ഇതു വരെ കണ്ടിട്ടുള്ള ഒന്നല്ല ഇബ്‌ലിസ്. അത് തന്നെയാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ഘടകവും. മലയാളസിനിമ മറ്റു ഭാഷകളിലുള്ള സിനിമകളെ അപേക്ഷിച്ച് എത്രത്തോളം വ്യത്യസ്തമായി ചിന്തിക്കുന്നു അതിനെ ദൃശ്യഭാഷയിലാക്കുന്നു എന്നതിന്റെ തെളിവാണ് ഈ സിനിമ. ഇതു ഇബ്‌ലിസ് അല്ല ശരിക്കും ഒരു ജിന്ന് തന്നെയാണ്...
വൈശാഖന്റെയും ഫിദയുടെയും ലോകത്തേയ്ക്കാണ് ഇബ്‌ലിസ് നമ്മെ കൂട്ടിക്കൊണ്ട് പോകുക. ഒരു സാങ്കൽപിക ഗ്രാമം. പുറംലോകവുമായി ബന്ധമൊന്നുമില്ലാത്ത ആ നാടിന് ഒരു ശാപമുണ്ട്. അകാലമരണം. എപ്പോഴാണ് അവിടെയുള്ള ആളുകൾ മരിച്ചുപോകുന്നതെന്ന് പ്രവചിക്കാൻ കഴിയില്ല. ചിലപ്പോള്‍ നിന്നനിൽപിൽ ആള് കാലിയാകും.
അതുകൊണ്ട് എന്താ മരണമെന്ന് കേൾക്കുന്നത് ഇവിടുത്തുകാർക്ക് നിത്യസംഭവമാണ്. പാട്ടും മേളവുമൊക്കെയായി ചെറിയൊരു ആഘോഷം. എന്നാൽ മരണ ശേഷം എന്തായിരിക്കും ഇവരുടെ അവസ്ഥ. ആ ലോകത്ത് നമ്മൾ ഒറ്റയ്ക്കായിരിക്കുമോ? ജീവിച്ചിരിക്കുന്നവർക്ക് നമ്മളോട് മിണ്ടാൻ കഴിയുമോ? അതെ, ഇബിലീസ് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത് മരണത്തിന്റെ മായാലോകത്തേയ്ക്കാണ്. ഒരുപക്ഷേ സ്വർഗത്തേക്കാൾ സുന്ദരമായ ലോകത്തേയ്ക്ക്.
മരണവീട്ടിൽ കോളാമ്പിയുമായി എത്തി പാട്ടുവെയ്ക്കുന്ന പണിയാണ് വൈശാഖന്. നാട്ടിലെ മധുരപലഹാരങ്ങൾ ഉണ്ടാക്കുന്ന ബീവിയുടെ മകൾ ഫിദയോട് പ്രണയമാണ് വൈശാഖന്. നേരിട്ട് പറയാൻ ശ്രമിക്കാറുണ്ടെങ്കിലും നിഷ്കളങ്കത കാരണം അവന് അത് കഴിയാറില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് വല്ലാത്തൊരു ട്വിസ്റ്റ് അവന്റെ ജീവിതത്തിൽ സംഭവിക്കുന്നത്.
പിന്നീട് നമ്മൾ കാണുന്നതൊക്കെ ഒരു മാജിക് ആണ്. വ്യത്യസ്ത ആഗ്രഹിക്കുന്ന പ്രേക്ഷകന് ഇബിലീസ് പുതിയൊരു അനുഭവമാണ്. സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങൾ, ഒഴുകിയെത്തുന്ന സംഗീതം, ശരീര ചലനങ്ങൾ പോലെ കൂടെ നീങ്ങുന്ന ക്യാമറ, കൃത്യതയാർന്ന എഡിറ്റിങ്, സൂക്ഷമമായ മേക്കിങ് ശൈലി, മികച്ച കലാസംവിധാനം. (അഭിനേതാക്കളുടെ വസ്ത്രധാരണത്തിൽപോലും ആ മികവ് പ്രകടം) ഇതൊക്കെയാണ് ഇബ്‍ലിസ്.
