മലയാളത്തിൽ റോഡ് മൂവി പരീക്ഷണങ്ങൾ അധികമുണ്ടായിട്ടില്ല. ചിത്രീകരണത്തിന് വേണ്ട മികവും റിസ്കുകളുമെല്ലാം കൂടുതലായതുകൊണ്ടുതന്നെയാണ് ഇത്തരം ചിത്രങ്ങൾ കൂടുതൽ പരീക്ഷക്കപ്പെടാത്തതും. വിജയ് ബാബു നായകനായി എത്തുന്ന, ജോൺ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓവർടേക്ക് മലയാളി പ്രേക്ഷകർക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്.
ഓവർടേക്കിന്റെ ട്രെയിലർ പുറത്തുവന്നപ്പോൾ തന്നെ ഒരു ത്രില്ലറാകും ചിത്രമെന്ന സൂചനകൾ ലഭിച്ചിരുന്നു. വളരെ ശാന്തമായാണ് ചിത്രം ആരംഭിക്കുന്നത്. വലിയൊരു ബിസിനസ്സുകാരനും അദ്ദേഹത്തിന്റെ കുടുംബവും കൂട്ടുകാരും ആഘോഷവും ഫെയർവെലും അങ്ങനെ ചില സംഭവങ്ങൾ ഉൾപ്പെടുത്തി ആദ്യ പകുതിയിൽ എല്ലാ കഥാപാത്രങ്ങളെയും ചിത്രം പരിചയപ്പെടുത്തുന്നു. ബിസിനസ് മതിയാക്കി നാട്ടിലേക്ക് ഷിഫ്റ്റു ചെയ്യുന്ന നന്ദനും (വിജയ്ബാബു) കുടുംബവും റോഡ് മാർഗം യാത്ര ചെയ്യുമ്പോൾ അനുഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ഓവർടേക്കിനെ ചൂട് പിടിപ്പിക്കുന്നത്.
ചിത്രത്തിൽ വില്ലൻ രൂപത്തിൽ ട്രക്ക് കയറിവരുമ്പോൾ ഉണ്ടാകുന്ന ടെൻഷനുകളും വാഹനങ്ങളുടെ റേസിങ്ങും സസ്പെൻസും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞുവെന്നതാണ് ചിത്രത്തെ ത്രില്ലടിപ്പിക്കുന്നത്. മൾട്ടി ക്യാമറയിലെ ചിത്രീകരണം മികവുറ്റതായി. ട്രക്കിലെ വില്ലനാര് എന്ന ചോദ്യത്തിന് ചിത്രത്തിലെ കഥാപാത്രങ്ങൾ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന പോലെ തന്നെ ശ്രമങ്ങൾ പ്രേക്ഷക മനസ്സിലും ഉണ്ടാകുന്നു. ബെല്ലാരി. തിരുനെൽവേലി, ബാംഗ്ലൂർ, കേരളം എന്നീ സ്ഥലങ്ങളിലാണ് ഓവർടേക്ക് എന്ന ത്രില്ലർ ചിത്രീകരിച്ചിരിക്കുന്നത്. ആളൊഴിഞ്ഞ റോഡും പൊടി പിടിച്ച അന്തരീക്ഷവും ചിത്രത്തിലെ നായക കഥാപാത്രങ്ങളുടെ ഒറ്റപ്പെടലിന്റെ ഫീലിങ് ഉണ്ടാക്കാൻ കൂടുതൽ ഉചിതമായി.
ചടുല ദൃശ്യങ്ങൾ കൊണ്ടും ശബ്ദം കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ട്രക്കിലെ വില്ലനെ കണ്ടെത്തൽ തന്നെയാണ് ചിത്രത്തെ സസ്പെൻസ് ത്രില്ലറാക്കുന്നത്. വിജയ് ബാബുവിന് പുറമേ പാർവതി നായർ, ദീപക് പറമ്പോൽ, നിയാസ്, അഞ്ജലി നായർ, കൃഷ്ണ, അജയ് നടരാജൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജോസിന്റെ കഥയ്ക്ക് അനിൽ കുഞ്ഞപ്പനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ദിനേശ് നീലകണ്ഠൻ സംഭാഷണം തയാറാക്കിയ ചിത്രത്തിലെ മുഖ്യ ആകർഷണമായ ആക്ഷൻ രംഗങ്ങൾ ജോളി മാസ്റ്ററാണ് ഒരുക്കിയത്. പുറത്തുനിന്നുള്ള നിരവധി ടെക്നീഷ്യന്മാരെയും എക്സ്പേർട്ടുകളെയും എത്തിച്ചാണ് ചിത്രം പൂർത്തിയാക്കിയത്.
സൺഡേ ഹോളിഡേയ്ക്ക് ശേഷം മാക്ടാ പിക്ച്ചേഴ്സ് പ്രദർശനത്തിന് എത്തിക്കുന്ന ചിത്രം കൂടിയാണിത്. റോണി റാഫേലിന്റേതാണ് സംഗീതം. പശ്ചാത്തലസംഗീതം സന്ദു കർത്ത. ചിത്രത്തിന്റെ മികച്ച എഡിറ്റിങ് ജോണിന്റേതാണ്. ബേബി ലയ ജോൺ, വിജയ് ബാബു, പാർവതി നായർ ജോഡികളുടെ മകളായി എത്തുന്നു. നെൽസൺ, കോട്ടയം പ്രദീപ് എന്നിവർ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോഡ് മൂവി പോലെ ഒരു ത്രില്ലർ സിനിമ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഓവർ ടേക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.