സഖാക്കളുടെ ‘സഖാവ്’

ഹിറ്റുകളുടെ നീണ്ട നിരയ്ക്കു ശേഷം ഒരു വർഷത്തെ ഇടവേള കഴിഞ്ഞെത്തിയ നിവിൻ പോളി ചിത്രമാണ് സഖാവ്. കമ്യൂണിസത്തിന് ഏറെ വളക്കൂറുള്ള കേരളത്തിന്റെ മണ്ണിൽ ആ രാഷ്ട്രീയവും ആശയവും പ്രധാന പ്രമേയമാക്കി ഇൗ വർഷമെത്തിയ രണ്ടാമത്തെ സിനിമയാണ് സഖാവ്. സിദ്ധാർത്ഥ് ശിവ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം കൃഷ്ണകുമാർ എന്ന ഇടതുപക്ഷ വിദ്യാർഥിസംഘടനാ നേതാവിന്റെയും കൃഷ്ണൻ എന്ന ഇടതുപക്ഷ തൊഴിലാളി യൂണിയൻ നേതാവിന്റെയും കഥയാണ്. 

സഖാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന കൃഷ്ണകുമാർ എന്ന വിദ്യാർഥി നേതാവിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. കൃഷ്ണകുമാർ വളരെ യാദൃശ്ചികമായി കൃഷ്ണൻ എന്ന ശക്തനായ തൊഴിലാളി നേതാവിനെക്കുറിച്ച് അറിയാനിടവരുന്നു.  ന്യൂജെനറേഷൻ രാഷ്ട്രീയ നേതാക്കളുടെ  തരികിടകളൊക്കെ വശമുള്ള കൃഷ്ണകുമാറിന് ഒരു പുനർചിന്തനത്തിനുള്ള അവസരമായി ഇതു മാറുന്നു. 

ഹാസ്യരംഗങ്ങളുടെ മേമ്പൊടിയോടെയാണ് ചിത്രം ആരംഭിക്കുന്നത്. ആവശ്യത്തിനും അനാവശ്യത്തിനും സഖാവ് സഖാവ് എന്നാവർത്തിച്ചു സ്വയം വിശേഷിപ്പിക്കുന്ന കുട്ടിനേതാക്കൾക്കിട്ട് ഒരു കൊട്ടും കൊടുക്കുന്നുണ്ട് സംവിധായകൻ. പാർട്ടിയും സംഘടനയുമൊക്കെ സ്വന്തം ഉയർച്ചയ്ക്കു വേണ്ടിയാണെന്നു ധരിച്ചുവച്ചിരുന്നിടത്തു നിന്ന്, അത് അങ്ങനെയല്ലെന്നുള്ള തിരിച്ചറിവിലേക്കാണ് രണ്ടാം പകുതിയുടെ പോക്ക്. ഹൈറേഞ്ചിൽ പാർട്ടി കെട്ടിപ്പടുക്കുന്നതും അവിടെ നേരിടേണ്ടി വരുന്ന വെല്ലുവിളികളും ആദ്യ പകുതിയിൽ ആവിഷ്ക്കരിച്ചിരിക്കുന്നു. തീ പാറുന്ന ഡയലോഗുകളോ ചോര തിളയ്ക്കുന്ന രംഗങ്ങളോ കാര്യമായി ഇല്ലെങ്കിലും കൃഷ്ണന്റെ നേതൃത്വത്തിൽ പാർട്ടിയുടെ വളർച്ച നന്നായി തന്നെ ആവിഷ്ക്കരിച്ചിരിക്കുന്നു. പക്ഷേ തിരക്കഥയുടെ ബലക്കുറവ് ചിത്രത്തിലുണ്ട്. 

കുറച്ചു കൂടി ഗൗരവതരമാണ് രണ്ടാം പകുതി. പഞ്ച് ഡയലോഗുകൾ കുറവാണെങ്കിലും മനസ്സിലേക്കാഴ്ന്നിറങ്ങാൻ ചില സംഭാഷണശകലങ്ങൾക്കായിട്ടുണ്ട്. ക്ലൈമാക്സും പിന്നാലെയെത്തിയ ‘ആന്റിക്ലൈമാക്സും’ മികച്ചു നിന്നു. സംഗീതം പല ഘട്ടങ്ങളിലും സിനിമയെ നന്നായി സഹായിച്ചു. 

നിവിൻ പോളിയുടെ വിവിധ രൂപഭാവങ്ങളിലുള്ള പ്രകടനം എടുത്തു പറയേണ്ടതാണ്. പക്വതയെത്തിയ കഥാപാത്രമായും യുവനേതാവായും നിവിൻ മികച്ചു നിന്നു. ഐശ്വര്യ രാജേഷ്, അപർണ ഗോപിനാഥ്, അൽത്താഫ് തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധേയം. പ്രശാന്ത് പിള്ളയുടെ സംഗീതവും പശ്ചാത്തല സംഗീതവും വളരെ മികച്ചത്. സിനിമയെ പലപ്പോഴും മറ്റൊരു തലത്തിലേക്കെത്തിച്ചത് ഇൗ സംഗീതമാണ്. ജോർജ് സി. വില്ല്യംസിന്റെ ഛായാഗ്രഹണവും എടുത്തു പറയണം. ആദ്യ പകുതിയിലെ രാത്രി സംഘട്ടനരംഗങ്ങളൊക്കെ മനോഹരമായി കാഴ്ചക്കാരനിലേക്കെത്തിക്കാൻ അദ്ദേഹത്തിനായി. 

സിദ്ധാർത്ഥ് ശിവ എന്ന സംവിധായകന്റെ മറ്റൊരു മികച്ച സൃഷ്ടി തന്നെയാണ് സഖാവ്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെ കൊമേഴ്സ്യൽ ചിത്രങ്ങളും തനിക്ക് വഴങ്ങുമെന്നു തെളിയിച്ച അദ്ദേഹത്തിന് സഖാവിനെ ഒന്നു കൂടി ട്യൂൺ ചെയ്തെടുക്കാമായിരുന്നു. 

കമ്യൂണിസം എന്ന ആശയത്തെ ആത്മാർഥതയോടെയും മികവോടെയും ആവിഷ്ക്കരിക്കാൻ സഖാവിനായി. അതുകൊണ്ടുതന്നെ സഖാക്കന്മാർക്കും സഖാക്കന്മാരെ ഇഷ്ടപ്പെടുന്ന സാധാരണക്കാർക്കും ഈ സിനിമ ഇഷ്ടപ്പെടും.