സമാധാനദൂതനല്ല, ചങ്കുറപ്പുളള മാലാഖ; മിഖായേൽ റിവ്യു

സാത്താനെതിരെ പോരാടുന്ന ദൈവസൈന്യത്തിന്റെ തലവനാണ് മിഖായേല്‍ മാലാഖ എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത്. ‍ദുഷ്ടശക്തികൾക്കെതിരെ പോരാടുന്ന ഇൗ മാലാഖയെപ്പോലെയാണ് മിഖായേൽ എന്ന സിനിമയിലെ അതേ നാമധാരിയായ നായകനും. ഒരു രക്ഷകന്റെ കഥയാണ് ഹനീഫ് അദേനി ‘മിഖായേൽ’ എന്ന തന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തിൽ അവതരിപ്പിക്കുന്നത്. 

കൊച്ചിയിലെ അധോലോക തലവനാണ് ജോർജ് പീറ്റർ. ക്രൂരനായ അയാൾക്ക് സ്വന്തം കുടുംബത്തോട് മാത്രമാണ് കരുണയുള്ളത്. എതിർക്കാൻ വരുന്നവരെ നിഷ്കരുണം കൊന്നൊടുക്കുകയാണ് ജോര്‍ജിന്റെ രീതി. പെട്ടന്നൊരു നാൾ ജോർജ് കൊല്ലപ്പെടുന്നു. കൊന്നതാരാണെന്ന് അറിയില്ല. ചേട്ടന്റെ മരണത്തിന് കാരണക്കാരായവരോട് കണക്കുതീർക്കാൻ അനിയൻ മാർക്കോ ജൂനിയർ എത്തുന്നതാണ് സിനിമയുടെ തുടക്കം. ‌‌

Babu Antony I Me Myself

ജോർജ് പീറ്ററിൽ നിന്നും പിന്നീട് സിനിമ നീങ്ങുന്നത് മൈക്കിളിന്റെ കുടുംബത്തിലേക്കാണ്. ഡോക്ടറായ മൈക്കിളിന് സ്വന്തമായുള്ളത് സഹോദരി ജെനിയാണ്. അച്ഛന്റെ മരണശേഷം മറ്റൊരാളെ വിവാഹം കഴിച്ച അമ്മയോട് മൈക്കിളിന് പ്രത്യേക അടുപ്പവുമില്ല. എന്നാൽ പെട്ടന്നായിരുന്നു എല്ലാം മാറിമറിഞ്ഞത്. തന്റേതല്ലാത്തൊരു തെറ്റു മൂലം വലിയൊരു അപകടത്തിൽപെടുന്ന ജെനിയും അവളെ സംരക്ഷിക്കാനെത്തുന്ന മൈക്കിളിനും പിന്നീട് നേരിടേണ്ടിവരുന്നത് വലിയ പ്രത്യാഘാതങ്ങളാണ്. പൊലീസും നിയമവും കാഴ്ചക്കാരായി മാറുമ്പോൾ ജെനിയെ രക്ഷപെടുത്താൻ മൈക്കിൾ തന്നെ പോരിനിറങ്ങുന്നിടത്താണ് മിഖായേൽ ആവേശകരമാകുന്നത്. 

അച്ഛന്റെയും മകളുടെയും കഥ പറഞ്ഞ ഗ്രേറ്റ് ഫാദർ, ജ്യേഷ്ഠാനുജന്മാരുടെ ബന്ധം കാണിച്ച അബ്രഹാമിന്റെ സന്തതികൾ എന്നിവയിൽ നിന്ന് ഹനീഫ് അദേനി മിഖായേലിൽ എത്തുമ്പോൾ മൈക്കിൾ എന്ന ജ്യേഷ്ഠന്റെയും ജെനി എന്ന അനുജത്തിയുടെയും കഥയാണ് പറയുന്നത്. സഹോദരിയുടെ കാവലാളായി നിൽക്കുന്ന സഹോദരന്റെ, പോരാട്ടത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് മിഖായേൽ. 

