ADVERTISEMENT

തെളിച്ചമുള്ള ദൃശ്യങ്ങളാല്‍ നമുക്കു ചുറ്റുമുള്ള ഇരുളിനെ അടയാളപ്പെടുത്തുന്ന ധീരതയാണ് ബിരിയാണിയെന്ന് ഒറ്റവാക്കില്‍ പറയാം. അതിന്റെ വേവിലും പൊന്തുന്ന ആവിയിലും ഉയരുന്ന ഗന്ധത്തിലുമൊക്കെ നമ്മള്‍ ഇല്ലാതായിപ്പോകുന്നു. കണ്ടില്ലെന്ന് നാം നടിച്ച കാഴ്ചകള്‍.  ഇല്ലെന്ന് നാം വിശ്വസിച്ച അനീതികള്‍.  വ്യാഖ്യാനിച്ച് മറ്റൊന്നാക്കിയ ജീവിതത്തുണ്ടുകള്‍. ഇതിനെയൊക്കെ കലയുടെ അടുപ്പിലിട്ട് പാകപ്പെടുത്തിയതാണ് സജിന്‍ബാബുവിന്റെ  ബിരിയാണി എന്ന ചലച്ചിത്രം. അത് കുറ്റബോധത്തിന്റെ കണ്ണീരുപ്പ് ചേര്‍ത്തല്ലാതെ കാണിക്ക് ആസ്വദിക്കുക വയ്യ. ധീരതയാണ്, പ്രമേയത്തിന്‍മേലുള്ള സംവിധായകന്റെ വ്യക്തതയാണ് ബിരിയാണിയുടെ അടിസ്ഥാനചേരുവകള്‍. എല്ലാത്തരം പ്രേക്ഷകരിലേക്കും അനായാസം ഇറങ്ങിച്ചെല്ലുകയും ആസ്വാദ്യകരമാവുകയും ചെയ്യുന്ന ലാളിത്യം കൂടി ഈ സിനിമയ്ക്കുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ നമ്മുടെ കാഴ്ചയുടെ വട്ടച്ചെമ്പില്‍ എക്കാലവും വെന്തുപാകമായിത്തന്നെ കിടക്കും. ആവി പറപ്പിച്ച്.

 

kani-movie

ഖദീജയുടെ കിടപ്പറദൃശ്യത്തില്‍ നിന്നാരംഭിക്കുന്ന ബിരിയാണി ഞെട്ടിപ്പിക്കുന്നൊരു കഥാന്ത്യത്തില്‍ പൂര്‍ണമാവുകയല്ല ചെയ്യുന്നത്. അതവിടെ നിന്നും പുനരാരംഭിക്കുകയാണ് ചെയ്യുന്നത്. അവസാനമില്ലാത്തൊരസ്വസ്ഥയായി, ആത്മാര്‍ത്ഥവും ധീരവുമായൊരു കലാസൃഷ്ടിയുടെ സഹജാവസ്ഥയായി ബിരിയാണി നമുക്കിടയില്‍ തുടര്‍ന്നുകൊണ്ടിരിക്കും. ആ തുടര്‍ച്ച ഒരേ സമയം നമ്മളെ കലാസ്വാദകര്‍ എന്ന  നിലയില്‍ ആഹ്‌ളാദിപ്പിക്കുന്നതാണ്, അതേസമയം സാമൂഹ്യജീവികള്‍ എന്ന നിലയില്‍ വേദനിപ്പിക്കുന്നതുമാണ്.

 

ബിരിയാണി ഒരു തരത്തിലുമുള്ള മുന്‍വിധിയോ, ഒത്തുതീര്‍പ്പുകളോ ഇല്ലാതെയാണ് അതിന്റെ പ്രമേയത്തെ സമീപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അത് കാണിച്ചു തരുന്ന കാഴ്ചകള്‍ അസുഖകരമായിരിക്കാം, ചിലപ്പോഴൊക്കെ പ്രകോപനപരമായിരിക്കാം, മറ്റ് ചിലപ്പോള്‍ ആഴത്തില്‍ മുറിപ്പെടുത്തുന്നതായിരിക്കാം, ഒരു ഘട്ടത്തില്‍ അത് വന്യവും ക്രൂരവുമായി മാറുന്നുണ്ടാവാം. എങ്കിലും സത്യത്തിന്റെ സ്പര്‍ശമില്ലാത്ത ഒരു കഷണം ദൃശ്യമോ ശബ്ദമോ കാണികള്‍ക്ക് ബിരിയാണിയില്‍ കണ്ടെത്താന്‍ കഴിയില്ല. ഇനി ഈ ചിത്രത്തില്‍ സത്യമല്ലാതെന്തെങ്കിലും ഉണ്ടെങ്കില്‍ അത് അപ്രിയസത്യം മാത്രമായിരിക്കും.

