"ഈ വിവാഹമെന്നു പറയുന്നത്, അറിയാത്തവർ കാപ്പിയിടാൻ ശ്രമിക്കുന്നതുപോലെയാണ്. ആദ്യമൊക്കെ കടുപ്പം കൂടാം, കുറയാം... പക്ഷേ ക്രമേണ അതിന്റെ കൂട്ടുകൾ എല്ലാം ശരിയായിവരും".
വിവാഹപ്രായമെത്തിയ ചെറുപ്പക്കാർ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും അനുഭവിക്കുന്ന സമ്മർദങ്ങളും, ന്യൂജെൻ കാലത്തും മാറ്റമില്ലാതെ തുടരുന്ന പെണ്ണുകാണൽ എന്ന ആചാരത്തിന്റെ രസങ്ങളും കേന്ദ്രബിന്ദുവാക്കി ഒരുക്കിയ ഫാമിലി എന്റർടെയ്നറാണ് ‘വിജയ് സൂപ്പറും പൗര്‍ണമിയും’. ആസിഫ് അലി- ജിസ് ജോയ് കൂട്ടുകെട്ടിലെ മൂന്നാമത് ചിത്രമാണിത്. ഇതിനു മുമ്പിറങ്ങിയ ബൈസിക്കിള്‍ തീവ്‌സും സണ്‍ഡേ ഹോളിഡേയും മികച്ച വിജയമാണു നേടിയത്. അതിനാല്‍ത്തന്നെ ഇരുവരും ഒന്നിക്കുന്ന മൂന്നാം ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ആ പ്രതീക്ഷകൾ തെറ്റിയിട്ടില്ല എന്ന് ഉറപ്പിച്ചുപറയാം. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ.കെ. സുനില്‍ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ജിസ് ജോയ് തന്നെ.
ഐശ്വര്യ ലക്ഷ്മി ആണ് നായികാവേഷത്തില്‍ എത്തുന്നത്. ബാലു വര്‍ഗീസ്, ജോസഫ് അന്നംക്കുട്ടി, രഞ്ജി പണിക്കര്‍, സിദ്ദിഖ്, അജു വര്‍ഗീസ്, ശാന്തി കൃഷ്ണ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. രണദിവയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രിന്‍സ് ജോര്‍ജ് സംഗീതവും രതീഷ് രാജ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.
പ്രമേയം...
ബി ടെക് കഴിഞ്ഞു ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ കൂട്ടുകാരോടൊപ്പം ഒഴുകിനടക്കുകയാണ് അലസനായ വിജയ്. വീട്ടിൽ അത്യാവശ്യം സാമ്പത്തിക പ്രശ്നങ്ങളുമുണ്ട്. ഒരു വിവാഹത്തിലൂടെ ആ 'ക്ഷീണങ്ങൾ' പരിഹരിക്കാം എന്ന ലക്ഷ്യത്തോടെ വിജയ് പെണ്ണുകാണാൻ നിർബന്ധിതനാകുന്നു. പൗർണമി ജീവിതത്തിൽ വ്യക്തമായ ലക്ഷ്യബോധ്യമുള്ള, പുതിയകാലത്തിന്റെ പ്രതിനിധിയായ പെൺകുട്ടിയാണ്. എങ്കിലും തുടങ്ങിയ രണ്ടു ബിസ്സിനസ് സംരംഭങ്ങൾ പരാജയമായത് അവളെ അലട്ടുന്നുണ്ട്. തോൽവികളിൽ തളരാതെ ജയിച്ചു കാണിക്കണം എന്നവൾക്ക് വാശിയുണ്ട്.
ഒരുപാടു വ്യത്യാസങ്ങൾ ഉണ്ടെങ്കിലും വിജയ്‍യുടെയും പൗർണമിയുടെയും ലക്ഷ്യങ്ങൾ ഒരുമിക്കുന്നിടത്താണ് ചിത്രം രണ്ടാംപകുതിയിലേക്കു കടക്കുന്നത്. ഇരുവർക്കും ഒരു നഷ്ടപ്രണയത്തിന്റെ പശ്‌ചാത്തലമുണ്ട്, പണത്തിനു ദൗർലഭ്യവുമുണ്ട്. ഈ പൊതു ആവശ്യങ്ങൾ അവരെ ഒരു ലക്ഷ്യത്തിനായി ഒരുമിച്ചു യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു. അതിനിടയിൽ ഉണ്ടാകുന്ന ചില വഴിത്തിരിവുകളിലൂടെ അവർ ചില തിരിച്ചറിവുകളിൽ എത്തിച്ചേരുന്നിടത്ത് ചിത്രത്തിന് ഹൃദ്യമായി തിരശീല വീഴുന്നു. മലയാളികൾ നെഞ്ചേറ്റിയ ഒരു വ്യക്തി ചിത്രത്തിന്റെ അവസാനം സർപ്രൈസ് നൽകി പ്രത്യക്ഷപ്പെടുന്നുണ്ട്.
