്റ്ററന്റിന്റെ വിജയത്തിന് വലിയൊരളവിൽ കാരണമായേക്കുമെന്ന് കരുതുന്നു.നേരത്തെ ഒട്ടേറെ മലയാളം അഭിനേതാക്കൾ ദുബായിൽ റസ്റ്ററന്റ് അടക്കമുള്ള ബിസിനസ് രംഗത്ത് പ്രവേശിച്ചിട്ടുണ്ട്.

സിദ്ദിഖിന്റെ കിടിലൻ ഹോട്ടൽ; മാ മാ മിയ

ഒമാനിൽ‌​ ചിത്രീകരിക്കുന്ന നാവൽ എന്ന ജുവൽ എന്ന ചിത്രത്തിലാണ് ശ്വേതാമേനോൻ അടുത്തതായി അഭിയനയിക്കുന്നത്. ആദ്യമായി ഇൗ ചിത്രത്തിൽ പുരുഷ വേഷത്തിലെത്തുന്നു എന്ന സന്തോഷത്തിലാണ് ശ്വേത. ലൈഫ് ഒാഫ് പൈ ഫെയിം ആദിൽ ഹുസൈനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളിവുഡ് താരം റീം ഖാദിം, മലയാള നടൻ സുധീർ കരമന, മൈഥിലി എന്നിവരും അഭിനയിക്കുന്നു. രൺജി ലാൽ ദാമോദരനാണ് സംവിധാനം. ചിത്രം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേയ്ക്ക് ‍ഡബ് ചെയ്യും.