രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചിട്ടു കഷ്ടിച്ചു 10 വർഷം. അന്ന് ആഗ്ര സർവകലാശാലയിൽ സോഷ്യോളജിയിൽ പിജി എടുത്ത് ഒരു യുവാവ്. അച്ഛൻ കേരള സർവകലാശാല ഡീൻ. തീർച്ചയായും അധ്യാപകനാൻ പറ്റിയ സാഹചര്യം. എന്താകണം എന്ന ചോദ്യത്തിനു മുന്നിൽ ഒരുത്തരം; വ്യത്യസ്തരായ മനുഷ്യരുമായി ഇടപെട്ടുകൊണ്ടിരിക്കണം. അങ്ങനെ, ടി.പി. മാധവൻ പത്രപ്രവർത്തകനായി. താമസിയാതെ, സിനിമാ നടനായി.
ടി.പി. മാധവനു മലയാള സിനിമയിൽ കൃത്യമായ ഒരു കസേരയുണ്ട്. 1975ൽ പ്രതിഫലം കുറവായതിനാൽ കുറെക്കാലം മാറിനിന്നിട്ടും, തേടിവന്ന കസേര. ടി.പി. മാധവൻ തന്റെ സിനിമാ ജീവിതത്തെ ഇങ്ങനെ ചുരുക്കും. ഏതു വഴികളിലൂടെ ഓടിയാലും, ജീവിതത്തിൽ നാൽപതാം വയസ്സിൽ ഒരു കവലയിലെത്തും. അവടെ എഴുതിവച്ചിട്ടുണ്ടാവും, ഏതാണു ശരിയായ വഴി എന്ന്. ഞാനെത്തിയ കവലയിൽ സിനിമ എന്നു മാത്രമേ എഴുതിയിരുന്നുള്ളൂ...’ 1960ൽ മുംബൈയിൽ ഒരു ഇംഗ്ലിഷ് പത്രത്തിൽ ജോലി ലഭിച്ചു. ശമ്പളം കുറവായതിനാൽ ജോലി വിട്ടു. പിന്നീടു, പരസ്യ ഏജൻസിയിൽ ജോലി. 1975ൽ ആദ്യ സിനിമയായ രാഗത്തിൽ അഭിനയിക്കുന്നതു വരെ, മാധവൻ പലവിധത്തിൽ സിനിമയിലേക്കു നടക്കുകയായിരുന്നു.
പണ്ടു പട്ടാളത്തിലായിരുന്നതിന്റെ ചിട്ടവട്ടങ്ങളുമായി അച്ചടക്കത്തോടെ സിനിമാ സെറ്റുകളിൽ മാധവനെത്തി. ജീവിക്കുന്ന കഥാപാത്രമായി സ്ക്രീനിൽ നിറഞ്ഞു. നെടുമുടിയും ഒടുവിലുമൊക്കെ സിനിമയിൽ അഭിനയിക്കാതെ, ജീവിച്ചുതീർത്ത 1980കളിലും 90കളിലും മികവുറ്റ കഥകളിൽ കാര്യമായി നിറഞ്ഞുനിന്നു മാധവൻ. പ്രഫസറായ അച്ഛൻ എൻ.പി. പിള്ള മകന്റെ സിനിമ ‘പട്ടം’ സലീം തിയറ്ററിൽ കണ്ടിട്ടു പറഞ്ഞു; മുന്നോട്ടു പോട്ടെ.... അത് ഒരു അംഗീകാരമായി കണ്ടു. താരസംഘടനയായ ‘അമ്മ’ രൂപീകരിച്ചപ്പോൾ മാധവനായിരുന്നു സെക്രട്ടറി. എം.ജി. സോമൻ പ്രസിഡന്റ്. മാധവൻ 10 കൊല്ലത്തോളം അവിടെ തുടർന്നു. താരങ്ങൾ സംഘടിച്ചു തുടങ്ങിയപ്പോൾ സംഘടനയ്ക്കു പണം കണ്ടെത്താൻ പുതുവഴികൾ ആലോചിച്ചു.
അങ്ങനെ, തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമായി താരോൽസവങ്ങൾ സംഘടിപ്പിച്ചു. കമൽഹാസനും അമിതാഭ് ബച്ചനും വന്നു. മലയാളത്തിലെ ആദ്യത്തെ താര ഉൽസവം തന്നെയായിരുന്നു അത്. ഇത്രയും താരങ്ങളെ സിനിമയിലല്ലാതെ, ഒരുമിച്ചു കൊണ്ടുവന്ന ശ്രമകരമായ ജോലി. അതുവരെ കാര്യമായ അച്ചടക്കമില്ലാതിരുന്ന സിനിമാ മേഖല, കൃത്യമായ പ്രഫഷനൽ ചട്ടക്കൂടിലേക്കു നീങ്ങിത്തുടങ്ങി. തിരുവനന്തപുരത്തു നടന്ന ക്യാംപിൽ ആദ്യമായി രണ്ടു താരങ്ങൾക്കെതിരെ ചെറിയ അച്ചടക്ക നടപടിയൊക്കെ ഉണ്ടായി. നാൽപതാം വയസ്സിലെ വഴിത്തിരിവിൽ അടിയുറച്ചു വിശ്വസിച്ച മാധവൻ നാൽപതു കൊല്ലമായി സിനിമയലെത്തിയിട്ട്.
ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിൽ കുഴഞ്ഞുവീണെങ്കിലും, ആരോഗ്യം വീണ്ടെടുത്തു ജീവിതത്തിലേക്കു തിരിച്ചുവന്നു. വഞ്ചിയൂർ ത്രിവേണി ആയുർവേദ നഴ്സിങ് ഹോമിൽ ഡോ. സി. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ ചികിൽസയിലാണിപ്പോൾ. ശരീരത്തിന്റെ ഇടതുവശത്തിനു ചെറിയ ഒരു ഉലച്ചിൽ തട്ടി. ആത്മവിശ്വാസംകൊണ്ടു മാധവൻ അതു മറികടന്നു. ഇനിയെന്തൊക്കെയാ പരിപാടി എന്ന ചോദ്യത്തിനു മുന്നിൽ, ആദ്യമായി പുറംലോകം കണ്ട വെളുത്ത താടി തടവി മാധവൻ പറഞ്ഞത് ആത്മവിശ്വാസം പൊടിച്ചുചേർത്ത ഉത്തരം; ഡിസംബറിൽ തുടങ്ങുന്ന സീരിയലിൽ അഭിനയിക്കണം.