മൊഞ്ചുള്ള ഒരു ഉമ്മയുടെയും മകന്റെയും കഥയാണ് ‘എന്റെ ഉമ്മാന്റെ പേര്’. വടക്കൻ കേരളത്തിലെ ഒരു ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയും ഉത്തരേന്ത്യയിലെ ഗ്രാമങ്ങളുടെ മനോഹാരിതയും ചേർത്ത് ഒരു ചെറിയ ക്യാൻവാസിൽ കോറിയിട്ടിരിക്കുന്ന മനോഹരമായ സിനിമ.
ഹമീദ് ഒരു യത്തീമാണ്. അവന്റെ വാപ്പ മരിച്ചു പോയി. ഉമ്മ ആരെന്ന് അവനറിയില്ല. അനാഥനായതിനാൽ അവന് ആരും തങ്ങളുടെ പെൺമക്കളെ വിവാഹം ചെയ്തു കൊടുക്കുന്നില്ല. ഒറ്റയ്ക്കായ ഹമീദിനാവട്ടെ എങ്ങനെയെങ്കിലും ഒരു പങ്കാളിയെ വേണം താനും. അങ്ങനെ ഒരു വിവാഹം കഴിക്കാനായി ഹമീദ് തന്റെ ഉമ്മയെ തേടി പോകുകയാണ്. ഉമ്മയെ കണ്ടു പിടിച്ച് താൻ അനാഥനല്ലെന്ന് തെളിയിച്ച് വിവാഹം കഴിക്കാനുള്ള ഹമീദിന്റെ ശ്രമമാണ് ചിത്രത്തിന്റെ പ്രമേയം.
ഒരു വിവാഹവീട്ടിലാണ് സിനിമ ആരംഭിക്കുന്നത്. അവിടെ നിന്നു നേരെ ഹമീദിന്റെ വാപ്പയുടെ മരണത്തിലേക്കാണ് കഥ സഞ്ചരിക്കുന്നത്. പിന്നീട് ഹമീദ് തന്റെ വാപ്പയുടെ ഭാര്യമാരെ അന്വേഷിച്ചു പോകുന്നു. ഭാര്യമാരെ അന്വേഷിച്ച് അതിൽ നിന്ന് തന്റെ ഉമ്മയെ കണ്ടു പിടിക്കാനാണ് ഹമീദിന്റെ ശ്രമം. കാഴ്ചക്കാരെ നന്നായി രസിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ പകുതി. ടൊവീനോയും ഹരീഷ് കണാരനും മാമുക്കോയയും സിദ്ദിക്കും ഉർവശിയും ഒക്കെ ചേർന്ന് മികച്ച അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
രണ്ടാം പകുതിയിൽ സിനിമയുടെ പ്ലോട്ട് ഉത്തരേന്ത്യയിലേക്ക് മാറുന്നു. ചിരിയുടെ അംശങ്ങൾ കുറയുന്നുണ്ടെങ്കിലും കഥ കൂടുതൽ ഗൗരവസ്വഭാവം കൈവരിക്കുമ്പോൾ അങ്ങനെയുണ്ടാവുക സ്വാഭാവികം. ചിലപ്പോൾ സിനിമ പ്രവചനാത്മകമാകുന്നു, എന്നാൽ ഇടയ്ക്ക് പ്രവചനാതീതവും. നിഷ്ക്കളങ്കനായ ചെറുപ്പക്കാരൻ കഥാപാത്രമായ ഹമീദായി ടൊവീനോ തോമസ് മികച്ചു നിന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളായി വിലയിരുത്തപ്പെടുന്ന ഉർവശി ആയിഷുമ്മ എന്ന കഥാപാത്രത്തെ അനായാസം അവതരിപ്പിച്ചു. കൗമാരപ്രായത്തിലെത്തിയ മകനെ വരച്ച വരയിൽ നിർത്തുന്ന ഉമ്മയും ആ ഉമ്മയുടെ വാക്ക് കേട്ട് ഒന്നും മിണ്ടാതെ ഒപ്പം സഞ്ചരിക്കുന്ന മകനും പ്രേക്ഷക മനസ്സിലിടം നേടും. നേരത്തെ ചില സിനിമകളിൽ ഏതാണ്ട് സമാന പ്രമേയം വന്നിട്ടുണ്ടെങ്കിലും ടൊവീനോയുടെയും പ്രത്യേകിച്ച് ഉർവശിയുടെയും പ്രകടനം ഇൗ സിനിമയെ അവയിൽ നിന്നൊക്കെ വേറിട്ടതാക്കുന്നു.
ജോസ് സെബാസ്റ്റ്യൻ തന്റെ കന്നി സംവിധാന സംരംഭം മികച്ചതാക്കി. സ്പാനിഷ് ഛായാഗ്രാഹകൻ ജോർഡി പ്ലാനൽ ക്ലോസയുടെ ഫ്രെയിമുകൾ സിനിമയെ കൂടുതൽ ഭംഗിയുള്ളതാക്കി. സന്തോഷ് രാമന്റെ കലാസംവിധാനം സിനിമയ്ക്ക് മുതൽക്കൂട്ടായി. വൈകാരികത കൈമോശം വരാതെ ചിത്രം എഡിറ്റ് ചെയ്ത അർജു ബെന്നും സംഗീതം നൽകിയ ഗോപി സുന്ദറും ചിത്രത്തെ കൂടുതൽ മൊഞ്ചുള്ളതാക്കി.
ഇൗ ചിത്രത്തിലെ ഉമ്മയും മകനും ഏതൊരു പ്രേക്ഷകനെയും കയ്യിലെടുക്കും. ഇങ്ങനെയൊരു ഉമ്മ ഉണ്ടായിരുന്നെങ്കിൽ എന്നും ഇങ്ങനെയൊരു മകൻ ഉണ്ടായിരുന്നെങ്കിലെന്നും കാണുന്നവർ ആഗ്രഹിച്ചാൽ അവരെ തെറ്റു പറയാനൊക്കില്ല. അത്രയ്ക്ക് നിഷ്ക്കളങ്കരാണ് അവരിരുവരും. സിനിമയിൽ അച്ഛനും അമ്മയ്ക്കും ബന്ധങ്ങൾക്കും പ്രാധാന്യം കുറഞ്ഞു വരുന്ന ഇക്കാലത്ത് സ്വന്തം കുടുംബത്തോടൊപ്പം ധൈര്യമായി ടിക്കറ്റെടുക്കാം ഇൗ ചിത്രത്തിന്.