ചങ്കാണ് ഈ സൗഹൃദം; നാം റിവ്യു

naam-review

കരുത്തുള്ളവന് കൈകൊടുക്കുന്നതല്ല, തളർന്നവനെ കൈപിടിച്ചുയർത്തുന്നതാണ് യഥാർഥ സൗഹൃദം...

മതവും ജാതിയും രാഷ്ട്രീയവും പറഞ്ഞു മനുഷ്യരെ ഭിന്നിച്ചു ഭരിക്കുന്ന ഒരു കാലത്ത് വർഗീയ ചിന്തകൾ കൊണ്ട് മലീമസമാകാത്ത കുറച്ചിടങ്ങൾ മാത്രമേ നമ്മുടെ നാട്ടിലുള്ളൂ. അത് കലാലയങ്ങളാണ്. രാഷ്ട്രീയപരമായ ആശയവ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ പോലും ഓണവും ക്രിസ്മസും റംസാനും ഓരോ ക്യാപസും ഒറ്റക്കെട്ടായി കൊണ്ടാടുന്നു. 

ക്യാംപസ് ചിത്രങ്ങൾ മാറുന്ന കാലത്തിന്റെ ദിശാസൂചികൾ കൂടിയാണ്. തലമുറമാറ്റം ഏറ്റവും ആദ്യം പ്രകടമാകുന്നത് കാലാകാലങ്ങളായി ഇറങ്ങുന്ന ക്യാംപസ് ചിത്രങ്ങളിലായിരിക്കും. ഓരോ കാലത്തെയും യുവത്വത്തിന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും സ്വപ്നങ്ങളും അത്തരം സിനിമകളിൽ പ്രതിഫലിക്കുന്നു.

ജെ.ടി.പി ഫിലിംസിന്റെ ബാനറിൽ ജോഷി തോമസ് പള്ളിക്കൽ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് നാം. ക്യാംപസ് പശ്ചാത്തലത്തിൽ കഥപറയുന്ന സിനിമ താരനിര കൊണ്ട് സമ്പന്നമാണ്. മുഴുനീള ക്യാംപസ് ചിത്രമായിട്ടുകൂടി പതിവ് ക്യാംപസ് പ്രണയങ്ങളും മരംചുറ്റി പ്രേമവും മാറ്റിനിർത്തുന്നിടത്താണ് 'നാം' വ്യത്യസ്തമാകുന്നത്. പുതുതലമുറയിലെ യുവതാരനിരയ്‌ക്കൊപ്പം സീനിയർ താരങ്ങളും, അതിഥിവേഷത്തിൽ ശ്രദ്ധേയരായ താരങ്ങളും അണിനിരക്കുന്ന ചിത്രം മികച്ച ഒരു എന്റർടെയിനറാണ്.

രാഹുല്‍ മാധവ്, ശബരീഷ് വര്‍മ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, സൈജു കുറുപ്പ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്പി ആന്റണി, അഭിഷേക്, മറീന മിഷേല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇവരെ കൂടാതെ ഗൗതം വാസുദേവ മേനോൻ, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ അതിഥിവേഷത്തിൽ എത്തുന്നു.

ഒരു കോളജ് കാലമാണ് ചിത്രത്തിന്റെ പശ്‌ചാത്തലം. സമൂഹത്തിന്റെ പല തുറകളിൽ നിന്നായി എത്തിച്ചേരുന്ന ഒരുപറ്റം വിദ്യാർഥികൾ, അവർക്കിടയിൽ ഉണ്ടാകുന്ന സംഘർഷങ്ങൾ, പിന്നീട് അവർക്കിടയിൽ രൂപപ്പെടുന്ന സൗഹൃദത്തിന്റെ കണ്ണികൾ ഇതിലൂടെയൊക്കെയാണ് കഥയുടെ ആദ്യപകുതി വികസിക്കുന്നത്.

ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടെങ്കിലും കാലാന്തരത്തിൽ ക്യാംപസിനും ക്‌ളാസ് മുറിക്കും അകത്ത് തളച്ചിടപ്പെടാത്ത സൗഹൃദം എല്ലാവർക്കുമിടയിൽ രൂപപ്പെടുന്നു. കാര്യങ്ങൾ അങ്ങനെ സുഗമമായി പോകുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു ദുരന്തം എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്നു. 

