ലക്ഷണമൊത്ത ത്രില്ലർ; ഒാപ്പറേഷൻ ജാവ റിവ്യു
‘കാർഡ് വാലിഡിറ്റി തീർന്നു സാർ, ഇപ്പോൾ ഫോണിലേക്ക് വന്ന ഒടിപി നമ്പർ ഒന്നു പറയാമോ?’ ഇതുപോലെ ഒടിപി നമ്പറുകൾ പറഞ്ഞുകൊടുത്ത് ലക്ഷങ്ങളും പതിനായിരങ്ങളും പോയ നിരവധിപേരുണ്ട്. 5000 രൂപയ്ക്ക് ഐഫോൺ എന്ന പരസ്യം കണ്ട് ഫോൺ ഓർഡർ ചെയ്തപ്പോൾ പത്തുരൂപയുടെ സോപ്പുപെട്ടി വന്നതും നടന്ന കഥയാണ്. അതെ ഒാപ്പറേഷൻ ജാവ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന സിനിമയാണ്. ഒരുതരി ചോരവീഴാതെ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന സൈബർ ക്രൈമുകളെക്കുറിച്ചുള്ള സിനിമ.
ഇന്ത്യയിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും എണ്ണത്തിൽ കൂടുതൽ സൈബർ ക്രൈമുകളാണ്. എന്നാല്‍ അത്ര എളുപ്പമല്ല ഇതിലെ പ്രതികളെ പിടികൂടൽ. വെബ് ലോകത്തിന്റെ ഡിഎൻഎ പോലെ തന്നെ കെട്ടുപിണഞ്ഞായിരിക്കും ഇതിന്റെ ലിങ്കുകൾ കിടക്കുന്നത്. പെൺകുട്ടികളുടെ പേരിൽ വ്യാജനഗ്നവിഡിയോ പ്രചരിപ്പിച്ചും ഓൺലൈൻ ചാറ്റിങിലൂടെ സ്വകാര്യവിവരങ്ങൾ ചോർത്തിയും പണം തട്ടുന്ന കേസുകൾ നിരവധി. ഈ കേസിൽ സഹായത്തിനായി സമീപിക്കുന്നത് സൈബർ സെല്ലിനെയാണ്.
സൈബർ സെൽ എന്നു കേട്ടുകേൾവി മാത്രമുള്ളവരുണ്ട്, അവിടെ എന്ത് നടക്കുന്നു എങ്ങനെയാണ് കുറ്റവാളികളെ പിടികൂടുന്നത് എന്നതിനെപറ്റി ആർക്കും വലിയ പിടി ഇല്ല. ഓപ്പറേഷന്‍ ജാവ ആ ഓപ്പറേഷന്റെ കഥയാണ് പറയുന്നത്. ‘ജാവ’ അതിലൊരു ഓപ്പറേഷൻ മാത്രം.
ബിടെക്ക് കഴിഞ്ഞ് ജോലിയില്ലാതെ നടക്കുന്ന ആന്റണിയും വിനയദാസനുമാണ് ഈ ‘ഓപ്പറേഷനിലെ’ പ്രധാനതാരങ്ങൾ. 2015–ൽ പുറത്തിറങ്ങിയ പ്രേമം സിനിമയുടെ സെൻസർ കോപ്പി ചോർന്ന കേസിൽ കേരള പൊലീസിന്റെ സൈബർസെല്ലിനെ സഹായിക്കുന്ന നിർണായ തെളിവു നൽകുന്നതോടെ ആന്റണിയും വിനയദാസനും അവരുടെ ഒരു ഭാഗമാകുന്നു( ഒരു ‘താത്കാലിക’ ജോലി). അവിടെ നിന്നും ആരംഭിക്കുന്ന കഥ പിന്നീട് ഓൺലൈൻ തട്ടിപ്പ്, ആളുകളുടെ വ്യക്തി വിവരം ചോർത്തൽ, വിദേശത്ത് ജോലി തട്ടിപ്പ്, കൊലപാതകങ്ങൾ തുടങ്ങിയ നിരവധി കേസുകളിലൂടെ കടന്നുപോകുന്നു. ഈ കുറ്റകൃത്യങ്ങളില്‍ സൈബർസെല്ലിന്റെ അന്വേഷണ രീതിയും സഹായങ്ങളുമാണ് ചിത്രത്തിലൂടെ സംവിധായകൻ കാണിച്ചുതരുന്നത്.
കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചുകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കേരള പൊലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്‌ക്കരിക്കുന്നതില്‍ സംവിധായകൻ പൂർണമായി വിജയിച്ചു. അവിശ്വസനീയമായ സംഘട്ടനരംഗങ്ങളോ നൂതന ഹാക്കിങ് രീതികളോ തീപ്പൊരി സംഭാഷണങ്ങളോ ഒന്നും ഇല്ലാതെയുള്ള ഓപ്പറേഷനുകളാണ് ഇവരുടെ രീതി. ഈ സ്വീക്വൻസുകൾ വൃത്തിയായി ചിത്രീകരിക്കാനും അണിയറപ്രവർത്തകർക്കു കഴിഞ്ഞു. അത്യുഗ്രൻ കാസ്റ്റിങ് ആണ് സിനിമയുടേത്. കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ചുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലും വിജയിച്ചു.
ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ദീപക് വിജയന്‍, ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് കയ്യടി നേടുന്ന താരങ്ങൾ. ദിനേശ് പ്രഭാകർ, ജോണി ആന്റണി, ധന്യ അനന്യ, വിനീതകോശി, മമിത ബൈജു, പി ബാലചന്ദ്രന്‍, പാർവതി നീന മൗലി, ദിൽഷന, റിതു മന്ത്ര എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇതുകൂടാതെ പേരറിയാത്ത ഒരുപാട് അഭിനയപ്രതിഭകൾ ചിത്രത്തിലുണ്ട്.
നവാഗതന്റെ കുറവുകളൊന്നുമില്ലാതെ സംവിധായകൻ തരുൺ മൂർത്തി തന്റെ ആദ്യസംരംഭം അതിഗംഭീരമാക്കിയെന്നു തന്നെ പറയാം. ചിത്രത്തിന്റെ ഓഡിഷനിൽ നിന്നു പുറത്താക്കപ്പെട്ടവർക്കു ടൈറ്റിൽ കാർഡിൽ നന്ദി പറയുന്ന ആദ്യത്തെ സംവിധായകനും ചിലപ്പോൾ തരുൺ ആകാം.
സാങ്കേതികമായും ചിത്രം മുന്നിട്ടുനിൽക്കുന്നു. ഫായിസ് സിദ്ദിഖിന്റെ ഛായാഗ്രഹണവും നിഷാദ് യൂസഫിന്റെ എഡിറ്റിങും മികച്ചു നിൽക്കുന്നു. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ജേക്സ് ബിജോയ്‌യുടെ പശ്ചാത്തലസംഗീതം സിനിമയുടെ ഡാർക് മൂഡ് നിലനിർത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു. വിഷ്ണു, ശ്രീ ശങ്കര്‍ എന്നിവരാണ് ജാവയുടെ ശബ്ദമിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്, ഡോള്‍ബി അറ്റ്‌മോസ് 7.1ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.
കുറ്റ്വാനേഷണ സിനിമയാണെങ്കിൽ കൂടി ഈ ചിത്രം കേരളത്തില്‍ തൊഴിലില്ലാതെ അലയുന്ന അഭ്യസ്ഥവിദ്യരായ എല്ലാവരെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. കേന്ദ്രകഥാപാത്രങ്ങളിലൂടെ അവരുടെ ജീവിതത്തെ പ്രേക്ഷകരുമായി സംവിധായകൻ ബന്ധപ്പെടുത്തുന്നു. തൊഴിൽ സമരവുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾ ഇപ്പോൾ നടത്തുന്ന സമരത്തെ സിനിമ കാണുന്ന പലരും ഒാർമിച്ചേക്കാം. അഞ്ചാം പാതിരയ്ക്കു ശേഷം മലയാളത്തിലിറങ്ങിയ ലക്ഷണമൊത്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ഇൗ ചിത്രം. വലിയ താരങ്ങളില്ലെങ്കിലും സ്ക്രീനിൽ നിന്നു കണ്ണെടുക്കാതെ ഇൗ സിനിമ കണ്ടിരുന്നു പോകും നാം.