ADVERTISEMENT

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമ. കഴിഞ്ഞ കുറെ മാസങ്ങളായി പ്രേക്ഷകർ കാണാൻ കാത്തിരുന്ന ചിത്രം. ഒടിടിയിൽ റിലീസെന്നറിഞ്ഞപ്പോൾ പലരും വേദനിച്ച ടൊവീനോയുടെ മാസ് ആക്‌ഷൻ പടം. പ്രമോഷന്റെ അങ്ങേയറ്റം കണ്ട മിന്നൽ മുരളി എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തപ്പോൾ ആകാംക്‌ഷയുടെ പരകോടിയിലായിരുന്നു ആസ്വാദകർ. വാനോളമുയർന്ന പ്രതീക്ഷകൾ ചിത്രം കാത്തോ ? 

 

മിന്നലടി കഥ

minnal-murali-trailer-2

 

90–കളിലാണ് കഥ നടക്കുന്നത്. കുറുക്കൻമൂല എന്ന കൊച്ചു ഗ്രാമം. അവിടെ ജെയ്സൺ എന്ന ചെറുപ്പക്കാരൻ. ഒരു രാത്രി അപ്രതീക്ഷിതമായി ജെയ്സണ് മിന്നലേൽക്കുന്നു. തുടർന്ന് അവൻ പോലുമറിയാതെ കുറേയെറെ സൂപ്പർ പവറുകൾ അവന് ലഭിക്കുന്നു. എന്നാൽ അതേ ഗ്രാമത്തിൽ മറ്റൊരാൾക്കും മിന്നലേറ്റിരുന്നു. ഒരാൾ ഗ്രാമത്തിന്റെ രക്ഷകനാകുമ്പോൾ മറ്റൊരാൾ അന്തകനാകുന്നു. ഇവർ തമ്മിലുള്ള ഏറ്റുമുട്ടലാണ് സിനിമയുടെ പ്രമേയം. 

 

ആക്‌ഷനും ഇമോഷനും

minnal-murali-trailer-3

 

സൂപ്പർ ഹീറോ സിനിമ എന്നു കേൾക്കുമ്പോൾ ആക്‌ഷൻ മാത്രമാണെന്ന് കരുതരുത്. ആക്‌ഷനും ഇമോഷനും ചേർന്നുള്ള കഥ പറച്ചിൽ രീതിയാണ് അണിയറക്കാർ സിനിമയിൽ സ്വീകരിച്ചിരിക്കുന്നത്. നായകന്റെ പ്രണയത്തെക്കാൾ കൂടുതൽ വില്ലന്റെ സ്നേഹബന്ധത്തിനും വൈകാരികതയ്ക്കും പ്രാധാന്യം നൽകിയിരിക്കുന്ന വ്യത്യസ്തമായ ട്രീറ്റ്മെന്റ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കണക്റ്റ് ചെയ്യാവുന്ന രംഗങ്ങൾ. തിരക്കഥയിലെ മികച്ച രംഗങ്ങൾ അതിന്റെ ഭംഗി ഒട്ടും ചോരാതെ ഷൂട്ട് ചെയ്തിരിക്കുന്നു. 

 

വിഎഫ്എക്സ് എന്ന സൂപ്പർ ഹീറോ

minnal-murali-34

 

ചിത്രത്തിലെ സൂപ്പർ ഹീറോ ശരിക്കും വിഎഫ്എക്സ് തന്നെയാണ് (അഭിനേതാക്കളുടെ പ്രകടനത്തെ കുറച്ചു കാണുകയല്ല). ബജറ്റിന്റെ കാര്യത്തിലും സമയത്തിന്റെ കാര്യത്തിലും മലയാള സിനിമയ്ക്കു പരിമിതികളുണ്ടെന്ന പറച്ചിൽ ഇനി നടക്കില്ല. അങ്ങനെ പറയുന്നവർ മിന്നൽ മുരളി ഒന്നു കാണുന്നത് നല്ലതാണ്. ഒട്ടും ‘ഒാവറാക്കാതെ’ വൃത്തിയായി എങ്ങനെ ഒരു സിനിമയുടെ വിഎഫ്എക്സ് ചെയ്യാമെന്ന് മിന്നൽ മുരളി പഠിപ്പിക്കും. അണിയറക്കാർ തന്നെ തന്നെ വരും ദിവസങ്ങളിൽ അതൊക്കെ വെളിപ്പെടുത്തട്ടെ. 

jude-minnal-murali

 

ടൊവീനോ സ്റ്റാറാ

 

