2016–ലിറങ്ങിയ ആമിർഖാന്റെ ‘ദംഗൽ’ സിനിമയിൽ ഒരു രംഗമുണ്ട്. ഗുസ്തിയിൽ ഒന്നിനു പിറകെ ഒന്നായി തോറ്റുകൊണ്ടിരിക്കുകയാണ് മകൾ ഗീത. അച്ഛൻ മഹാവീർ സിങ്ങിനെ വെല്ലുവിളിച്ചു കൊണ്ടാണ് അവൾ പുതിയ പരിശീലകനു കീഴിയിൽ ഗുസ്തി പഠിക്കാൻ പോയത്. എന്നാൽ തോൽവികൾ തളർത്തിയ അവൾ ഒരു രാത്രി ഗത്യന്തരമില്ലാതെ പിതാവിനെ ഫോൺ വിളിച്ചു. മകളോടു പിണങ്ങിയിരിക്കുകയായിരുന്നു മഹാവീർ. ‘ഹലോ’ എന്നു പോലും പറയാതെ ശബ്ദം കനപ്പിച്ച് ‘ഹ്ം’ എന്നൊരു ശബ്ദം മാത്രമുണ്ടാക്കി അദ്ദേഹം. ഫോണിന്റെ മറുതലയ്ക്കൽ നിന്നു പക്ഷേ കേട്ടത് അടക്കിപ്പിടിച്ച ഒരു കരച്ചിലായിരുന്നു. കാതങ്ങൾക്കപ്പുറത്തുനിന്ന് മകളുടെ കണ്ണീരൊച്ച. പിന്നീട് ആ അച്ഛനും മകളും തമ്മിൽ സംസാരിച്ചത് വാക്കുകൾ കൊണ്ടായിരുന്നില്ല, നിറഞ്ഞ കണ്ണുകൾ കൊണ്ടായിരുന്നു...
ആമിർ ഖാൻ എന്ന, ബോളിവുഡിലെ ‘പെർഫെക്‌ഷനിസ്റ്റിന്റെ’ അപൂർവമനോഹരമായ അഭിനയ മുഹൂർത്തങ്ങളിലൊന്ന്. രോമാഞ്ചമുണ്ടാക്കുന്ന അത്തരം കാഴ്ചകളാലും ട്വിസ്റ്റുകളാലും വ്യത്യസ്തങ്ങളായ കഥകളാലും സമ്പന്നമായിരുന്നു ആമിറിന്റെ മുൻകാല സിനിമകൾ. കണ്ണുംപൂട്ടി ആ നടന്റെ സിനിമയ്ക്കു പ്രേക്ഷകൻ കയറുന്നതും ആ വിശ്വാസം കൊണ്ടാണ്. എന്നാൽ അതെല്ലാം തെറ്റിക്കുന്നതായി ഏറ്റവും പുതിയ ചിത്രം ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’. ‘തഷാൻ’ പോലൊരു ദുരന്തചിത്രവും ‘ധൂം 3’ പോലെ കഷ്ടിച്ചു രക്ഷപ്പെട്ടൊരു സിനിമയുമെടുത്ത വിജയ് കൃഷ്ണ ആചാര്യയെന്ന സംവിധായകനു മുന്നിൽ തലവച്ചു കൊടുത്തതിന്റെ എല്ലാ പ്രശ്നങ്ങളും ആമിർ ചിത്രത്തിൽ അനുഭവിക്കുന്നുണ്ട്.
വിജയ്‌യുടെ തന്നെയാണു തിരക്കഥയും. തിരക്കഥ നല്ലതുപോലെ വായിച്ചു നോക്കുന്ന നടനാണ് ആമിറെന്നതിനാൽ എല്ലാക്കുറ്റവും സംവിധായകന്റെ തലയിൽ അടിച്ചേൽപ്പിക്കാനും പറ്റില്ല. കാരണം, കണ്ടുകൊണ്ടിരിക്കെ ഏതൊരാൾക്കും മനസ്സിലാകും ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’ എന്ന സിനിമയ്ക്ക് ‘പൈററ്റ്സ് ഓഫ് ദ് കരീബിയൻ’ എന്ന സിനിമയുമായുള്ള അസാധാരണ സാമ്യം. ഷോട്ടുകളിലും കോസ്റ്റ്യൂമിലും മാത്രമല്ല സംഘട്ടനത്തിലും സംഗീതത്തിലും വരെ കാണാം ആ സാമ്യം (ഗെയിം ഓഫ് ത്രോണ്‍സിലെ സെറ്റുകളും മറക്കുന്നില്ല). എന്നാൽ ആമിർ ഫാൻസിനു പോലും സങ്കടം തോന്നുന്നത് അതുകൊണ്ടൊന്നുമല്ല– പികെയും റാഞ്ചോയും മഹാവീറും പോലുള്ള ‘ഒറിജിനൽ’ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിത്തന്ന അദ്ദേഹം ഒരു ഹോളിവുഡ് നടന്റെ നിഴലായി മാറുന്നതു കണ്ടാണ്.
