'ചിരി ഗുണ്ടകളുടെ' പടയോട്ടം; റിവ്യു

പടയോട്ടം എന്ന സിനിമയുടെ പേരു കേട്ടാൽ മലയാളികളുടെ മനസിലേക്ക് ഓടി വരുന്നത് മലയാളത്തിലെ ആദ്യത്തെ 70എംഎം ചിത്രമായ പഴയ പടയോട്ടമാണ്. പ്രേംനസീറും മധുവും മോഹൻലാലും മമ്മൂട്ടിയും ഒക്കെ തകർത്തഭിനയിച്ച പടയോട്ടം സിനിമയുടെ പേരു മാത്രം കടമെടുത്ത് നവാഗത സംവിധായകനായ റഫീക്ക് ഇബ്രാഹിം ഒരുക്കിയ ഫാമിലി കോമഡി എന്റർടൈയ്നറാണ് പുതിയ പടയോട്ടം. ഹാസ്യത്തിനു പ്രാധാന്യം നൽകി തിരുവനന്തപുരത്തെ ഒരു കൂട്ടം ഗുണ്ടകളുടെ യാത്രയുടെ കഥപറഞ്ഞപ്പോൾ തിയറ്ററുകളിൽ ചിരിപ്പടക്കം പൊട്ടി...

സംവിധാനം 'നവാഗതനല്ല'

റഫീക്ക് ഇബ്രാഹിം മലയാള സിനിമാപ്രേമികൾക്ക് അത്ര പരിചിതമായ പേരല്ല. പടയോട്ടം എന്ന ചിത്രത്തോടെ പരിചിതമാകുമെന്ന് ഉറപ്പ്. എന്നാൽ ഈ നവാഗത സംവിധായകന്റെ  സംവിധാനത്തിൽ നവാഗതന്റെ പരിമിതികളൊന്നും കാണാനായില്ല. സിനിമാ സംവിധാനം എന്ന തന്റെ ചിരകാല സ്വപ്നത്തിലേക്ക് റഫീക്ക് എത്തിയത് അത്ര പെട്ടെന്നല്ല. ക്യാപ്റ്റൻ, അനുരാഗ കരിക്കിൻവെള്ളം, രക്ഷാധികാരി ബൈജു ഒപ്പ് എന്നിങ്ങനെയുള്ള ചിത്രങ്ങളുടെ അണിയറയിൽ റഫീക്ക് പ്രവർത്തിച്ചിട്ടുണ്ട്. അതിന്റെ അനുഭവസമ്പത്ത് റഫീക്കിനെ പടയോട്ടത്തിന്റെ സംവിധാനത്തിന് സഹായിച്ചിട്ടുണ്ട്.

ചെങ്കൽ രഘുവും ഗുണ്ടകളും‌

കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രവുമായി എത്തുകയാണ് നടൻ ബിജുമേനോൻ. കേരളത്തിൽ അറിയപ്പെടുന്ന 'ചെങ്കൽ രഘു' എന്ന നല്ല ഗുണ്ട. അതായത് നന്മയുള്ള ഗുണ്ടയുടെ റോൾ ബിജുമേനോൻ ഗംഭീരമാക്കി. ചെങ്കൽ രഘുവിനൊപ്പം , ദിലീഷ് പോത്തൻ, ഷൈജു കുറുപ്പ്, സുധി കോപ്പ എന്നിവർ കൂടി ചേർന്നപ്പോൾ ചിത്രം കൂടുതൽ രസകരമായി. സേതു ലക്ഷ്മി, രവി സിങ്, ഹരീഷ് കണാരൻ, ഗണപതി പൊതുവാൾ, അനു സിത്താര എന്നിവർ അവരുടെ ചെറിയ റോളുകൾ മികച്ചതാക്കി.

