ഒരു ചോദ്യത്തിന്റെ അവസാനമല്ല ബാഹുബലി 2, ചരിത്രത്തിന്റെ തുടക്കമാണ്. രാജമൗലിയും ടീമും നമുക്ക് മുന്നിൽ തുറന്നത് സിനിമയുടെ മറ്റൊരു വിസ്മയ ലോകമാണ്.
രണ്ടാം ഭാഗത്തില്‍ രാജമൗലി സമ്മാനിക്കുന്നത് അപ്രതീക്ഷിത സംഭവവികാസങ്ങളാണ്. ഓരോ ഫ്രെയിമിലും അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്നു. ആദ്യ ഭാഗത്തെയും രണ്ടാം ഭാഗത്തെയും തമ്മിൽ തുലനം ചെയ്യാൻ പോലും കഴിയില്ല. ഹോളിവുഡ് സിനിമകളിൽ പോലും കണ്ടിട്ടില്ലാത്ത യുദ്ധതന്ത്രങ്ങളും കാഴ്ചകളുമാണ് ബാഹുബലി 2–വിന്റെ പ്രത്യേകത.
ആദ്യഭാഗത്തിന്റെ ക്ലൈമാക്സിൽ ഞെട്ടിക്കുന്ന ഒരു സത്യം വെളിപ്പെടുത്തിയ കട്ടപ്പയുടെ ഫ്ലാഷ്ബാക്കിൽ നിന്നാണ് രണ്ടാം ബാഹുബലിയുടെ തുടക്കം. കാലകേയനെ പരാജയപ്പെടുത്തി മഹിഷ്മതിയുടെ സിംഹാസനത്തിന് അവകാശിയായ അമരേന്ദ്ര ബാഹുബലിയുടെ പട്ടാഭിഷേകം ഇതുവരെയും കഴിഞ്ഞിട്ടില്ല. പട്ടാഭിഷേകത്തിനു മുമ്പ് അയൽേദശങ്ങളെയും ആളുകളെയും പരിചയപ്പെട്ടു വരാൻ റാണി ശിവകാമി ബാഹുബലിയോട് ആവശ്യപ്പെടുന്നു. അങ്ങനെ അംഗരക്ഷകനായ കട്ടപ്പയ്ക്കൊപ്പം ബാഹുബലി വേഷപ്രച്ഛന്നനായി ഊരുചുറ്റാൻ ഇറങ്ങുന്നു.
മഹിഷ്മതിയോട് അടുത്തുകിടക്കുന്ന കുന്തല ദേശത്തെത്തിയ ബാഹുബലി എത്തുകയും അവിടുത്തെ രാജകുമാരി ദേവസേനയുമായി പ്രണയത്തിലാകുന്നു. എന്നാൽ അവിടെനിന്നു കഥയുടെ ഗതി മാറുകയാണ്. ദേവസേനയുമായി മഹിഷ്മതിയിലെത്തുന്ന ബാഹുബലിക്കു നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് സിനിമ പറയുന്നത്. കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നുവെന്ന രഹസ്യം പുറത്തറിഞ്ഞാലും സിനിമയ്ക്കൊന്നും സംഭവിക്കില്ല. അതിനുള്ള പഴുതുകളെല്ലാം അടച്ചാണ് ബാഹുബലി 2–വിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്.
ആദ്യ പകുതി ഉദ്വേഗം ജനിപ്പിക്കുന്ന ഫ്ലാഷ്ബാക്ക് നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഓരോ ഷോട്ടും അസാധാരണമായ രീതിയില്‍ സന്നിവേശിപ്പിക്കാന്‍ സംവിധായകനും ഛായാഗ്രാഹകനും സാധിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ ആവിഷ്‌കാരവും കഥപറച്ചിലും തുടങ്ങി ഓരോ ഷോട്ടും ഫ്രെയ്മും സ്വീകന്‍സും പോലും പ്രേക്ഷകനെ ഒരു ഘട്ടത്തിലും മുഷിപ്പിക്കില്ല.
ഗംഭീരമായ ഇന്റെർവെൽ പഞ്ചിനു ശേഷമെത്തുന്ന രണ്ടാം പകുതി പ്രതികാരത്തിന്റേതാണ്. പ്രവചനാതീതമല്ല കഥയെങ്കിലും അതു പറഞ്ഞിരിക്കുന്ന രീതി മികച്ചതാണ്. കാഴ്ചക്കാരനെ കഥയ്ക്കൊപ്പം കൊണ്ടു പോകാൻ സാധിച്ചുവെന്നതു തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും.
ആദ്യഭാഗത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും തുല്യപ്രാധാന്യമാണ് രണ്ടാം ഭാഗത്തിൽ നൽകിയിരിക്കുന്നത്. തമന്ന അവതരിപ്പിക്കുന്ന അവന്തികയ്ക്കു മാത്രം രണ്ടാം ഭാഗത്തിൽ അത്ര പ്രാധാന്യമില്ല. രമ്യാ കൃഷ്ണന്റെ ശിവകാമി എന്ന കഥാപാത്രമാണ് ബാഹുബലി 2–വിന്റെ താക്കോൽ. ആദ്യ ഭാഗത്തിൽ ഒതുങ്ങിപ്പോയ അനുഷ്ക രണ്ടാം ഭാഗത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അതിസുന്ദരിയായ ദേവസേനയെ അതിമനോഹരമായാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്.
