മലയാളസിനിമയില്‍ ആദ്യമായി നൂറുകോടി ക്ളബ്ബില്‍ ഇടം ഉറപ്പിച്ച് മോഹന്‍ലാലിന്‍റെ പുലിമുരുകന്‍ മുന്നേറുമ്പോള്‍, പത്തുകോടിയുടെ റിസ്കില്‍ നൂറുകോടി കൊയ്യുന്ന കഥ പറയുകയാണ് ചിത്രത്തിന്‍റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ഗള്‍ഫിലും യു.കെയിലും ചിത്രം റിലീസാകാനിരിക്കെ ഒരാഴ്ച്ചത്തേക്കുള്ള ബുക്കിങ് പൂര്‍ത്തിയായി.
പത്ത് വച്ചാല്‍ നൂറ്. ഒറ്റപ്പെട്ട ചില ഉല്‍സവപ്പറമ്പുകളിലെങ്കിലും ഇപ്പോഴും ചെവിയോര്‍ത്താല്‍ കേള്‍ക്കാം ആ കറക്കിക്കുത്ത് വിളി. പുലിമുരുകനെത്തി ഒരുമാസം പിന്നിടുമ്പോഴും ഉല്‍സവപ്പറമ്പായിതുടരുന്ന തിയറ്ററുകള്‍ നോക്കി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് പറയാനുള്ളതും പത്തുവച്ചു നേടാന്‍ പോകുന്ന നൂറുകോടിയെ കുറിച്ചാണ്. മൊത്തം നിര്‍മാണചെലവായ ഇരുപത്തിയഞ്ചുകോടിയും ചോരനീരാക്കിയുണ്ടാക്കിയ കാശാണ്. എന്നാലും അതില്‍ പത്തുകോടിയായിരുന്നു ടോമിച്ചന്‍ എന്ന നിര്‍മാതാവിന്‍റെ നിലനില്‍പിനായുള്ള റിസ്ക് ഫാക്ടര്‍.
അവിെട ധൈര്യമായത് ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ഹെയ്നും. പുലിമുരുകന് ടിക്കറ്റ് ഇപ്പോഴും കിട്ടാനില്ല. സ്വന്തം സിനിമയ്ക്ക് ടിക്കറ്റില്ലെന്നറിഞ്ഞ് ഒരു നിര്‍മാതാവ് സന്തോഷിക്കുന്നു. ‘രാവിലെ ഒൻപത് മണിമുതൽ സ്ത്രീകൾ അടക്കമുള്ളവർ ഈ സിനിമയ്ക്ക് ക്യൂ നിന്ന് ടിക്കറ്റ് എടുക്കുന്നു. ഇപ്പോഴും ടിക്കറ്റ് കിട്ടാനില്ല.’ ടോമിച്ചൻ മുളകുപാടം പറഞ്ഞു.
‘മുന്‍പ് നിര്‍മിച്ച ചില ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കളിയാക്കിയവര്‍ പുലിമുരുകന് ഇരുപത്തിയഞ്ചുകോടി മുടക്കിയപ്പോള്‍ തനിക്ക് വട്ടാണെന്നും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും തുടരുന്നുണ്ട്. നമ്മുടെ സിനിമാ ഇൻഡസ്ട്രിയിൽ തന്നെ അറുപത് ശതമാനം ആളുകള്‍ എനിക്കെതിരായിരുന്നു. ടോമിച്ചൻ മുളകുപാടം പറഞ്ഞു.
വട്ടാണെന്ന് പറഞ്ഞവര്‍ ഇതുകൂടി കേള്‍ക്കുക. ഗൾഫിൽ നവംബർ മൂന്നിന് റിലീസനെത്തും. യുഎഇയിൽ മാത്രം 56 കേന്ദ്രങ്ങളിലാണ് പുലിമുരുകൻ റിലീസിനെത്തുന്നത്. അടുത്ത ചൊവ്വാഴ്ച വരെയുള്ള ബുക്കിങ് ഇപ്പോഴേ തീർന്നു കഴിഞ്ഞു. പണം മുടക്കി പത്രങ്ങളില്‍ ഫുള്‍പേജ് പരസ്യം കൊടുത്തപ്പോഴും പലരുംപറഞ്ഞു വട്ടാണെന്ന്. ഇതെല്ലാം തന്റെ മാർക്കറ്റിങ് തന്ത്രമായിരുന്നെന്ന് ടോമിച്ചൻ പറയുന്നു.
ഫ്ളാഷ്, എന്നെ ചതിച്ചു തലയിൽ വച്ച സിനിമ: ടോമിച്ചൻ മുളകുപാടം
ചുരുക്കത്തില്‍ സിനിമയോടുള്ള ഒരു നിര്‍മാതാവിന്‍റെ അടങ്ങാത്ത അഭിനിവേശം. അതിന് മികവുറ്റ ഒരു കൂട്ടം കലാകാരന്മാരുടെ ആത്മാര്‍പണം. അതിലുപരി മുടക്കിയ കാശിന് മുതല്‍ക്കൂട്ടാവുന്ന മാര്‍ക്കറ്റിങ്ങും. അതാണ് പുലിമുരുകന് നൂറുകോടി ക്ളബ്ബില്‍ ഇടം ഉറപ്പാക്കിയത്.