അഭിനയം...
ഭാഗ്യനായിക എന്ന പദവി അരക്കിട്ടുറപ്പിക്കുന്ന പ്രകടനമാണ് ഐശ്വര്യ ലക്ഷ്മി കാഴ്ച വയ്ക്കുന്നത്. ചിത്രത്തെ മുന്നോട്ടു നയിക്കുന്നതുതന്നെ ഐശ്വര്യയുടെ മികച്ച പ്രകടനമാണ്. ഓരോ സൂക്ഷ്മ ഭാവത്തിലും പ്രകടമാകുന്ന തന്മയത്വം ഐശ്വര്യയിലുള്ള പ്രതീക്ഷകൾ വീണ്ടും ഉയർത്തുകയാണ്. ലക്ഷ്യബോധമില്ലാത്ത ന്യൂജെൻ പയ്യന്റെ വേഷം ആസിഫ് അലി കുറെ ചെയ്തിട്ടുണ്ടെങ്കിലും വിജയ് എന്ന കഥാപാത്രം പ്രകടനത്തിന്റെ പൂർണതയിൽ വേറിട്ടുനിൽക്കുന്നുണ്ട്. മറ്റു താരങ്ങളും തങ്ങളുടെ വേഷം ഭദ്രമാക്കിയിട്ടുണ്ട്.
സാങ്കേതിക വശങ്ങൾ...
അവതരണമികവിൽ സംവിധായകന്റെ പ്രതിഭ പ്രകടമാണ്. ഒരു ഘട്ടത്തിലും പ്രേക്ഷകനെ മുഷിപ്പിക്കാതെ പിടിച്ചിരുത്തുന്നത് മികച്ച തിരക്കഥയുടെ പിൻബലം ഉള്ളതുകൊണ്ടുകൂടിയാണ്. മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ പല കാര്യങ്ങളും ഹാസ്യാത്മകമായി സന്നിവേശിപ്പിച്ചിരിക്കുന്നു. തിയറ്ററുകളിൽ സിനിമ ആരംഭിക്കുന്നതിനു മുൻപ് മുഴങ്ങിക്കേൾക്കുന്ന, മലയാളിക്കു സുപരിചിതമായ ഒരു ശബ്ദത്തെ നരേഷൻ ദൗത്യം ഏൽപ്പിച്ചതും കൗതുകകരമായി. ചിത്രത്തിന്റെ ആസ്വാദനതലം ഉയർത്തുന്നതിൽ മികച്ച ഛായാഗ്രഹണവും ഹൃദ്യമായ പശ്‌ചാത്തല സംഗീതവും വലിയ പങ്കുവഹിക്കുന്നു. വൈകാരിക ഭാവഭേദങ്ങൾ സംഗീതത്തിനനുസരിച്ച് സൂക്ഷ്മമായി ചിട്ടപ്പെടുത്തിയിരിക്കുന്നു.
രത്നച്ചുരുക്കം...
കുടുംബമായി പോയി പേടി കൂടാതെ കാണാവുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ സവിശേഷത. ദ്വയാർഥ പ്രയോഗങ്ങളില്ലാതെ തന്മയത്വത്തോടെ പുതിയതലമുറയുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചിരിക്കുന്നു. വിജയ്ക്കും പൗർണമിക്കുമിടയിൽ രൂപപ്പെടുന്ന പ്രണയം പോലും മാംസനിബദ്ധമാകാതെ സൂക്ഷിക്കാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ, വിവാഹപ്രായമെത്തിയ ഭൂരിഭാഗം ചെറുപ്പക്കാർക്കും ആ കടമ്പ കടന്നവർക്കും 'അതുതാനല്ലയോ ഇത് എന്ന് വർണ്യത്തിലാശങ്ക' തോന്നിക്കാൻ സാധിക്കുന്നിടത്താണ് വിജയ്‍യും പൗർണമിയും സൂപ്പറാകുന്നത്.