‘പൈററ്റ്സിലെ’ ജോണി ഡെപ്പിനോട് കോസ്റ്റ്യൂമിൽപ്പോലും സാമ്യത പുലർത്തുന്നു ആമിറിന്റെ ‘ഫിറംഗി മല്ല’. ഇനിയിപ്പോൾ പൈററ്റ്സ് ഓഫ് ദ് കരീബിയൻ സീരീസ് കാണാത്ത ഒരാളാണെങ്കിൽപ്പോലും അവർക്കു സമ്മാനിക്കാൻ പുതുമയുള്ള യാതൊന്നും ആമിറിന്റെ കഥാപാത്രത്തിന്റെ കയ്യിലില്ല താനും. എങ്കിലും നായകനാണോ വില്ലനാണോ എന്നു പലപ്പോഴും സംശയം ജനിപ്പിച്ച്, രണ്ടിലേക്കും അതിവേഗം ‘സ്വിച്ച്’ ചെയ്ത്, പതിവുപോലെ തന്റെ കഥാപാത്രത്തെ മനോഹരമാക്കുന്നുണ്ട് ആമിർ.
1795 ലെ ഹിന്ദുസ്ഥാനിൽ നിന്നാണു സിനിമയുടെ തുടക്കം. ഇംഗ്ലിഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അധികാരക്കൈകൾ എത്താത്ത അപൂർവം നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു റോണത്പുർ. എന്നാൽ ചതിയിൽപ്പെട്ട് ഒരുനാൾ ആ രാജ്യവും ബ്രിട്ടിഷ് സൈന്യം കൈക്കലാക്കി. ലോർഡ് ക്ലൈവിന്റെ കൈപ്പിടിയിൽ ആ നാടൊതുങ്ങിയപ്പോൾ കൊച്ചുരാജകുമാരി സഫീറ മാത്രം രക്ഷപ്പെട്ടു; കൂടെ ഖുദാഭക്ഷ് എന്ന സേനാനായകനും.
പിന്നീട് 11 വർഷങ്ങൾക്കിപ്പുറം ആസാദ് എന്ന കടൽക്കൊള്ളക്കാരനായിട്ടാണ് ഖുദാഭക്ഷിനെ പ്രേക്ഷകനു കാണാനാകുക. ഒപ്പം മികച്ചൊരു പോരാളിയായി സഫീറയും ഒരു വൻ പടയും. കടലിൽ എവിടെ നിന്നെന്നറിയാതെ പ്രത്യക്ഷപ്പെട്ട് എവിടേക്കൊ പോകുന്ന സംഘമായിരുന്നു ആസാദിന്റേത്. ബ്രിട്ടിഷുകാർക്കു വൻവെല്ലുവിളിയായ ആ പോരാളിയെ പിടികൂടാൻ അവർ കണ്ടെത്തുന്ന വഴിയാകട്ടെ ഫിറംഗി മല്ല എന്ന നാടോടിയും. പുറമേ ഹിന്ദുസ്ഥാനിയെന്നു തോന്നിപ്പിക്കും, പക്ഷേ വിശ്വാസവഞ്ചനയാണ് അയാളുടെ മന്ത്രം, ഇംഗ്ലണ്ടിലേക്കു കടക്കുകയെന്നതാണു സ്വപ്നം...