രണ്ടാം പകുതിയിൽ ഒരു പൊതുതാൽപര്യത്തിനായി അവരെല്ലാം ഒരുമിക്കുന്നതും അതിനുവേണ്ടി നടത്തുന്ന പരിശ്രമങ്ങളിലൂടെയുമാണ് പിന്നീട് ചിത്രം വികസിക്കുന്നത്. ആ യാത്രയിൽ അവർ വിജയിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിനുള്ള ഉത്തരം അവസാനം പ്രേക്ഷകൻ സ്വയം കണ്ടെത്തുന്നു.

യുവതാരങ്ങൾ എല്ലാം തങ്ങളുടെ കോളജ് കാലം വീണ്ടും ജീവിക്കുന്നത് പോലെ ആസ്വദിച്ചു അഭിനയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവർ തമ്മിലുള്ള സൗഹൃദത്തിന്റെ രസതന്ത്രം അതിഭാവുകത്വമില്ലാതെയുള്ള കാഴ്ചാനുഭവം നൽകുന്നു. മിക്ക താരങ്ങൾക്കും ഒരേ സ്‌ക്രീൻ സ്‌പേസ് നൽകിയതും ശ്രദ്ധേയമാണ്. തമ്പി ആന്റണിയും രഞ്ജി പണിക്കരും ക്യാംപസിലെ വാർഡന്മാരായ അച്ചന്മാരുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. 

ചിത്രത്തിന് മികച്ച ഒരു തുടക്കം നൽകുന്നതിൽ ടൊവിനോയുടെ എൻട്രി നൽകുന്ന ഊർജം ചെറുതല്ല. കഥാഗതിയിലെ നിർണായക നിമിഷങ്ങളിൽ വിനീത് ശ്രീനിവാസനും ഗൗതം മേനോനും എത്തുന്നു. അവസാന രംഗങ്ങളിൽ ഒരു സസ്പെൻസ് എലമെന്റ് എന്നപോലെ ഇന്ത്യൻ സിനിമയിലെ ഒരു ഇതിഹാസത്തിന്റെ 'അദൃശ്യ' സാന്നിധ്യവും പ്രതീക്ഷകൾ വർധിപ്പിക്കുന്നു.

സാങ്കേതികപരമായി എടുത്തു പറയേണ്ടത് മെയ്ക്കിങ്ങിലെ മികവുതന്നെയാണ്. സൗഹൃദത്തിന്റെ ആഘോഷങ്ങൾക്കും യാത്രകൾക്കും പിന്തുണ നൽകുന്ന മികച്ച ഛായാഗ്രഹണം, മികച്ച പശ്‌ചാത്തല സംഗീതം, ഗാനങ്ങൾ, നരേഷൻ ശൈലിയിലുള്ള പ്രതിപാദനം എന്നിവ ചിത്രത്തിന്റെ ആസ്വാദന ക്ഷമതയുടെ ഗ്രാഫ് ഉയർത്തുന്നു.

പ്രേമത്തിലെ ഗാനങ്ങൾ കൊണ്ട് തരംഗം തീർത്ത ശബരീഷ് വർമ്മയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. അശ്വിനും സന്ദീപും ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങൾ പുതുതലമുറയുടെ അഭിരുചികളോട് യോജിക്കുന്നവയാണ്.

സൗഹൃദവും ആഘോഷക്കാഴ്ചകളും മാത്രമാക്കാതെ ആനുകാലിക പ്രസക്തമായ ഒരു സാമൂഹിക വിപത്തിനെതിരെ നല്ലൊരു സന്ദേശവും ബോധവത്കരണവും നൽകിക്കൊണ്ടാണ് ചിത്രം പര്യവസാനിക്കുന്നത്. കുറച്ച് മനുഷ്യരുടെ യഥാർഥ ജീവിത കഥകളിൽ നിന്നും ചീന്തിയെടുത്ത ഒരേടാണ് ചിത്രത്തിന്റെ കാമ്പ് എന്ന് ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകൻ തിരിച്ചറിയുന്നു.