 

ബിരിയാണി അടിമുടി നഗ്നമായ ഒരു ചിത്രമാണ്. നഗ്നതയാണ് സിനിമയുടെ സാധ്യതയും ലക്ഷ്യവും എന്ന് പറഞ്ഞാല്‍ പോലും തെറ്റുണ്ടാവില്ല. പക്ഷേ ആ നഗ്നതയെന്നത് കേവലം ശരീരത്തിന്റെ നഗ്നതയല്ല. ബിരിയാണി കാഴ്ചക്കാരന്റെ മന:സാക്ഷിയെ ആണ് നഗ്നമാക്കുന്നത്. അത് നമ്മള്‍ നേരത്തേ പറഞ്ഞതു പോലെ വെട്ടിത്തിളങ്ങുന്ന ദൃശ്യങ്ങള്‍ കൊണ്ട് കാലത്തിന്റെയും സ്ത്രീജീവിതത്തിന്റെയും മതമടക്കമുള്ള സ്ഥാപനങ്ങളുടെയും മറകളെ ഉരിഞ്ഞുകളയുന്നു. അവയുടെ നഗ്നതയെ വെളിച്ചപ്പെടുത്തുന്നു.

 

ഖദീജയെന്ന സ്ത്രീയ്ക്ക് സമൂഹവും സ്ഥാപനങ്ങളും വ്യക്തികളും ചേര്‍ന്ന് നല്‍കുന്നതെന്ത് എന്ന അന്വേഷണവും അതവളെ എങ്ങനെയൊക്കെ മാറ്റിത്തീര്‍ക്കുന്നു എന്നതുമാണ് നാം ബിരിയാണി എന്ന ചലച്ചിത്രത്തില്‍ കാണുന്നത്. അതുവഴി വ്യക്തി എന്ന നിലയിലും കലാകാരന്‍ എന്ന നിലയിലുമുള്ള തന്റെ തിരിച്ചറിവുകള്‍ പങ്കുവയ്ക്കുക കൂടി സജിന്‍ബാബു ചെയ്യുന്നുണ്ട്. ഖദീജയുടെ അനുഭവങ്ങളിലൂടെയും പരിണാമത്തിലൂടെയും സിനിമ സഞ്ചരിച്ചു കഴിയുമ്പോള്‍ അസ്വസ്ഥജനകമായ ഒരുപിടി സാമൂഹികയാഥാർഥ്യങ്ങള്‍ ഓരോ പ്രേക്ഷകനിലും പിടിമുറുക്കിയിരിക്കും. അതില്‍ സത്രീ ഉണ്ട്, മതമുണ്ട്, അധികാരമുണ്ട്, സമൂഹമുണ്ട്, ചുരുക്കത്തില്‍ നമ്മുടെ വര്‍ത്തമാനത്തിന്റെ തിളയ്ക്കുന്ന പ്രശ്‌നങ്ങളെല്ലാം ബിരിയാണിയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇത് വെറുതെ ഒരു രസത്തിന് കഴിച്ചുപോകാന്‍ പറ്റുന്ന ഒന്നാകുന്നുമില്ല.

 

മതതീവ്രവാദം, പൗരോഹിത്യം, മതത്തിനകത്തെ സത്രീവിരുദ്ധതയും പുരുഷാധികാരവും, നിയമവ്യവസ്ഥ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടങ്ങിയവയൊക്കെ സ്ത്രീയുടെ കാഴ്ചപ്പാടിലും സത്രീയെ കേന്ദ്രമാക്കിയുമാണ് സംവിധായകന്‍ ചര്‍ച്ചയ്ക്ക് വയ്ക്കുന്നത്. എങ്കിലും ഇവയൊക്കെ സ്ത്രീവിഷയങ്ങള്‍ മാത്രമാണെന്ന് സിനിമ പറയുന്നില്ല. സ്ത്രീക്കുമാത്രമായി ഒരു വിമോചനവുമില്ലാത്തത് കൊണ്ട് ആത്യന്തികമായി ബിരിയാണി എന്ന സിനിമ സഞ്ചരിച്ചെത്തുന്നത് മനുഷ്യനിലേക്കും മാനവികതയിലേക്കുമായിത്തീരുന്നു. അത് വ്യക്തി എന്ന അടിസ്ഥാനയൂണിറ്റിനെ ആദരിക്കുന്ന ചിത്രമായിത്തീരുന്നു. സിനിമ പുരോഗമിക്കവേ ഖദീജ സ്വയം കണ്ടെത്തുന്നതും ഇന്നോളം തന്നെ ദുര്‍ബലമാക്കിയവയ്‌ക്കെതിരെ തിരിച്ചടിക്കുന്നതും തന്നെ അതിന് തെളിവായിത്തീരുന്നു.

