മാന്ത്രികത്തിലെ ജിപ്സിയിൽ നിന്ന് ഗംഗയായ വിനായകന്റെ കഥ

കമ്മട്ടിപ്പാടത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിനായകന്റെ ആദ്യ സിനിമക്ക് പിന്നിലൊരു കഥയുണ്ട്. കൊച്ചിയിലെ "മൈക്കിൾ ജാക്സൺ" മന്ത്രികത്തിലെ ജിപ്സിയായ കഥ മനോരമ ട്രാവലറിലെ ലാൽ ജേര്‍ണീസ് കോളത്തില്‍ അവതരിപ്പിച്ചിരുന്നു....

സീൻ 1-കൊച്ചി

മോഹൻലാൽ - തമ്പി കണ്ണന്താനം കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ മന്ത്രികം എന്ന സിനിമയുടെ ചിത്രീകരണ സമയം. അസ്സോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നത് ഇന്ന് മലയാളത്തിന്റെ പ്രിയ സംവിധായകനായ ലാൽ ജോസാണ്. സിനിമയുടെ ചിത്രീകരണത്തിനായി മദ്രാസിലേക്ക് പോകും വഴി യാദൃശ്ചികമായാണ് ലാൽ ജോസ് കൊച്ചിയിൽ ഒരു ബാച്ചിലേഴ്‌സ് പാർട്ടിയിൽ എത്തിപ്പെട്ടത്.
പാർട്ടിക്കിടെ ഒരു മുഖം അദ്ദേഹത്തിന്റെ കണ്ണിലുടക്കി - കറുത്ത് മെലിഞ്ഞു, മുടി നീട്ടി വളർത്തിയ ഒരു ചെറുപ്പക്കാരൻ.

കെട്ടിലും മട്ടിലുമെല്ലാം മൈക്കിൾ ജാക്സൺ. നാട് കാണാനെത്തിയ ആഫ്രോ-അമേരിക്കൻ വംശജനായിരിക്കും എന്ന് കരുതിയ ലാൽ ജോസിനു തെറ്റി;നൃത്തം കഴിഞ്ഞപ്പോഴതാ മൈക്കിൾ ജാക്സൺ നല്ല കിടുക്കാൻ കൊച്ചി ഭാഷയിൽ സംസാരിക്കുന്നു. ആളെക്കുറിച്ചു അദ്ദേഹം അന്വേഷിച്ചു. കുറച്ചു വിവരങ്ങൾ കിട്ടി - വിനായകൻ എന്നാണ് പേര്. കെ.എസ്.ആർ.ടി.സിക്കപ്പുറത്തെ റെയിൽവേ ട്രാക്കിനടുത്താണ് വീട്. നന്നായി ഡാൻസ് ചെയ്യും. സ്റ്റേജ് പ്രോഗ്രാമിലൊക്കെ പങ്കെടുക്കാറുണ്ട്.

സീൻ 2-മദ്രാസ്.

മാന്ത്രികം സിനിമയിലേക്ക് ആവശ്യമുള്ള ജിപ്സികളെ തെരെഞ്ഞെടുക്കുകയാണ്. അപ്പോഴാണ് ലാല്‍ ജോസിന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ കണ്ട വിനായകന്റെ മുഖം ഓര്‍മ വന്നത്. സംവിധായകനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും പൂര്‍ണ സമ്മതം. അങ്ങനെ കൊച്ചിയിലെ സൂഹൃത്ത് വഴി വിനായകനെ വിവരമറിയിച്ചു. വിനായകന്‍ മദ്രാസിലേക്ക് വണ്ടി കയറി. ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന മദ്രാസ് റയില്‍വേ സ്റ്റേഷനില്‍ നിന്ന് മൈക്കിള്‍ ജാക്സണ്‍ സ്റ്റൈലിലെത്തിയ വിനായകനെ കണ്ടുപിടിക്കാന്‍ മാനേജര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കണ്ടു കഴിഞ്ഞപ്പോള്‍ തമ്പി കണ്ണന്താനത്തിനും തൃപ്തി - ജിപ്സിയായി വിനായകന്‍ നിറഞ്ഞാടി. പിന്നീടങ്ങോട്ടുളളത് മലയാള സിനിമാ പ്രക്ഷകര്‍ക്ക് പരിചിതമായ ചരിത്രം.

ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍. അതിനിടയില്‍ വേഷം കെട്ടലുകളില്ലാത്ത, വ്യവസ്ഥിതികള്‍ക്കനുസരിച്ച് തുള്ളാത്ത പച്ചയായ ജീവിതം. കമ്മട്ടിപ്പാടത്തിലെ നായക വേഷത്തിലൂടെ, മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ വിനായകന്, മനോരമ ട്രാവലറിന്റെ എല്ലാ വിധ അഭിനന്ദനങ്ങളും ആശംസകളും.