ഒരു ഗാങ്സ്റ്റർ റിവഞ്ച് ഡ്രാമ എന്ന ചിത്രത്തെ വിശേഷിപ്പിക്കാം. കുടുംബപ്രേക്ഷകർക്ക് പ്രാധാന്യം നൽകിയാണ് ആദ്യ പകുതി ഒരുക്കിയിരിക്കുന്നത്. ആവേശം തീർക്കുന്ന സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗുകളും നിറഞ്ഞതാണ് രണ്ടാം പകുതി. നിവിൻ പോളിയുടെ ഔട്ട് ആന്‍ഡ് ഔട്ട് മാസ് എന്റർടെയ്നറാണ് ചിത്രം. നിഷ്കളങ്കനായ സഹോദരനായും കരുത്തുറ്റ നായകനായും നിവിൻ മികച്ചു നിന്നു. 

വൻതാരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ജോർജ് പീറ്റർ എന്ന ‘ഭ്രാന്തൻ’ വില്ലനെ സിദ്ദിഖ് ഗംഭീരമാക്കി. സ്ക്രീൻ പ്രസൻസിലും ശരീര ഭാഷയിലും മാർകോ ജൂനിയർ എന്ന സ്റ്റൈലിഷ് വില്ലനായി ഉണ്ണി മുകുന്ദൻ നിറഞ്ഞു നിന്നു. ഫൈറ്റ് രംഗങ്ങളിലെ ഉണ്ണിയുടെ മെയ്‌വഴക്കം എടുത്തുപറയേണ്ടതാണ്. ജെനിയെ അവതരിപ്പിച്ച നവനി ദേവാനന്ദും തന്റെ വേഷം മനോഹരമാക്കി.

ജെ.ഡി. ചക്രവർത്തി, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, സുദേവ് നായർ, ജയപ്രകാശ്, അശോകൻ, കെ.പി.എ.സി. ലളിത, ശാന്തികൃഷ്ണ, പറവയിലെ ഇച്ചാപ്പിയെ അവതരിപ്പിച്ച അമല്‍ ഷാ, കിഷോർ എന്നിവരാണ് മറ്റുകഥാപാത്രങ്ങൾ. പൊലീസ് ഉദ്യോഗസ്ഥനായി എത്തിയ വിഷ്ണു പ്രേംകുമാറും മികച്ചു നിന്നു. 

തന്റെ പതിവ് സിനിമകള്‍ പോലെ ത്രില്ലർ സ്വഭാവമുള്ള തിരക്കഥയല്ല ഹനീഫ് മിഖായേലിനായി ഒരുക്കിയത്. പൂർണമായും ആക്‌ഷന് പ്രാധാന്യം നൽകി മേക്കിങിൽ വ്യത്യസ്തത പുലർത്തിയാണ് ഇൗ ചിത്രം അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ആവേശം തീർക്കുന്ന ആക്‌ഷന്‌ രംങ്ങളും സ്റ്റൈലിഷ് ഫ്രെയിമുകളും ഗോപിസുന്ദറിന്റെ ‘എനർജെറ്റിക്’ സംഗീതവുമാണ് മിഖായേലിന്റെ വലിയ പ്രത്യേകത. സിനിമയുടെ വേഗതയ്ക്കൊപ്പം നീങ്ങുന്ന മാസ് സംഗീതം പ്രേക്ഷകരെ ആകർഷിക്കും. ക്ലൈമാക്സ് ഫൈറ്റ് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുമെന്ന് തീര്‍ച്ച. വിഷ്ണു പണിക്കരുടെ ഛായാഗ്രഹണവും മഹേഷ് നാരായണന്റെ ചിത്രസംയോജനവും സിനിമയ്ക്ക് യോജിച്ചതായി.

ട്രെയിലറും ടീസറും എന്താണോ കാണിച്ചു തന്നത് അതു തന്നെയാണ് മിഖായേൽ എന്ന സിനിമ. ആക്‌ഷനും ത്രില്ലും കൂട്ടിക്കലർത്തി മികച്ച പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ്.