 

ബിരിയാണിയുടെ പ്രമേയത്തെപ്പറ്റിയും അതിന്റെ സാമൂഹികമാനങ്ങളെപ്പറ്റിയും പറയുമ്പോള്‍ തന്നെ സിനിമ എന്ന നിലയ്ക്ക് അതിന്റെ സാങ്കേതിക-കലാംശങ്ങളിലും അത് മികവ് നഷ്ടപ്പെടുത്തുന്നില്ല. പുതിയകാലത്ത് വാണിജ്യ-കലാചിത്രങ്ങള്‍ തമ്മില്‍ ശക്തമായൊരു വേര്‍തിരിവ് നിലനില്‍ക്കുന്നില്ല. അത് അനാവശ്യമായൊരര്‍ത്ഥ ശൂന്യതയാണെന്ന് തെളിയിക്കുന്ന നിരവധി സിനിമകള്‍ എത്രയോ കാലമായി ലോകസിനിമയിലും ഇന്ത്യന്‍സിനിമയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ബിരിയാണിയും ആ ശ്രേണിയില്‍ ഇടം പിടിക്കുന്നു. പ്രമേയത്തിന് അനുയോജ്യമായ പരിചരണം എന്നതാണ് പുതിയ കാലത്തിന്റെ ചലച്ചിത്രഭാഷയെ നിര്‍ണയിക്കുന്ന ഘടകം. ബിരിയാണിയും അത് തന്നെ പിന്‍പറ്റുന്നു. അതിസുന്ദരമായ ഛായാഗ്രഹണവും, മികച്ച ശബ്ദരൂപകല്‍പനയും ബിരിയാണിയുടെ ക്രാഫ്റ്റിനെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശബ്ദരൂപകല്‍പന സംവിധായകന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

 

സിനിമയുടെ ഒഴുക്കും വേഗതയും കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. സങ്കീര്‍ണമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോഴും സിനിമ ഒരിടത്തും പ്രചരണ-മുദ്രാവാക്യസ്വഭാവത്തിലേക്ക് വഴുതി വീഴുന്നില്ല. അത് എല്ലായ്‌പ്പോഴും കഥാപാത്രങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്നു. അവരുടെ വികാരങ്ങളും അവസ്ഥകളും മാത്രം കാണിച്ചു കൊണ്ട് കാണിയെ അതിനുമപ്പുറത്തേക്ക് ഒരു മാജിക്കിലെന്ന പോലെ കൊണ്ടുപോകുന്നു. സ്വാഭാവികമായൊഴുകുന്ന ഒരു നദി പോലെ ബിരിയാണി കാണിയെ തഴുകിക്കടന്നുപോകുകയാണ് ചെയ്യുന്നത്.

 

മലയാളത്തിലെ ഏറ്റവും ധീരമായ സിനിമാപരിശ്രമങ്ങളിലൊന്നായി സജിന്‍ബാബുവിന്റെ സിനിമ നിലനില്‍ക്കുമ്പോഴും അതിലെ നടീ-നടന്‍മാരെക്കുറിച്ച് പറയാതെ മുന്നോട്ട് പോകാനാവില്ല. മലയാളസിനിമയുടെ ഇന്നേവരെയുള്ള മുഴുവന്‍ ചരിത്രവും തിരഞ്ഞാലും ഖദീജയായുള്ള കനിയുടെ അഭിനയപ്രകടനത്തിന് സമാനമായൊന്ന് കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞെന്ന് വരില്ല. മറ്റ് താരങ്ങളെക്കൂടി കണക്കിലെടുത്ത് ചിന്തിക്കുമ്പോള്‍ ബിരിയാണി അഭിനേതാക്കളുടെ കൂടി സിനിമയാണ്. തീര്‍ച്ചയായും തിയറ്ററില്‍ നഷ്ടപ്പെടുത്തിക്കൂടാത്ത ഒന്ന്.

 

(കഥാകൃത്തും സ്വതന്ത്രമാധ്യമ പ്രവർത്തകനുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com