The best brains of the nation may be found on the last benches of the classroom...-APJ
സൈക്കിള്‍ സ്റ്റണ്ടുള്ള സിനിമ എന്ന വിശേഷണവുമായാണ് 'നോൺസെൻസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തിയത്. എന്നാൽ അതിനപ്പുറം ഗൗരവമുള്ള ചില പ്രമേയങ്ങൾ ചിത്രം ചർച്ച ചെയ്യുന്നു. ജീവിതാനുഭവങ്ങളില്ലാതെ പരീക്ഷകൾക്കും മാർക്കുകൾക്കും മാത്രം പ്രാധാന്യം നൽകുന്ന പുതിയകാല വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ഒരു ഓർമപ്പെടുത്തലാണ് നോൺസെൻസ് എന്ന കൊച്ചുചിത്രം. ഒപ്പം, അനാവശ്യ ഹർത്താലുകളിൽ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ കഥയും. പൊതുവിൽ സൈക്കിൾ സ്റ്റണ്ട് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന Bicycle Motocross നെയും ചിത്രം പരിചയപ്പെടുത്തുന്നു.
നവാഗതനായ എം.സി. ജിതിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മല്ലു എന്ന മ്യൂസിക് വിഡിയോയിലൂടെ അറിയപ്പെട്ട റിനോഷ് ജോര്‍ജാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ സംഗീതസംവിധാനവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നതും റിനോഷ് തന്നെ. ഫെബിയ മാത്യുവാണ് നായിക. എം.സി. ജിതിൻ, ലിബിൻ ടി.ബി, മുഹമ്മദ് ഷഫീഖ് എന്നിവർ ചേർന്നാണ് തിരക്കഥ. നീണ്ട ഇടവേളയ്ക്കു ശേഷം ജോണി സാഗരിഗ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് നോണ്‍സെന്‍സ്.
പ്രമേയം
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്‌ദുൽ കലാമിന്റെ ജീവിതദർശനങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ബിഎംഎക്സ് പ്രേമിയാണ് അരുൺ എന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥി. പഠനത്തിൽ താൽപര്യമില്ലാത്ത അരുണിനെ അധ്യാപകർക്കും ഇഷ്ടമല്ല. പക്ഷേ ക്ലാസ് മുറിയിൽ പഠിപ്പിക്കുന്ന ശാസ്ത്രീയ പാഠങ്ങളെ പ്രായോഗിക ജീവിതത്തിൽ ഉപയോഗപ്പെടുത്താനുള്ള വൈഭവം അരുണിനുണ്ട്. ഒരു മിന്നൽ ഹർത്താൽ ദിവസം അരുണിന്റെയും അവൻ കണ്ടുമുട്ടുന്ന ഓട്ടോ ഡ്രൈവറായ സന്തോഷിന്റെയും ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. പ്രവചനങ്ങൾക്കു പിടിതരാതെ കഥപറയാൻ സംവിധായകന് ഏറെക്കുറെ കഴിയുന്നുണ്ട്.
അഭിനേതാക്കൾ
വിനയ് ഫോർട്ട്, ശ്രുതി രാമചന്ദ്രൻ, ഊർമിള ഉണ്ണി, ലാലു അലക്സ്, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ഒരു പുതുമുഖത്തിന്റെ പരിഭ്രമങ്ങൾ ഇല്ലാതെ റിനോഷ് ജോർജ് തന്റെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. വിനയ് ഫോർട്ട് സ്വതസിദ്ധമായ ശൈലിയിൽ തന്റെ വേഷം ഭദ്രമാക്കുന്നു. അധ്യാപികയുടെ വേഷമാണ് ശ്രുതി രാമചന്ദ്രന്. അറിവു കൊണ്ടുമാത്രം ഒരു വിദ്യാർഥിയെയും അളക്കരുത് എന്ന തിരിച്ചറിവിൽ ഈ അധ്യാപിക എത്തുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ശ്രുതിയും വേഷം ഭദ്രമാക്കി.
സാങ്കേതികവശങ്ങൾ
ചിത്രത്തിന്റെ സാങ്കേതികമേഖലകൾ നിലവാരം പുലർത്തുന്നു. സംഗീത മേഖലയിലെ മുൻപരിചയം റിനോഷിനു ചിത്രത്തിൽ ഫലപ്രമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചലനാത്മകമായ തിരക്കഥയ്ക്ക് അലക്സ് ജെ. പുളിക്കലിന്റെ ഛായാഗ്രഹണം മികച്ച പിന്തുണ നൽകുന്നുണ്ട്. 'ചിറകുകൾ ഞാൻ തരാം' എന്ന ഗാനം സംഗീതത്തിനു പുറമെ അതിന്റെ ഫ്രയിമുകൾ കൊണ്ടും ഷോട്ടുകൾ കൊണ്ടും മികച്ചു നിൽക്കുന്നുണ്ട്. ചിത്രത്തിനായി തിരഞ്ഞെടുത്ത ഗ്രാമീണ പശ്‌ചാത്തലവും ഇടവഴികളും പച്ചപ്പും കാഴ്ചയ്ക്ക് പിന്തുണ നൽകുന്നു.
രണ്ടരമണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം. രണ്ടാം പകുതിയിൽ അൽപം വേഗക്കുറവ് മാറ്റിനിർത്തിയാൽ പ്രേക്ഷകന്റെ കണ്ണുകൾ തിരശീലയിൽ ഉറപ്പിച്ചു നിർത്തുന്നതിൽ ചിത്രം വിജയിക്കുന്നു.
നമുക്ക് ഡോക്ടർമാരെയും എൻജിനീയർമാരെയും മാത്രം പോര, കുറച്ചു നല്ല മനുഷ്യരെയും വേണം എന്നു പറഞ്ഞുവയ്ക്കുന്നിടത്ത് ചിത്രംഅവസാനിക്കുന്നു. മലയാളസിനിമയിലും ചെറുചിത്രങ്ങൾ അവതരിപ്പിക്കാൻ നിർമാതാക്കൾ തയാറാകുന്നു എന്നത് ഗുണപരമായ മാറ്റംതന്നെയാണ്. വലിയ ചിത്രങ്ങളുടെ മലവെള്ളപ്പാച്ചിലിൽ ഇത്തരം സെൻസിബിളായ ചിത്രങ്ങൾ വിജയിപ്പിക്കേണ്ടത് സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ കടമയാണ്.