സാധാരണക്കാരന്റെ വണ്ടിയാണ് ഓട്ടർഷ. ആഡംബരങ്ങളൊന്നുമില്ലെങ്കിലും ഈ കൊച്ചുവണ്ടിയെ ആശ്രയിച്ചുകഴിയുന്നതു നിരവധി ജീവിതങ്ങളാണ്. അതുപോലെ തന്നെ സാധാരണക്കാരന്റെ ജീവിതത്തിലെ ഏടുകൾ ലളിതമായി അനാവരണം ചെയ്യുന്ന കൊച്ചു സിനിമയാണ് സുജിത്ത് വാസുദേവിന്റെ ഓട്ടർഷയും.
വനിതാ ഓട്ടോഡ്രൈവറായ അനിതയുടെ ജീവിതത്തിലൂടെയാണ് ഓട്ടർഷയുടെ സഞ്ചാരം. ഓട്ടോഡ്രൈവർമാർ നിത്യജീവിതത്തിന്റെ ഭാഗമാണ്. നാട്ടിലെ പ്രശ്നങ്ങളിലെല്ലാം ഇടപെടാനും അതു പരിഹരിക്കാനും ഇവർ മിടുക്കരാണ്. കഥാപശ്ചാത്തലം കണ്ണൂരാകുമ്പോൾ അത് കുറച്ച് കൂടും. ജീവിക്കാൻ വേണ്ടി ഓട്ടോ ഓടിക്കാൻ തീരുമാനിച്ച ആളാണ് അനിത. ചന്തപ്പുര സ്റ്റാൻഡിലെത്തുന്ന അനിതയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് സഹപ്രവർത്തകരായ ഓട്ടോ തൊഴിലാളികൾ. അവരിലൊരാളായി അനിതയും മാറുന്നു.
അനിതയുടെ കഥ മാത്രമല്ല ഓട്ടോക്കാരുടെ ജീവിതത്തിലെ നല്ല മുഹൂർത്തങ്ങളിലൂടെയും ചിത്രം കടന്നുപോകുന്നുണ്ട്. അവരുടെ സ്വപ്നങ്ങളും പങ്കുവെയ്ക്കലും ഒത്തൊരുമയുമൊക്കെ സിനിമയുടെ ഭാഗമാണ്. നാട്ടിൻപുറത്തെ നർമനിമിഷങ്ങളും സൗഹൃദവുമൊക്കെയായി ആദ്യ പകുതി രസകരമായി മുന്നോട്ടുപോകുന്നു. എന്നാൽ രണ്ടാം പകുതിയിൽ ചിത്രം സസ്പെൻസ് സ്വഭാവത്തിലേയ്ക്ക് മാറുകയാണ്.
പൂർണമായും കണ്ണൂർഭാഷ പറയുന്ന ഒരു ചിത്രം കൂടിയാണ് ഓട്ടർഷ. അഭിനേതാക്കളിലേറെയും കണ്ണൂരിൽ നിന്നുള്ളവരാകുമ്പോൾ സംഭാഷണങ്ങളിൽ സത്യസന്ധത പുലർത്താൻ കഴിയുന്നുണ്ട്. എഴുത്തുകാരൻ സി. ഗണേഷ്കുമാറിന്റെ ‘ഓട്ടോയുടെ ഓട്ടോബയോഗ്രഫി’ എന്നകഥയിൽ നിന്നാണ് ചിത്രത്തിന്റെ ഉത്ഭവമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. ജയരാജ് മിത്രയാണ് സിനിമയ്ക്കു തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അനിതയെന്ന കഥാപാത്രത്തെ ഏറെ തന്മയത്വത്തോടെ അനുശ്രീ അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സ്നേഹ പലിയേരിയാണ് അനുശ്രീക്ക് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്. കണ്ണൂർ ശിവദാസ്, ടിനി ടോം, രാഹുൽ മാധവ്, സുബീഷ് സുധി, നസീർ സംക്രാന്തി, ജുനൈദ്, അമർ വികാസ് തുടങ്ങിയ താരങ്ങളോടൊപ്പം 150 ഓളം പുതുമുഖങ്ങൾ ചിത്രത്തിലുണ്ട്.
സംവിധാനത്തിനുപുറമെ ചിത്രത്തിന്റെ ക്യാമറ ചലിപ്പിരിക്കുന്നതും സുജിത്ത് വാസുദേവ് ആണ്. അദ്ദേഹത്തിന്റെ ക്യാമറകാഴ്ചകൾ ചിത്രത്തെ ലളിതമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതിനുപുറമെ ഓട്ടോയിൽ ഘടിപ്പിച്ച 360 റിഗ് എന്ന സാങ്കേതിക വിദ്യയും പുത്തൻ ദൃശ്യാനുഭവം ആകുന്നു. ശരത് ഈണം നൽകിയ ഗാനങ്ങളും ചിത്രത്തോട് ചേർന്നുനിന്നു. ജോൺകുട്ടിയാണ് ചിത്രസംയോജനം.
നായികാകേന്ദ്രീകൃതമാണെങ്കിലും എല്ലാത്തരം പ്രേക്ഷകർക്കും ഈ ‘ഓട്ടർഷ’യാത്ര രസകരമായൊരു സവാരിയായിരിക്കും നൽകുക.