സാമ്പത്തിക ലാഭം നേടുക എന്നതിലുപരിയായി സിനിമയിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന സംവിധായകനാണ് വി.കെ. പ്രകാശ്. 'പുനരധിവാസം' മുതൽ അവസാനം പുറത്തിറങ്ങിയ 'നിർണായകം' വരെയുള്ള ചിത്രങ്ങളെല്ലാം വ്യത്യസ്ത അനുഭവങ്ങളാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. ആനുകാലിക പ്രസക്തമായ വിഷയത്തെ അടിസ്ഥാനപ്പെടുത്തി വി.കെ. പ്രകാശ് ഒരുക്കിയ പുതിയ ചിത്രമാണ് 'കെയർഫുൾ'.
നിർദോഷം എന്നു നാം കരുതുന്ന നിയമലംഘനങ്ങൾ ചിലപ്പോൾ മറ്റു ചിലർക്ക് വലിയ നഷ്ടങ്ങൾ വരുത്തിവെച്ചേക്കാം. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ കെയർഫുൾ, കെയർഫുളായി കാണേണ്ട ചിത്രം തന്നെയാണ്. നിരന്തരം കാണുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ തീവ്രത എത്രമാത്രമുണ്ടെന്ന് കാണിച്ചുതരുന്നുണ്ട് ഈ ചിത്രം.
നായികയായി എത്തുന്ന സന്ധ്യാ രാജുവിന്റെ രചന നമ്പ്യാർ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കേരളത്തിലെ പ്രമുഖ പത്രത്തിൽ ജോലിചെയ്യുന്ന ട്രെയിനി ജേണലിസ്റ്റ് കഥാപാത്രമായി എത്തുന്ന രചന തേടിപ്പോകുന്ന വാർത്തയാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. ജോലി ഉറപ്പിക്കാനായി രചന കണ്ടെത്തുന്ന വാർത്ത ഒരു പ്രത്യേക സ്ഥലത്ത് ട്രാഫിക് നിയമം ലംഘിച്ച് യു ടേൺ എടുക്കുന്ന ബൈക്കുകാരെപ്പറ്റിയാണ്.
ആ വാർത്ത രചനയെ കൊണ്ടെത്തിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. പിന്നീട് സംഭവിക്കുന്ന കാര്യങ്ങൾ പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കും. എന്നാൽ ആദ്യപകുതിയിലെ ആകാംക്ഷ സംവിധായകന് രണ്ടാം പകുതിയിലേക്ക് കൊണ്ടുപോകാൻ സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ആദ്യപകുതി സംവിധായകൻ മനോഹരമായി ദൃശ്യവത്കരിച്ചിരിക്കുന്നു.
വി.കെ. പ്രകാശിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ രാജേഷ് ജയരാമന്റെ എഴുത്തിന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. ജോലിയോട് ആത്മാർഥത പുലർത്തുന്ന പൊലീസുകാരന്റെ വേഷം വിജയ് ബാബു നന്നായി കൈകാര്യംചെയ്തപ്പോൾ ആദ്യ ചിത്രത്തിൽതന്നെ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് സന്ധ്യാ രാജു.
മലയാളിയുടെ ജാനകിക്കുട്ടി ജോമോൾ ഒരിടവേളയ്ക്കുശേഷം തിരിച്ചെത്തുന്ന സിനിമ കൂടിയാണ് കെയർഫുൾ. ചിത്രത്തിലെ മറ്റു താരങ്ങളായ പാർവതി നമ്പ്യാർ, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, അജു വർഗീസ്, വിനീത് കുമാർ, കൃഷ്ണകുമാർ, അശോകൻ തുടങ്ങിയവർ തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്.
ധനേഷ് രവീന്ദ്രനാഥാണ് സിനിമയുടെ ഛായാഗ്രഹണം. വ്യത്യസ്ത ആഖ്യാനരീതിയിൽ കഥ പറയുന്ന ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട് ധനേഷിന്റെ ക്യാമറ. ചിത്രത്തിന്റെ വേഗതയ്ക്ക് ഇണങ്ങുന്ന പശ്ചാത്തലസംഗീതമാണ് അരവിന്ദ് ശങ്കർ ഒരുക്കിയിരിക്കുന്നത്. ആദ്യപകുതിയിലെ ആകാംക്ഷ സൃഷ്ടിക്കുന്നതിൽ എഡിറ്റർ ബാബു രത്‌നം വിജയിച്ചു എന്നുവേണം പറയാൻ.
വെറും ഒരു സിനിമ എന്നതിനപ്പുറത്തേക്കു സിനിമകളിൽ എന്തെങ്കിലും ഒരു പുതുമ കൊണ്ടുവരാൻ വി.കെ. പ്രകാശ് എന്ന സംവിധായകൻ എന്നും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഏറെ പ്രേക്ഷകപ്രശംസ നേടിയ ഒരു കന്നഡ സിനിമയുടെ റീമേയ്ക്ക് ആണ് കെയർഫുൾ. ട്രാഫിക് നിയമലംഘനം എന്ന നിസാരവൽക്കരിക്കപ്പെടുന്ന ഗൗരവവിഷയത്തെ അടിസ്ഥാനപ്പെടുത്തി വികെപി തയാറാക്കിയ ചിത്രം എത്രത്തോളം മികച്ചുനിൽക്കുന്നു എന്നത് പ്രേക്ഷകരുടെ തീരുമാനം പോലിരിക്കും.