സൂപ്പർ സ്റ്റാർ പദവിയിലേക്കുള്ള ആദ്യ കാൽവയ്പ്പായേക്കാം ടൊവീനോ തോമസ് എന്ന നടന് മിന്നൽ മുരളി. നേരത്തെ പറഞ്ഞ ആക്‌ഷൻ, ഇമോഷൻ രംഗങ്ങളിൽ താരം വളരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഹാസ്യരംഗങ്ങളും അനായാസം കൈകാര്യം ചെയ്തിരിക്കുന്നു. ആക്‌ഷൻ രംഗങ്ങളിലെ മെയ്‌വഴക്കം എടുത്തു പറയേണ്ടതാണ്. പല സ്വീക്വൻസുകളും ഡ്യൂപ്പിന്റെ പോലും സഹായമില്ലാതെയാണ് ടൊവീനോ ചെയ്തിരിക്കുന്നതും. 

 

മിന്നലാണ് വില്ലനും മറ്റുള്ളവരും

 

മാർവെൽ സൂപ്പർ ഹീറോ സിനിമകളിലൊക്കെ കാണും പോലെ വില്ലനും വ്യക്തിത്വം കൊണ്ടു വരാൻ അണിയറക്കാർക്കു കഴിഞ്ഞിട്ടുണ്ട്. ഗുരു സോമസുന്ദരം ആ വേഷം വളരെ ഭംഗിയായി ചെയ്യുകയും ചെയ്തു. വ്യത്യസ്തമായ വേഷവുമായി ഹരിശ്രീ അശോകനും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റും. ബൈജു, അജു വർഗീസ്, വസിഷ്ഠ് ഉമേഷ്, ജൂഡ് ആന്തണി, മാമുക്കോയ, പി. ബാലചന്ദ്രൻ തുടങ്ങി മറ്റു അഭിനേതാക്കളും മിന്നലിൽ മിന്നി. 

 

ബേസിലിന്റെ ‘സിനിമാറ്റിക്ക് യൂണിവേഴ്സ്’

 

തന്റെ മൂന്നാമത്തെ സിനിമയിലും ബേസിൽ ജോസഫ് എന്ന സംവിധായകൻ വിജയത്തിന്റെ ട്രാക്ക് വിടാതെ കാക്കുന്നു. സൂപ്പർ ഹീറോ സിനിമയെന്ന തന്റെ ആശയം ഒട്ടും പാളിപ്പോകാതെ അവതരിപ്പിച്ച് ‘മലയാള സിനിമാ യൂണിവേഴ്സിലെ’ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നു ബേസിൽ. വലിയ സിനിമകൾ ചെയ്യാനുള്ള ആത്മവിശ്വാസം മിന്നൽ ബേസിലിന് നൽകുമെന്ന കാര്യത്തിൽ സംശയമില്ല. 

 

മിന്നലിനു പിന്നിൽ 

 

സമീർ താഹിറിന്റെ ഛായാഗ്രഹണ മികവ് എപ്പോഴും എപ്പോഴും എടുത്തു പറയേണ്ടതില്ലെങ്കിലും പറയാതെ പോകുന്നത് പാതകമായിരിക്കും. ലൈറ്റിങ്ങും ഫ്രെയിമിങ്ങും കൊണ്ട് മിന്നൽ മുരളിയെ അതിമനോഹരമാക്കി സമീർ. രചന നിർവഹിച്ച അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവിനും ഇനി രണ്ടാം ഭാഗത്തിലേക്ക് കടക്കാം. ഷാൻ റഹ്മാനും സുഷിൻ ശ്യാമും ചേർന്നൊരുക്കിയ സംഗീതം മനോഹരമായിരുന്നു. (ടീസറിലെ മ്യൂസിക് എന്തിനൊഴിവാക്കി എന്നതിന് ഒരു വ്യക്തത കിട്ടിയാൽ നന്നായിരുന്നു). ഇത്തരമൊരു ചിത്രം നിർമിക്കാൻ ധൈര്യം കാട്ടിയ നിർമാതാവ് സോഫിയാ പോൾ വലിയ കയ്യടി അർഹിക്കുന്നു. 

 

ചുരുക്കത്തിൽ ദേ ഇതാണ് മിന്നൽ

 

ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന സിനിമയാണ് മിന്നൽ മുരളി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമ. ഉറപ്പായും തിയറ്റർ അനുഭവം ആവശ്യപ്പെടുന്ന ചിത്രമാണെങ്കിലും ഇനി പറഞ്ഞിട്ടു കാര്യമില്ല. മിന്നൽ 2–നായി കാത്തിരിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com