ഇമ്മിണി ബല്യ പെരുന്നാൾ; റിവ്യു
Mail This Article
‘ബോംബൈയിലെ ഭായിമാരെ നീ കണ്ടിട്ടുണ്ടാകും, കൊച്ചിയിൽ നീ കാണുക ഇതുപോലുള്ള ബാപ്പമാരെയാകും’...മുംബൈയിൽ നിന്നും കോട്ടും സ്യൂട്ടും ഇട്ട് പേടിപ്പിക്കാനെത്തിയ ടീമുകളോട് തോക്കുകാട്ടി ഗഫൂർക്കാ പറയുന്നൊരു ഡയലോഗ് ആണ്. അൽപം കള്ളക്കടത്തും അധോലോകവുമൊക്കെയായി ഫോർട്ട്കൊച്ചിയിലെ കിടിലൻ മനുഷ്യരുടെ കഥ പറയുന്ന വലിയ പെരുന്നാൾ പ്രേക്ഷകർക്കൊരു വിരുന്നുതന്നെയാണ്.
ദിവസംതോറും വളർന്നുകൊണ്ടിരിക്കുന്ന കൊച്ചി നഗരത്തിലെ വലിയ വികസനങ്ങളൊന്നും വന്നുചേരാത്ത ഫോർട്ട്കൊച്ചിയിലാണ് വലിയ പെരുന്നാളിന്റെ കഥ നടക്കുന്നത്. ഒരു മുറിയും രണ്ടുമുറിയുമുള്ള വീടുകളിൽ എട്ടോ പത്തോ പേരൊക്കെയാണ് താമസം. ആ ഒരുമ ആ നാടിനുമുണ്ട്. എന്ത് പ്രശ്നംവന്നാലും അവർ ഒന്നിച്ചായിരിക്കും. അവിടെയാണ് അക്കറിന്റെ വീടും.
ഡാൻസും പ്രേമവുമൊക്കെയായി കറങ്ങി നടക്കുന്ന അക്കറിന് അൽപം ഗുണ്ടാപ്പണിയുമുണ്ട്. അക്കറിനൊപ്പം എന്തിനും ഏതിനും തയ്യാറായി ഒരു ഗ്യാങ് തന്നെയുണ്ട്. അക്കറും പച്ചയും ചെക്കുവും അപ്പിയും ഗഫൂർക്കായും മൂസാക്കായും അന്ത്രുവുമൊക്കെ അടങ്ങുന്ന ഒരു കൂട്ടം ആളുകൾ. അൽപം തല്ലും ഡാൻസുമൊക്കെയായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന അക്കറും ടീമും വലിയൊരു കെണിയിൽ ചെന്നു ചാടുന്നതും തുടർന്നുണ്ടാകുന്ന ഊരാക്കുടുക്കളിലൂടെയുമാണ് ചിത്രം മുന്നോട്ടുപോകുന്നത്.
കണ്ടാലും തീരില്ല കൊച്ചിയുടെ കാഴ്ചകൾ, പറഞ്ഞാലും തീരില്ല കൊച്ചിയുടെ കഥകൾ. സിനിമയിൽ ആ കഥക്കൂട്ടുകള്‍ ഒരുപാട് വന്നുപോയിട്ടുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പശ്ചാത്തലത്തിൽ ചുരുണ്ടുകൂടി കിടക്കുന്ന അഴിയാക്കുരുക്കുകളുടെ കഥയാണ് വലിയ പെരുന്നാള്‍ പറയുന്നത്. ആ കഥ അങ്ങനെപെട്ടന്നു പറയാനും പറ്റില്ല.
മൂന്ന് മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. എന്നാൽ അവതരണത്തിലെ വ്യത്യസ്ത ചിത്രത്തിന്റെ പുതുമ നിലനിർത്തുന്നു. സിനിമ കണ്ടിറങ്ങി ആ പ്രമേയത്തിലേയ്ക്ക് ആഴ്ന്നിറങ്ങിയാൽ മാത്രമാണ് എത്രത്തോളം കുരുക്കുനിറഞ്ഞതാണ് ഈ കഥയെന്ന് മനസ്സിലാകൂ.
മോശം ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന, എന്നാൽ അതിൽ നിന്നും പുറത്തു കടക്കാൻ കഴിയാതെ ക്വട്ടേഷൻ പണിക്കും കള്ളക്കടത്തിനും വഴിമാറുന്ന ആളുകളുടെ ജീവിതവും പച്ചയായി ചിത്രത്തിൽ അവതരിപ്പിക്കുന്നു. രണ്ടും മൂന്നും വീടുകൾ സ്വന്തമായുള്ള കൊച്ചിയിലെ മുതലാളിമാരുടെയും യാതൊരു വികസനവുമില്ലാതെ കൂരയിൽ കഴിയുന്ന കൊച്ചിയിലെ മറ്റൊരു ജീവിതങ്ങളും ചിത്രം പറയാതെ പറയുന്നു.