കട്ടപ്പയ്ക്കു പൊരുതാൻ മാത്രമല്ല ചിരിപ്പിക്കാനും അറിയാമെന്ന് രണ്ടാം ഭാഗം മനസ്സിലാക്കിത്തരും. ഇരട്ട വേഷത്തിലെത്തിയ പ്രഭാസ് ആകാരഭംഗി കൊണ്ടും പ്രകടനം കൊണ്ടും ബാഹുബലിക്ക് ഏറ്റവും അനുയോജ്യനായി. പ്രഭാസും സത്യരാജും ചേർന്നുള്ള ഹാസ്യരംഗങ്ങൾ വളരെ ആസ്വാദ്യകരമായിരുന്നു. ശിവഡു എന്ന മഹേന്ദ്ര ബാഹുബലിയെക്കാൾ അമരേന്ദ്ര ബാഹുബലിയെയാകും കാഴ്ചക്കാർ കൂടുതൽ ഇഷ്ടപ്പെടുക. ബാഹുബലിമാരുടെ പ്രതിയോഗിയായ ഭല്ലാലദേവനെ അവതരിപ്പിച്ച റാണാ ദഗ്ഗുപതിയും കുടിലബുദ്ധിയായ ബിജ്ജലദേവയായി എത്തിയ നാസറും രണ്ടാം ഭാഗത്തിലും അതിഗംഭീരപ്രകടനം തന്നെ കാഴ്ചവച്ചിരിക്കുന്നു. ആകാരഭംഗി കൊണ്ടും അഭിനയമികവു കൊണ്ടും നായകനോട് കിട പിടിക്കുന്ന വില്ലനായി റാണാ ദഗ്ഗുപതി.
സാബു സിറിളിന്റെ കരിയറിലെ ഏറ്റവും മികച്ച വർക്ക് ബാഹുബലിയാണെന്ന് നിസ്സംശയം പറയാം. ചിത്രത്തിനായി റോബോട്ടിക് ആനയെയും കുതിരയെയും വരെ അദ്ദേഹം നിര്‍മിച്ചു. ഒട്ടും കൃത്രിമത്വം തോന്നാത്ത, കണ്ണഞ്ചിപ്പിക്കുന്ന സിജിഐ ഇഫക്ട് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. എം.എം. കീരവാണിയുടെ പശ്ചാത്തലസംഗീതവും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. ഗാനങ്ങളും മനോഹരം. കെ.കെ. സെന്തില്‍കുമാറിന്റ ക്യാമറ പകർത്തിയ ദൃശ്യ വിരുന്നും കോട്ടഗിരി വെങ്കിടേഷ റാവുവിന്റെ എഡിറ്റിങ്ങും എടുത്തു പറയേണ്ടതു തന്നെ. ശ്രീനിവാസ് മോഹനാണ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. രാജമൗലിയുടെ ഭാര്യ രാമ രാജമൗലിയാണ് വസ്ത്രാലങ്കാരം.
സംവിധായകൻ രാജമൗലിയാണ് സത്യത്തിൽ ബാഹുബലിയുടെ എല്ലാമെല്ലാം. തന്റെ സ്വപ്ന സിനിമയെ സ്വപ്നസമാനമായിത്തന്നെ ഒരുക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയെ ആദ്യമായി ലോകസിനിമയുടെ നിലവാരത്തിലേക്കെത്തിച്ച സംവിധായകൻ എന്നാവും ഭാവിയിലൊരുപക്ഷേ അദ്ദേഹത്തിന്റെ വിശേഷണം.
സൂപ്പർതാരങ്ങളുടെ പേരിൽ കോടികൾ പാഴാക്കിക്കളയുന്ന മാസ് മസാലാ കച്ചവട സിനിമകൾക്കുള്ള ശക്തമായ മുന്നറിയിപ്പു കൂടിയാണ് ഈ സിനിമ. പണം എങ്ങനെ, എന്തിനുവേണ്ടി ചെലവഴിക്കണമെന്ന് ബാഹുബലി കാണിച്ചു തരും. ചെലവഴിച്ചിരിക്കുന്ന ഓരോ രൂപയുടെയും മൂല്യം സിനിമയുടെ ഓരോ ഷോട്ടിലും കാണാം.
ഒറ്റ വാക്കിൽ ബാഹുബലിക്കൊരു വിശേഷണം ബുദ്ധിമുട്ടാണ്. അഥവാ വിശേഷണങ്ങൾ എത്രയായാലും അതൊട്ടു മതിയാവുകയുമില്ല. ഭാഷാ–ദേശ വ്യത്യാസങ്ങൾക്കതീതമായി ആർക്കും ധൈര്യമായി കാണാവുന്ന, ലോകനിലവാരമുള്ള ഒരു അത്യുഗ്രൻ സിനിമ തന്നെയാണ് ബാഹുബലി 2 എന്ന് നിസ്സംശയം പറഞ്ഞു വയ്ക്കാം.