ഇത്തവണത്തെ ഐഎഫ്എഫ്കെയില്‍ നിന്നും സംസ്കൃതചിത്രമായ പ്രിയമാനസം തഴഞ്ഞതില്‍ പ്രതിഷേധം ശക്തമാകുന്നു. മലയാളത്തില്‍ പുറത്തിറങ്ങിയ പല കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ അനുമതി നല്‍കിയാണ് സംഘാടകര്‍ സിനിമയെ അവഗണിച്ചതെന്ന് സംവിധായകന്‍ പറയുന്നു.
ഉണ്ണായി വാര്യരുടെ ജീവിതത്തെ ആധാരമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത സിനിമയാണ് പ്രിയമാനസം. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംവിധായകനെ അറിയിക്കുകയായിരുന്നു. ഇതിനെതിരെ സംവിധായകന്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. വിനോദ് മങ്കരയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
കേരളത്തില്‍ നിന്നും നിര്‍മിക്കപെട്ട ലോകത്തിലെ മൂന്നാമത്തെ സംസ്കൃത ചലച്ചിത്രം തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നും തഴഞ്ഞിരിക്കുന്നു.എന്നാല്‍ നിര്‍ണ്ണായകം,എന്നു നിന്റെ മൊയ്തീന്‍ ,കാറ്റും മഴയും എന്നീ കൊമേഴ്സിയല്‍ പടങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ഇതിലൂടെ ചലച്ചിത്ര അക്കാദമി അതിന്റെ വങ്കത്തരവും പ്രൊഫഷണലിസമില്ലയ്മയും വീണ്ടും തെളിയിച്ചിരിക്കുന്നു.ലോകസിനിമാചരിത്രത്തില്‍ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് മറ്റൊരു സംസ്കൃത ചിത്രം ഉണ്ടാവുന്നത്. ബി.ബി.സി തുടങ്ങിയ വിദേശ മാധ്യമങ്ങളും പി.ടി.ഐ പോലുള്ള വാര്‍ത്ത ഏജന്‍സികളും വേണ്ട പ്രാധാന്യതോടെ 'പ്രിയമാനസം'എന്ന ഈ ചിത്രത്തെക്കുറിച്ച് മികച്ച റിപ്പോര്‍ട്ടുകള്‍ കൊടുക്കുമ്പോള്‍ ആണ് സ്വന്തം നാട്ടില്‍ ഇതിന് അവഗണന നേരിടേണ്ടിവരുന്നത്.
അക്കാദമിയില്‍ കുറേക്കാലമായി നടന്നുവരുന്ന പ്രൊഫഷണലിസം ഇല്ലായ്മയാണ് ഇതിന് കാരണം. കലയുമായി പുലബന്ധം ഇല്ലാത്ത ഭാരവാഹികള്‍ ആണ് ജൂറിയെ തീരുമാനിച്ചിരിക്കുന്നത്.ഇതിന് താഴെ സിനിമയറിയാത്ത മന്ത്രിയുടെ ഒപ്പ്കൂടി ആവുമ്പോള്‍ കഥ ഗംഭീരം ആവുന്നു. ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ബെര്‍ലിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങുന്നതിനു ഇടയിലാണ് ഈ സംഭവം.
അക്കാദമിയിലെ ചിലരുടെ കൈകടത്തലാണ് ഇതിന് പിന്നില്‍. ബീന പോള്‍ രാജിവച്ചതിനുശേഷം മികച്ച ഒരു ഫിലിം തിരഞ്ഞെടുപ്പ് അക്കാദമിയില്‍ ഇതുവരെയും നടന്നിട്ടില്ല. രാഷ്ട്രപതി ഭവനില്‍ ചിത്രം കാണിക്കാന്‍ ഇരിക്കയാണ് കേരളത്തില്‍ ചിത്രം തിരഞ്ഞെടുക്കപ്പെടാതെ പോയത്.അക്കാദമിയുടെ സ്വജനപക്ഷപാതവും നെറികേടും തിരിച്ചറിഞ്ഞ് ഇതിനെതിരേ കലാഹൃദയമുള്ളവര്‍ ശക്തമായി പ്രതികരിക്കണം എന്ന് അപേക്ഷിക്കുകയാണ്.ചലച്ചിത്ര അക്കാദമിയുടെ കുത്തഴിഞ്ഞ പ്രവര്‍ത്തനത്തിന് എതിരേ കലാകേരളം പ്രതികരിക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. 'പ്രിയമാനസ'ത്തെ നിഷേധിക്കുന്നതോടെ സംസ്കൃത ഭാഷയെയും ഉണ്ണായിവാര്യര്‍ എന്ന കവിയെയുമാണ് അക്കാദമി അപമാനിച്ചത്. വിനോദ് പറയുന്നു.