എല്ലാ മനുഷ്യരും േനർരേഖയിലൂടെ മാത്രം സഞ്ചരിക്കുന്നവരല്ല എന്നതാണ് സത്യം. ചില സാഹചര്യങ്ങളാണ് അവനിലെ ദൈവത്തെയും ചെകുത്താനെയും പുറത്തു കൊണ്ടുവരുന്നത്.
ഊട്ടിയിൽ പഠിക്കുന്ന ശ്രുതി ഒരു പ്രത്യേക സാഹചര്യത്തിൽ നാട്ടിൽ എത്താനാകാതെ വിഷമിച്ചു നിൽക്കുമ്പോൾ അച്ഛന്റെ സുഹൃത്തായ കൃഷ്ണകുമാറിനെ കണ്ടുമുട്ടുന്നു. അയാളും നാട്ടിലേക്കാണ്. ഇരുവരും ഊട്ടിയിൽനിന്നു കോഴിക്കോട്ടേക്ക് ഒരുമിച്ചു യാത്ര തുടങ്ങുന്നു. പക്ഷേ ആ യാത്ര വലിയ പ്രശ്നങ്ങൾക്കു തുടക്കമാകുന്നു.
ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ മുതൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കൃഷ്ണകുമാർ എന്ന അൽപം ദുരൂഹതയുള്ള കഥാപാത്രം സംശയത്തിന്റെ നിഴലിലായിരുന്നു. ആ സംശയം സത്യമാണോ അല്ലയോ എന്ന് തിരിച്ചറിയുന്നിടത്താണ് അങ്കിൾ അവസാനിക്കുന്നത്.
ഏറെ നിരൂപകപ്രശംസ നേടിയ ഷട്ടർ എന്ന ചിത്രം ഇറങ്ങി ആറു വർഷങ്ങൾക്കു ശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും അങ്കിളിനുണ്ട്. ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ എന്നതാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ. യാത്രയ്ക്കിടയിൽ ശ്രുതിയും കെകെയും തമ്മിൽ രൂപപ്പെടുന്ന അടുപ്പവും അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ പ്രമേയം.
ലൈറ്റ് ത്രില്ലർ ഫോർമാറ്റിലാണ് ചിത്രം കഥ പറയുന്നത്. കേരളത്തിൽ അടുത്തിടെ പത്രവാർത്തകളിൽ സ്ഥിരം ഹാജർ വയ്ക്കുന്ന ഒരു സാമൂഹിക പ്രശ്നം ചിത്രം ചർച്ച ചെയ്യുന്നുണ്ട്. തുടക്കം മുതൽ പ്രേക്ഷകന്റെ മനസ്സിൽ സംശയത്തിന്റെ വിത്തിടാൻ സംവിധായകനും തിരക്കഥാകൃത്തിനും കഴിയുന്നുണ്ട്.
ദുൽഖർ ചിത്രമായ ‘സിഐഎ’യിലൂടെ മലയാളത്തിലെത്തിയ കാര്‍ത്തിക മുരളീധരനാണ് അങ്കിളിലെ നായിക. മുത്തുമണി, ജോയ് മാത്യു, കെപിഎസി ലളിത, കൈലാഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ഗിരീഷ് ദാമോദറാണ് സംവിധായകൻ. ഛായാഗ്രഹണം അളഗപ്പന്‍. ബിജിബാല്‍ സംഗീതം. ജോയ് മാത്യുവും സജയ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
പ്രായഭേദമെന്യയുള്ള ആൺ പെൺ സൗഹൃദങ്ങൾ, ലൈംഗികമായി അടിച്ചമർത്തപ്പെട്ട ഒരു ജനത, സദാചാര ഗുണ്ടായിസം, അന്യം നിന്നുപോകുന്ന അയൽപക്ക ബന്ധങ്ങൾ എന്നിവയെല്ലാം ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഒരു പെൺകുട്ടി അച്ഛന്റെ സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുമ്പോൾ അവൾക്കറിയില്ല അയാൾ എത്തരക്കാരനാണെന്ന്, പക്ഷേ അവളുടെ പിതാവിന് അയാളെ കുറിച്ച് പല രഹസ്യങ്ങളും അറിയാമായിരിക്കും. ഈയൊരു അറിവ് നൽകുന്ന ആന്തരിക സംഘർഷം പ്രേക്ഷകരിലും അനുഭവപ്പെടും.