1991 ലിറങ്ങിയ അമിതാഭ് ബച്ചന്റെ ‘അജൂബ’ എന്ന സിനിമയെ വരെ ഓർമിപ്പിക്കും ചിത്രം. കണ്ടുപഴകിയ യുദ്ധകഥകളിൽനിന്നു വ്യത്യസ്തമായി കാര്യമായൊന്നും പ്രതീക്ഷിക്കരുത് തഗ്സ് ഓഫ് ഹിന്ദുസ്ഥാനിൽ. ആസാദിന്റെയും സംഘത്തിന്റെ ആക്രമണം പോലും ആദ്യത്തെ രണ്ടു തവണ കോരിത്തരിപ്പിക്കും, പിന്നെ ആവർത്തനവിരസമാകും. കഥാപാത്രങ്ങൾക്കും കഥയ്ക്കും അടിത്തറയിടുന്ന ആദ്യപകുതി അതിനാൽത്തന്നെ ആവേശകരമാണ്.
മൂന്നു പേർ ചേർന്നാണ് ആക്‌ഷൻ കോറിയോഗ്രഫി. അമിതാഭ് ബച്ചന്റെ ആസാദും ഫാത്തിമ സന ഷെയ്ഖിന്റെ സഫീറയുമെല്ലാം മനസ്സിൽ നിറയുന്നത് അവരുടെ ആക്‌ഷൻ രംഗങ്ങളിലെ അസാധ്യ പ്രകടനം കൊണ്ടാണ്. സുരയ്യ എന്ന നർത്തകിയായി കത്രീന കൈഫും ചിത്രത്തിന്റെ ‘ഗ്ലാമര്‍’ വല്ലാതെ കൂട്ടുന്നു. ആക്‌ഷനും സ്റ്റണ്ടും നൃത്തവും സംഗീതവും മാത്രമേ സിനിമയിൽ എടുത്തു പറയാനുമുള്ളൂ. പ്രഭുദേവയാണ് നൃത്തസംവിധാനം. അജയ്–അതുൽ കൂട്ടുകെട്ടിന്റേതാണു സംഗീതം.
ബോളിവുഡ് മാസ് മസാലയ്ക്കു വേണ്ട ‘ദീപാവലി’ വിരുന്നു മുഴുവൻ ഇത്തരത്തിൽ ഒരുക്കിയിരുന്നു തഗ്സ് ഓഫ് ഹിന്ദുസ്ഥാനിൽ. കോടികൾ മുടക്കി സിനിമയെടുക്കുമ്പോൾ, പ്രത്യേകിച്ച് ചരിത്രം പറയുമ്പോൾ, ഒരുക്കേണ്ട പശ്ചാത്തലങ്ങളെല്ലാം ഗംഭീരമായിത്തന്നെ തയാറാക്കിയിട്ടുണ്ട്. കലാസംവിധാനം മികച്ചതാണ്. എന്നാൽ ഇവ മാത്രം പോരല്ലോ? അമിതാഭും ആമിറും കത്രീനയും ഉൾപ്പെടെ ബോളിവുഡിലെ അസാധാരണ പ്രതിഭകളിൽ മിക്കവരെയും ലഭിച്ചിട്ടും കാര്യമായി ഉപയോഗപ്പെടുത്താൻ സംവിധായകനായില്ല. പകരം വിഎഫ്എക്സും ‘ആക്‌ഷൻ–മസാല’ ഘടകങ്ങളും കൊണ്ട് സിനിമയെ രക്ഷപ്പെടുത്താമെന്ന മിഥ്യാധാരണയും സംവിധായകനുണ്ടായതു പോലെ തോന്നി.
മാനുഷ് നന്ദന്റേതാണു ഛായാഗ്രഹണം–മികവുറ്റതാണ്. റിതേഷ് സോണിയുടേതാണ് എഡിറ്റിങ്. രണ്ടേമുക്കാൽ മണിക്കൂറുണ്ട് സിനിമ. എന്നാൽ ഇത്രയേറെ വലിച്ചു നീട്ടേണ്ടിയിരുന്നോ എന്നതു സ്വാഭാവിക സംശയം. ക്ലൈമാക്സ് പോലും പ്രതീക്ഷിക്കാവുന്ന വിധമാണ് കഥയുടെ പോക്കും. ആമിറും അമിതാഭും സനയുമെല്ലാം മികച്ച പ്രകടനമാണ് ചിത്രത്തിൽ. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾക്കാണെങ്കിൽ ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’ നിങ്ങൾക്കു വിരുന്നാണ്. എന്നാൽ കഥയും ട്വിസ്റ്റും ‘ഗൂസ് ബംപ്സ്’ രംഗങ്ങളും ആഗ്രഹിക്കുകയാണെങ്കിൽ അൽപം നിരാശപ്പെടേണ്ടി വരും!