ചെറിയ ചെറിയ സംശയങ്ങളാണ് ചില കഥകളുടെ തുടക്കമാകുന്നത്. അങ്ങനെ ഒരു സംശയം ഷീല ചാക്കോയ്ക്കും ഉണ്ടായി. ആ സംശയവും തുടർന്ന് ഷീല ചാക്കോയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിതസംഭവങ്ങളുമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.
പേടിയും അസ്വസ്ഥതയും കൂടെപ്പിറപ്പായ ആളാണ് ഷീലയുടെ ഭർത്താവ് ചാക്കോ. അസ്വസ്ഥത ലവലേശമില്ലാത്ത പ്രകൃതമാണ് ഷീലയുടേതും. ഇവരുടെ മൂന്നുമക്കൾക്കാകട്ടെ മൂന്നുസ്വഭാവവും. തനിക്കുണ്ടായ സംശയത്തിന്റെ പേരിൽ ലണ്ടനിലുള്ള തന്റെ മകൻ കുര്യനോട് എത്രയും പെട്ടെന്ന് നാട്ടിലെത്താൻ ഷീല പറയുന്നു. എന്താകും ഷീലയുടെ ആ സംശയം? കുര്യനെപ്പോലെ തന്നെ പ്രേക്ഷകരും അത് അറിയാനുള്ള ആകാംക്ഷയിലാണ്.
നമ്മുടെയോ നമുക്കു ചുറ്റുമുളളവരുടെയോ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന നിമിഷങ്ങളാണ് ഈ സിനിമയുടെയും പ്രമേയം. ജീവിതത്തോട് ഏറ്റവും അടുത്തുകിടക്കുന്ന ഈ ചിത്രവും അതിലെ കഥാപാത്രങ്ങളും തുടക്കം മുതൽ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നു. ശാന്തികൃഷ്ണ അവതരിപ്പിക്കുന്ന ഷീല ചാക്കോയാണ് ഞണ്ടുകളുടെ നാട്ടിലെ പ്രധാനതാരം. ഷീല ചാക്കോയുടെ ജീവതത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ പറച്ചിൽ. പുതുമയാർന്ന അവതരണശൈലിയും മനോഹരമായ ഛായാഗ്രാഹണവും ഞണ്ടുകളുടെ പ്രത്യേകതയാണ്.
അൽത്താഫിന്റെ ആദ്യ സംവിധാനസംരംഭമെന്ന നിലയിൽ അദ്ദേഹത്തിന്റെ വൈഭവം എടുത്തുപറയേണ്ടതാണ്. ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധവും അമ്മയും മക്കളും തമ്മിലുള്ള ബന്ധവും അതിന്റെ ആഴവും അർഥവും മനസ്സിലാക്കി കൃത്യമായി വരച്ചു കാണിക്കാൻ അൽത്താഫിന് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ ചില രംഗങ്ങളിൽ ആവശ്യമില്ലാതെയുള്ള വലിച്ച് നീട്ടൽ ഒഴിവാക്കാമായിരുന്നു. ആദ്യപകുതിയിലും ചെറിയൊരു ഇഴച്ചിൽ അനുഭവപ്പെടും. രണ്ട് മണിക്കൂർ 17 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. അൽത്താഫും ജോർജ് കോരയും ചേർന്നാണ് സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. മികച്ചൊരു കഥാതന്തുവിനെ സത്യസന്ധമായി അവതരിപ്പിക്കാൻ ഇവർക്ക് സാധിച്ചു. ചന്ദ്രമതി എന്ന എഴുത്തുകാരിയുടെ ഇതേ പേരിലുള്ള അനുഭവക്കുറിപ്പ് ആണ് സിനിമയുടെ പ്രചോദനം.
ഷീല ചാക്കോയായി എത്തിയ ശാന്തികൃഷ്ണയാണ് സിനിമയുടെ പ്രധാനആകർഷണം. ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്ന അല്ലെങ്കിൽ അവർ കടന്നുപോയ ജീവിതസാഹചര്യങ്ങളുടെ ഒരു പ്രതീകമാണ് ഷീല. കഥാപാത്രത്തെ വളരെ അനായസം അഭിനയിച്ച് ഫലിപ്പിക്കാൻ ഈ നടിക്ക് സാധിച്ചു. ശക്തമായൊരു തിരിച്ച് വരവ് കൂടിയാണ് ശാന്തികൃഷ്ണ ഇൗ ചിത്രത്തിലൂടെ നടത്തിയത്. 19 വർഷത്തിന് ശേഷമാണ്അവരുടെ ഒരു ചിത്രം റിലീസിനെത്തുന്നതും.
കുര്യൻ ചാക്കോ ആയി നിവിൻ പോളി മികവാർന്ന പ്രകടനം കാഴ്ചവച്ചു. കോമഡി രംഗങ്ങളിലും നിവിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ചാക്കോയെ അവതരിപ്പിച്ച ലാൽ ആണ് ഹാസ്യരംഗങ്ങളിൽ മികച്ചുനിന്നത്. ചുരുക്കം ചില കഥാപാത്രങ്ങൾ മാത്രമാണ് ചിത്രത്തിൽ വന്നുപോകുന്നത്. റേച്ചൽ ആയി പുതുമുഖം ഐശ്വര്യ ലക്ഷ്മി തന്റെ വേഷം മനോഹരമാക്കി. അഹാന, സൃന്ദ, സിജു വിൽസൺ, ഷറഫുദ്ദീൻ, കൃഷ്ണ ശങ്കർ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, ജോർജ് കോര എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
മുകേഷ് മുരളീധരന്‍റെ ഛായാഗ്രഹണ മികവ് എടുത്തുപറയേണ്ടതാണ്. ഓരോ ഷോട്ടിലും റിച്ച്നെസ് പ്രകടമാണ്. ജസ്റ്റിന്‍ വര്‍ഗീസിന്റെ ഇമ്പമാർന്ന ഈണങ്ങളും മൂഡുനിലനിർത്തി കൊണ്ടുപോകുന്നു. ദിലിപ് ഡെന്നിസിന്റേതാണ് ചിത്രസംയോജനം. ചുരുക്കത്തിൽ ട്വിസ്റ്റോ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളോ ഇല്ലാതെ കുടുംബത്തോടൊപ്പം കണ്ട് രസിക്കാവുന്ന ലളിതമായ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.