നിഗൂഢതയുടെ പരിവേഷമുള്ള കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി ഭദ്രമാക്കിയിട്ടുണ്ട്. താരപരിവേഷമുള്ള മമ്മൂട്ടിയല്ല ചിത്രത്തിൽ. അതുകൊണ്ട് പഞ്ച് ഡയലോഗും ആക്‌ഷനും പ്രതീക്ഷിക്കുന്ന ആരാധകർക്കുള്ളതല്ല ചിത്രം. എന്നാൽ ചില നോട്ടങ്ങളിൽക്കൂടി വിനിമയം ചെയ്യുന്ന സൂക്ഷ്മാഭിനയത്തിന്റെ മാന്ത്രികത മമ്മൂട്ടിയുടെ കയ്യിൽ ഭദ്രമാണെന്ന് ചിത്രം അടിവരയിടുന്നുമുണ്ട്.
ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടി ഗായകൻ എന്ന നിലയിലും ചിത്രത്തിൽ കയ്യടി നേടുന്നു. ‘എന്താ ജോൺസാ കള്ളില്ലേ...’ എന്ന ഗാനം മമ്മൂട്ടി ആസ്വദിച്ചു പാടിയിട്ടുണ്ട്. പ്രായപൂർത്തിയായ മക്കളുള്ള പിതാവിന്റെ വിഹ്വലതകളും സംഘർഷവും ജോയ് മാത്യു ഭംഗിയായി അവതരിപ്പിക്കുന്നു. പുതിയ കാലത്തിന്റെ പ്രതിനിധിയായ പെൺകുട്ടിയെ കാർത്തിക ഭദ്രമായി അവതരിപ്പിച്ചിട്ടുണ്ട്. മുത്തുമണിയുടെ അഭിനയം ശ്രദ്ധേയമാണ്. ചില സന്ദർഭങ്ങളിൽ നായകനെ ഹൈജാക്ക് ചെയ്യുന്ന പ്രകടനം അവർ കാഴ്ച വയ്ക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം മികച്ചു നിൽക്കുന്നു. ഊട്ടി മുതൽ വയനാട് വരെയുള്ള പ്രദേശത്തിന്റെ വന്യസൗന്ദര്യം ആവോളം ക്യാമറയിലേക്ക് ആവാഹിച്ചെടുത്തിട്ടുണ്ട്. ബിജിബാലിന്റെ സംഗീതവും നിലവാരം പുലർത്തുന്നു.
സ്ത്രീസുരക്ഷ വലിയ ചർച്ചാവിഷയമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അന്യസംസ്ഥാനത്ത് പഠിക്കാൻ പോകുന്ന നിരവധി പെൺകുട്ടികൾ നമ്മുടെ നാട്ടിലുണ്ട്. അവരുടെ സുരക്ഷയെക്കുറിച്ചോർത്ത് വീട്ടിൽ ആധിയോടെ ജീവിക്കുന്ന മാതാപിതാക്കളും. അച്ഛനുറങ്ങാത്ത നിരവധി വീടുകൾ നമ്മുടെ കേരളത്തിലുണ്ട്. പ്രായഭേദമെന്യയുള്ള ആൺ-പെൺസൗഹൃദങ്ങൾക്ക് കുറച്ചു കൂടി വ്യക്തതയും മാറ്റവും കേരളത്തിൽ വരാനുണ്ട് എന്ന ആനുകാലിക പ്രസക്തമായ സന്ദേശം പറഞ്ഞുവച്ചതിന് അങ്കിൾ എന്ന സിനിമയ്ക്കു കയ്യടിക്കാം. മുൻവിധികൾ ഇല്ലാതെ കണ്ടാൽ ചിത്രം തൃപ്തികരമായ കാഴ്ച ആയിരിക്കും എന്നുതീർച്ച.