അതിജീവനമാണ്, ആവേശമാണ്, പ്രേക്ഷകന്റെ കണ്ണും മനസ്സും നിറയ്ക്കുന്ന നവ്യചലച്ചിത്രാനുഭവമാണ് ആദി. അതെ മലയാളികൾ കാത്തിരുന്ന ആ ചിത്രം മികച്ചതാണ്. അമിതപ്രതീക്ഷകളുമായെത്തുന്ന ചിത്രങ്ങൾ പലപ്പോഴും തീയറ്ററിൽ നിരാശപ്പെടുത്തുമ്പോൾ ആദി അതിനൊരു അപവാദമായി മാറുകയാണ്. ‘രാജാവിന്റെ മകൻ’ ആ പെരുമയ്ക്കൊത്തവണ്ണം തന്റെ വരവറിയിച്ചു കഴിഞ്ഞു.
മോഹൻ വർമയുടെയും റോസക്കുട്ടിയുടെയും ഏക മകനാണ് ആദി എന്ന ആദിത്യ വർമ. സംഗീത സംവിധായകനാകണമെന്നതാണ് ആദിയുടെ സ്വപ്നം. തന്റെ ലക്ഷ്യം പിന്തുടർന്നെത്തുന്ന ആദി ബെംഗളൂരുവില്‍ എത്തുകയും വലിയൊരു ആപത്തിൽ ചെന്നു ചാടുകയും ചെയ്യുന്നു. തുടർന്നുള്ള ആദിയുടെ അതിജീവനത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
പതിഞ്ഞ താളത്തിൽ തുടങ്ങി കൊട്ടിക്കയറി ആവേശക്കൊടുമുടിയിൽ കൊട്ടിക്കലാശത്തോടെ അവസാനിക്കുന്ന മേളം പോലെയാണ് ആദിയും. ദൃശ്യം പോലെ പതിയെ തുടങ്ങി വേഗത കൈവരിച്ച് ഒടുവിൽ മികച്ച ക്ലൈമാക്സിൽ അവസാനിക്കുന്ന ചിത്രം പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമാകുമെന്നുറപ്പ്.
പ്രണവ് മോഹൻലാലിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ കരുത്ത്. ആദി എന്ന കഥാപാത്രത്തെ സത്യസന്ധതയോടെ അവതരിപ്പിക്കാൻ പ്രണവിനായി എന്നതാണ് പ്രധാനപ്പെട്ട കാര്യം. ചിത്രത്തിനായി പ്രണവ് എടുത്ത കഠിനാധ്വാനവും അർപ്പണബോധവും പറയാതെ വയ്യ. പാർക്കൗർ രംഗങ്ങളിൽ ഡ്യൂപ്പിന്റെ സഹായമില്ലാതെ അതിഗംഭീരമായ ആക്‌ഷൻ പ്രകടനമാണ് പ്രണവ് കാഴ്ച വച്ചത്. അസാധ്യമായ മെയ്‌വഴക്കത്തോടെയാണ് പാര്‍ക്കൗര്‍ പ്രകടനങ്ങള്‍ പ്രണവ് കാഴ്ച വച്ചിരിക്കുന്നത്.
ആദിയുടെ മാതാപിതാക്കളായി എത്തിയ ലെനയും സിദ്ദീഖും പക്വതയാർന്ന പ്രകടനം കാഴ്ചവെച്ചു. ജഗപതി ബാബു, ഷറഫുദ്ദീന്‍, മേഘനാഥന്‍, അദിതി രവി, അനുശ്രീ, കിച്ചു, സിജോയ് വർഗീസ്, ടോണി ലൂക് എന്നിവരാണ് മറ്റുതാരങ്ങൾ. സിജു വിൽസന്റെ വേറിട്ട വേഷവും നീതി പുലർത്തി. ജീത്തു ജോസഫ് കഥയും തിരക്കഥയും രചിച്ച സിനിമ ഒരു ഡ്രാമ ത്രില്ലറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രേക്ഷകൻ ഒരിക്കലും പ്രതീക്ഷിക്കാത്ത അവസാന ഇരുപത് മിനിറ്റ് സിനിമയെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നു. അനിൽ ജോൺസന്റെ പശ്ചാത്തല സംഗീതവും അയൂബ് ഖാന്റെ ചിത്രസംയോജനവും സിനിമയുടെ മുതൽക്കൂട്ടാണ്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും സിനിമയുടെ മാറ്റു കൂട്ടുന്നു.
സിനിമയുടെ ടെക്നിക്കൽ വിഭാഗം അത്യധികം മികവു പുലർത്തി. ആക്‌ഷൻ രംഗങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചെന്നു മാത്രമല്ല മലയാളികൾ ഇന്നു വരെ കാണാത്ത സിനിമാ അനുഭവം സമ്മാനിക്കാൻ ആദിക്കായി. പ്രണവ് എന്ന പുതുമുഖ നടന്റെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കി ആദി എന്ന കഥാപാത്രത്തെ ഒരുക്കിയ ജീത്തു ജോസഫ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ഒരു പുതുമുഖ നടന് കിട്ടാവുന്ന ഏറ്റവും മികച്ച ചിത്രമാണ് ആദി. അതു പോലെ തന്നെ ഒരു പുതുമുഖ നടനിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും മികവുള്ള സിനിമയുമാണ് ഇത്. ഒപ്പം മോഹൻലാലിനെ പോലൊരു സൂപ്പർ താരത്തിന്റെ മകനിൽ നിന്ന് പ്രേക്ഷകർ ആഗ്രഹിക്കാവുന്നതിന്റെ പരമാവധിയുമാണ് ആദി. അതെ ആദി ഒരു ഗംഭീര സിനിമയാണ്. മലയാള സിനിമയിലെ ഒരു പുതുയുഗത്തിന്റെ പിറവിയാണ്.