സസ്‌പെൻസും ട്വിസ്റ്റുമായി സകലകലാശാല ; റിവ്യു

ക്യാംപസ് പശ്‌ചാത്തലത്തിൽ കഥ പറയുന്ന ത്രില്ലർ സിനിമയാണ് സകലകലാശാല. ഷാജി മൂത്തേടൻ നിർമിച്ച് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ്. നിരഞ്ജ് മണിയൻപിള്ള രാജു, മാനസ, ധര്‍മജന്‍ ബോള്‍ഗാട്ടി, ഗ്രിഗറി, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി, സുഹൈദ് കുക്കു എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. അതിഥി വേഷത്തിൽ ജോസഫ് അന്നംകുട്ടി ജോസും സാനിയ അയ്യപ്പനും എത്തുന്നു.

പ്രമേയം...

അക്ബർ മിടുക്കനായ എൻജിനീയറിങ് വിദ്യാർഥിയാണ്. സാങ്കേതിക മേളകളിൽ അക്ബറിന്റെ കണ്ടുപിടിത്തങ്ങൾ കോളജിനു സൽപ്പേര് നൽകുന്നുണ്ട്. എന്നാൽ അപ്രതീക്ഷിതമായി ഒരു ബാങ്ക് മോഷണത്തിൽ അക്ബർ ഉൾപ്പെടുത്തപ്പെടുന്നു. അതിൽ നിന്നും രക്ഷപ്പെടാനും തന്റെ നിരപരാധിത്വം തെളിയിക്കാനും അക്ബർ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 

ആദ്യപകുതി ക്യാംപസിന്റെ പ്രണയവും തേപ്പും സൗഹൃദങ്ങളും സംഘർഷങ്ങളും വിഷയമാക്കുമ്പോൾ രണ്ടാം പകുതി ക്യാംപസിനു പുറത്തേക്ക് പറിച്ചുമാറ്റപ്പെടുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബാങ്ക് മോഷണവും അതിൽ കോളജ് വിദ്യാർഥികളുടെ പങ്ക് അന്വേഷിച്ചുള്ള പോലീസിന്റെ ഓട്ടവും ചിത്രത്തിന്റെ ഗതിവേഗം വർധിപ്പിക്കുന്നു. അവസാനം അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ ചിത്രം ശുഭകരമായി പര്യവസാനിക്കുന്നു.

അഭിനയം...

ഏറെക്കുറെ പുതുമുഖമായിട്ടും അക്ബർ എന്ന നായക കഥാപാത്രത്തെ നിരഞ്ജ് ഭദ്രമാക്കിയിട്ടുണ്ട്. മാനസയും തൃപ്തികരമായ പ്രകടനം കാഴ്ച വച്ചിരിക്കുന്നു. കോളജ് പ്രിൻസിപ്പലായ വികാരിയായി ഷമ്മി തിലകനും സഹ വികാരിയായി ടിനി ടോമും ആദ്യ പകുതിയിൽ സ്‌കോർ ചെയ്യുന്നുണ്ട്. പതിവ് വിദൂഷക വേഷത്തിൽ ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും എത്തുന്നു. ചിത്രത്തിൽ ധർമജൻ ബോൾഗാട്ടിയുടെ വ്യത്യസ്തമായ ഗെറ്റപ് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ പ്രേക്ഷകർ അധികം പരിചയിച്ചിട്ടില്ലാത്ത ധർമജന്റെ മറ്റൊരു മുഖവും ചിത്രത്തിൽ കാണാനാകും. അത് സസ്പെൻസായി ഇരിക്കട്ടെ... തീപ്പൊരി ഡയലോഗുകൾക്ക് പ്രസിദ്ധനായ ഒരു താരം ചിത്രത്തിന്റെ അവസാനം പൊലീസ് വേഷത്തിലെത്തി കയ്യടി നേടുന്നുണ്ട്.

സാങ്കേതികം...

മനോജ് പിള്ളയുടെ ഛായാഗ്രഹണം ചിത്രത്തിന്റെ ആസ്വാദനത്തിനു മിഴിവേകുന്നു. ക്യാംപസിന്റെ ആഘോഷങ്ങൾ അനാവൃതമാകുന്ന ഗാനങ്ങളും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അബി ടോമിന്റെ പശ്‌ചാത്തല സംഗീതം ചിത്രത്തിന്റെ പ്ലസ് പോയിന്റാണ്. കഥാഗതിക്കനുസരിച്ച് മാറുന്ന സംഗീതം ചിത്രത്തിന് ഉടനീളം പിന്തുണ നൽകുന്നുണ്ട്.

രത്നച്ചുരുക്കം..

പ്രമേയപരമായി എ ടി എം മോഷണത്തിന്റെ കഥ പറഞ്ഞു ശ്രദ്ധിക്കപ്പെട്ട റോബിൻഹുഡ് എന്ന മലയാളം ചിത്രത്തിന്റെ തുടർച്ചയായി വരും സകലകലാശാല. അമിത പ്രതീക്ഷകൾ ഇല്ലാതെ പോയിക്കണ്ടാൽ ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തും എന്നുറപ്പ്...