‘ജീവിച്ചിരിക്കുന്നവരൊക്കെ മണ്ടന്മാരാ, അതോണ്ടാ അവരൊക്കെ നമ്മളെ വെള്ളേം വെള്ളേം ഇട്ട് കാണുന്നേ’....ശ്രീധരന്റെ ഈ സംഭാഷണത്തിന് പിന്നിൽ ഒരുപാട് അര്‍ഥങ്ങൾ ഉണ്ട്. അങ്ങനെ നമുക്ക് അറിയാത്ത ചിന്തകളും കാഴ്ചകളുമൊക്കെ ഇബ്‌ലിസിലൂടെ കാണാം. രോഹിത്തിന്റെ ഫാന്റസി കഥയ്ക്ക് സമീർ അബ്ദുളിന്റെ തിരക്കഥ കൂടി ചേരുമ്പോൾ ഇബ്‌ലിസ് മനോഹരമാകുന്നു.
അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടൻ എന്ന പരീക്ഷണ ചിത്രത്തിന് ശേഷം അതിലും മനോഹരവും വ്യത്യസ്തവുമായ സിനിമയുമായാണ് രോഹിത് എത്തിയത്. രോഹിത്തിന്റെ പ്രതിഭ വിളിച്ചോതുന്ന ചിത്രം കൂടിയാണ് ഇബ്‌ലിസ്. ഓരോ ഫ്രെയിമുകളിലും പുതുമകൊണ്ടുവരാൻ രോഹിത്ത് ശ്രമിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേയ്ക്കാണ് സംവിധായകൻ എത്തിക്കുന്നത്.
ഓരോ കഥാപാത്രങ്ങളിലൂടെയും ആസിഫ് അലി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. നുഹുക്കണ്ണ് എന്ന കഥാപാത്രത്തിന് ശേഷം ആസിഫിന്റെ മറ്റൊരു ഗംഭീര പ്രകടനമാണ് ഇബിലീസിലേത്. വൈശാഖൻ എന്ന നിഷ്കളങ്കനായി ആസിഫ് ജീവിച്ചുവെന്ന് പറയാം.
സർക്കീട്ട് മുത്തച്ഛനായ ശ്രീധരനായി ലാലും മികച്ചു നിന്നു. സിദ്ദിഖ് ആണ് കയ്യടി നേടുന്ന മറ്റൊരു താരം. സംഭാഷണശൈലിയിലും നർമം കലർത്തിയ അഭിനയരീതിയിലും സിദ്ദിഖ് പ്രേക്ഷകരെ ചിരിപ്പിക്കും. ഫിദയായി മഡോണ കൂടുതൽ സുന്ദരിയായിരുന്നു. സൈജു കുറുപ്പ്, ആദിഷ്, ശ്രീനാഥ് ഭാസി, പോളി, ശിവകുമാർ, കൈനകിരി തങ്കരാജ് എന്നിവരാണ് മറ്റുതാരങ്ങൾ.
ഒരു സാധാരണ സിനിമയല്ല ഇബ്‌ലിസ്. എല്ലാം കൊണ്ടും അസാധാരണമായ ഒരു അനുഭവം. സങ്കല്പികമായ ലോകം, കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ അങ്ങനെ സാമ്പ്രദായിക സിനിമയെ പൊളിച്ചെഴുതാനുള്ള ഒരു ശ്രമമാണ് ഈ ചിത്രം. സിനിമകൾ അവർത്തനങ്ങളാണ് കണ്ടു മടുത്ത പ്രമേയങ്ങളാണ്, പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ് എന്നൊക്കെ വിലപിക്കുന്ന ആളുകൾ ഇബ്‌ലിസ് എന്ന ഈ വ്യത്യസ്ത ശ്രമം കണ്ടിരിക്കേണ്ടതാണ്.