കൊച്ചിയിലെ ജീവിതങ്ങളെ വളരെ അടുത്ത് നിന്ന് കാണാൻ ചിത്രത്തിലൂടെ സംവിധായകൻ ശ്രമിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലും ഈ മികവ് എടുത്തുപറയേണ്ടതാണ്. അഷ്കർ സലാവുദീൻ എന്ന അക്കർ എന്ന കഥാപാത്രത്തെ ഷെയ്ൻ അനായാസം അവതരിപ്പിച്ചിട്ടുണ്ട്. പല തലങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രം ഷെയ്നിന്റെ കരിയറിൽ നിർണായകമാകും. പുതുമുഖ നടി ഹിമിക ബോസും പൂജ എന്ന കഥാപാത്രത്തെ ഭംഗിയാക്കി. ഡാൻസ് രംഗങ്ങളിൽ ഇരുവരുടെയും പെർഫോമൻസ് എടുത്തുപറയേണ്ടതാണ്.
ചെറിയ വേഷമാണെങ്കിലും ശിവൻ എന്ന കഥാപാത്രത്തെ ജോജു മികച്ചതാക്കി. വികാരരംഗങ്ങളിൽ ഉള്ളിൽ തട്ടുന്ന അഭിനയമാണ് ജോജു കാഴ്ചവച്ചത് .ഗഫൂർ എന്ന കഥാപാത്രത്തെ പുതുമുഖം ആഷിക്ക് ഖാലിദ് ഗംഭീരമാക്കി. മൂസയായി ഹംസക്കോയ എത്തുന്നു.
ബാബു സർ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ച ജയിംസ് ഏലിയയുടെ ഞെട്ടിക്കുന്ന പ്രകടനമാണ് വലിയ പെരുന്നാളിലെ പ്രധാനആകർഷണം. പേരറിയാത്ത നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നമുക്ക് പരിചതമായ ഈ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ഇവർക്കായി. വിനായകന്റെയും സൗബിൻ ഷാഹിറിന്റെയും അതിഥിവേഷവും രസകരമായി. മൺമറഞ്ഞ അനശ്വരനടൻ ക്യാപ്റ്റൻ രാജുവും ചിത്രത്തിൽ അഭിനയിക്കുന്നു. അതുൽ കുൽകർണി, അലൻസിയർ, അബു സലിം എന്നിവരാണ് മറ്റുതാരങ്ങൾ
ഏച്ചുകെട്ടലോ ബഹളങ്ങളോ ഇല്ലാതെ സിനിമയെ സത്യസന്ധമായി അവതരിപ്പിക്കാൻ സംവിധായകൻ ഡിമൽ ഡെന്നിസിനു കഴിഞ്ഞു. പരിചയസമ്പന്നരായ സംവിധായകരിൽ നിന്നും പ്രതീക്ഷിക്കുന്ന ആഖ്യാനരീതിയാണ് ചിത്രത്തിലേത്.ഡിമൽ ഡെന്നിസും തസ്‌രീഖ്അബ്ദുൽ സലാമും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്.
മട്ടാഞ്ചേരിയുടെയും ഫോർട്ട് കൊച്ചിയുടെയും മുക്കും മൂലകളും അതിസൂക്ഷമതോടെ പകർത്തിയെടുക്കാൻ സുരേഷ് രാജന്റെ ക്യാമറക്കു കഴിഞ്ഞു. വിവേക് ഹർഷന്റെ ചിത്രസംയോജനവും നീതിപുലർത്തി. റെക്സ് വിജയന്റെ പശ്ചാത്തലസംഗീതമാണ് ചിത്രത്തിന്റെ ആത്മാവ്. പാട്ടുകളും ഇഴചേർന്നുനിന്നു.
റിയലിസ്റ്റിക്ക് ആംഗിളിൽ ചിത്രീകരിച്ചിരിക്കുന്ന സത്യസന്ധമായ സിനിമ, വലിയ പെരുന്നാളിന് ഏറ്റവും ഇണങ്ങുന്ന വിശേഷണം ഇതാണ്. ഷെയ്‌ൻ നിഗം എന്ന നടന്റെ മികച്ച പ്രകടനവും മികച്ച കഥയും അതിനൊപ്പം നിൽക്കുന്ന മറ്റ് സാങ്കേതിക വശങ്ങൾ കൂടി ചേരുമ്പോൾ വലിയ പെരുന്നാൾ ‘ഇമ്മിണി ബല്യ പെരുന്നാളാകുന്നു’.