ആഡംബര ജീവിതത്തിനായി ലഹരിയും മോഷണവും കള്ളക്കടത്തും പോലുള്ള ഊരാക്കുടുക്കുകളിൽ ചെന്നുപെടുന്ന ചെറുപ്പക്കാർ ഏറെയുണ്ട് ഇന്ന് കേരളത്തിൽ. പുതുതലമുറയിലെ കുട്ടികളുടെ കൂട്ടുകെട്ടുകളും, സമപ്രായക്കാരുടെ സമ്മർദവും പ്രായത്തിന്റെ എടുത്തുചാട്ടവും മൂലം അവർ ഒപ്പിക്കുന്ന പുകിലുകളും, അതിലൂടെ മാതാപിതാക്കൾക്കുണ്ടാകുന്ന തലവേദനയും ഒരു സാമൂഹിക പ്രശ്നമായി മാറുന്ന സാഹചര്യത്തിലാണ് കളി എന്ന ചിത്രം കഥ പറയുന്നത്.
ഉറുമി, ഇന്ത്യൻ റുപ്പീ, ഗ്രേറ്റ് ഫാദർ പോലെയുള്ള ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് നൽകിയ ആഗസ്റ്റ് സിനിമ താരതമ്യേന പുതുമുഖങ്ങളെ വച്ച് ചെറിയ ബജറ്റിൽ എടുക്കുന്ന ചിത്രം എന്നതാണ് കളിയുടെ ഹൈലൈറ്റ്. അപൂർവരാഗം, ഷെർലക് ടോംസ് തുടങ്ങിയ ചിത്രങ്ങൾക്ക് സഹരചന നിർവഹിച്ച നജീം കോയ കളിയിലൂടെ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുകയാണ്.
സമീർ, ബിജോയ്, അനീഷ്, ഷാനു, അബു എന്നിവർ കൊച്ചിയിലെ ന്യൂജെൻ ചങ്ക്‌സാണ്. ഇടത്തരം സാമ്പത്തിക ചുറ്റുപാടുകളിൽ നിന്നുള്ളവർ. കാശുള്ള വീട്ടിലെ പയ്യന്മാരെപ്പോലെ ചെത്തിനടക്കാൻ കൊതിക്കുന്നവർ. കൊച്ചിയിലെ മാളുകൾ കറങ്ങി നടന്നു ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂസുകളുമൊക്കെ നൈസായി അടിച്ചുമാറ്റി പെൺകുട്ടികളുടെ മുൻപിൽ ഷോ കാണിക്കുന്നവർ... ഈ ആഡംബര ഭ്രമം അവരെ കൊച്ചിയിലെ ഒരു വില്ലയിൽ മോഷണത്തിന് കയറാൻ പ്രേരിപ്പിക്കുന്നു. തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്.
ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഷെബിൻ ബെൻസൺ ചിത്രത്തിൽ ന്യൂജെൻ സംഘത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിദ്യ വിജയ്, ഐശ്വര്യ സുരേഷ് എന്നിവരാണ് നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോജു ജോർജ്, ഷമ്മി തിലകൻ, ബാബുരാജ് തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുൽ രാജ് പശ്ചാത്തല സംഗീതം ഒരുക്കുന്നു. ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തുന്നു. പുതിയ കാലത്തെ കൊച്ചിയെ ദൃശ്യവത്കരിക്കുന്ന ഫ്രയിമുകൾ മികവുകാട്ടുന്നുണ്ട്.
ആദ്യ പകുതിയിൽ ന്യൂജെൻ യുവത്വത്തിന്റെ ആഘോഷങ്ങളും പ്രണയവുമായി മുന്നേറുന്ന ചിത്രം രണ്ടാംപകുതിയിൽ ത്രില്ലർ സ്വഭാവത്തിലേക്ക് ട്രാക്ക് മാറ്റുന്നു. ആദ്യ പകുതിയിൽ ന്യൂജെൻ യുവാക്കൾ നിറഞ്ഞുനിൽക്കുമ്പോൾ രണ്ടാം പകുതിയിൽ സീനിയർ താരങ്ങൾ കളം നിറയുന്നു. ചിത്രം കൂടുതൽ കാഴ്ചക്ഷമമാകുന്നതും രണ്ടാംപകുതിയിലാണ്.
തിലകൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി ജോജു ജോർജ് എത്തുന്നു. രണ്ടാം പകുതിയിൽ കഥ മുന്നേറുന്നത് നെഗറ്റീവ് ഷേഡുള്ള ഈ പോലീസ് കഥാപാത്രത്തിലൂടെയാണ്. കുടില ബുദ്ധിക്കാരനായ പൊലീസുകാരന്റെ മാനറിസങ്ങൾ കയ്യടക്കത്തോടെ ജോജു അഭിനയിച്ച് ഫലിപ്പിക്കുന്നുണ്ട്. മൂത്തേടൻ എന്ന കഥാപാത്രമായി ഷമ്മി തിലകനും ശ്രദ്ധ നേടുന്നു. കഥാഗതിയെ സജീവമാക്കി നിലനിർത്താൻ ചെറിയ ട്വിസ്റ്റുകളും രണ്ടാം പകുതിയിൽ കൊണ്ടുവന്നിട്ടുണ്ട്. ആദ്യ പകുതിയിലെ ചില സംഭാഷണങ്ങൾ പ്രേക്ഷകന്റെ കാഴ്ചയ്ക്ക് കല്ലുകടിയാകുന്നുമുണ്ട്.
ചിത്രം നേരിട്ടുള്ള ഒരു സാരോപദേശത്തിനു മുതിരുന്നില്ലെങ്കിലും കാലിക പ്രസക്തമായ ഒരു വിഷയത്തെ അഭിസംബോധന ചെയ്തത് ശ്ലാഘനീയമാണ്. പുതിയ കാലത്തെയും പുതുമുഖങ്ങളെയും അഭിസംബോധന ചെയ്യുന്ന ചെറിയ ചിത്രങ്ങൾ മലയാളത്തിൽ പ്രേക്ഷകപ്രീതി നേടി വരുന്നത് ശുഭസൂചനയായി കാണാം. ചുരുക്കത്തിൽ അമിത പ്രതീക്ഷകളില്ലാതെ ടിക്കറ്റ് എടുത്താൽ ചിത്രം തൃപ്തികരമായ കാഴ്ചയായിരിക്കും.