മൂന്നു സംവിധായകർ (അഭിനേതാക്കൾ)

ലിജോ ജോസ് പെല്ലിശേരി, ദിലീഷ് പോത്തൻ, ബേസിൽ ജോസഫ് എന്നിങ്ങനെ മലയാളത്തിലെ മൂന്നു മുഖ്യ സംവിധായകർ പ്രധാന വേഷങ്ങളിലെത്തിയ സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മൂന്നു പേരും ചില പ്രത്യേകതകളുള്ള ഗുണ്ടകളായി തന്നെയാണ് എത്തുന്നത്. സിനിമയിൽ പല ട്വിസ്റ്റുകൾക്കും കാരണമാകുന്ന പ്രധാന കഥാപാത്രങ്ങളായാണ് മൂന്നുപേരും എത്തുന്നത്. 

തിരക്കഥ, സംഗീതം

ക്വട്ടേഷൻ ഏറ്റെടുത്ത് തിരുവനന്തപുരം മുതൽ കാസർക്കോട് വരെയും തിരിച്ചുമുള്ള ഗുണ്ടകളുടെ രസകരമായ യാത്രയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. അരുൺ എ. ആർ., അഭയ് രാഹുൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അശ്ലീലച്ചുവയുള്ള കോമഡികൾക്ക് സ്ഥാനം നൽകാതെ സാഹചര്യ കോമഡികൾ കൂടുതൽ ചിത്രത്തിൽ എത്തിച്ചുവെന്നത് തിരക്കഥയുടെ മേന്മയാണ്. കോമഡി രംഗങ്ങൾക്കും ആക്​ഷൻ രംഗങ്ങൾക്കും മികച്ച പശ്ചാത്തല സംഗീതം. പാട്ടുകളും മികവുറ്റത്. ആമേൻ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലിടം പിടിച്ച പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ഹരിനാരായണന്റേതാണ് വരികൾ.

തിരോന്തോരം ഭാഷ തുടങ്ങി കാസർക്കോട് വരെ

തിരുവനന്തപുരത്തെ ഗുണ്ടകളുടെ കഥയിലൂടെ പുരോഗമിക്കുന്നതിൽ തിരുവനന്തപുരത്തെ ഭാഷാഭേദം തൻമയത്വത്തോടെ ചിത്രത്തിൽ ഉൾച്ചേർത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികൾക്ക് കൂടുതൽ പരിചിതമായ ഭാഷാശൈലിയിലാണ് ചിത്രം ആരംഭിക്കുന്നതെങ്കിലും കൊച്ചിയിലെയും കാസർക്കോടിലെയും 'നാടൻ' ഭാഷാ ശൈലികളും ചിത്രത്തിന് വ്യത്യസ്തതയേകുന്നു.

ക്ലൈമാക്സിലെ ട്വിസ്റ്റ്

തങ്ങൾ ഉൾപ്പെട്ട പ്രശ്നങ്ങളിൽ നിന്നുമെല്ലാം രക്ഷപ്പെട്ട് എല്ലാം പരിഹരിക്കപ്പെട്ടെന്ന് കരുതുമ്പോഴാണ് ക്ലൈമാക്സിൽ ഉഗ്രൻ ട്വിസ്റ്റ് എത്തുന്നത്. ആ ട്വിസ്റ്റും കണ്ട് പ്രേക്ഷകർ തിയറ്റർ വിടാനൊരുങ്ങുമ്പോൾ സിനിമയുടെ അവസാനം ഒരു സർപ്രൈസ് ട്വിസ്റ്റ് കൂടി സംവിധായകൻ ഒരുക്കുന്നു. 

സതീഷ് കുറുപ്പിന്റെ സിനിമാറ്റോഗ്രഫിയും രതീഷ് രാജിന്റെ എ‍ഡിറ്റിങ്ങും മികവു പുലർത്തി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു കുടുംബ ചിത്രം എന്ന ലേബലിൽ എത്തിയ പടയോട്ടം കുടുംബ പ്രേക്ഷകർക്ക് മികച്ചൊരു എന്റർടെയ്നറായിരിക്കും.