ഈ ഓണക്കാലത്ത് തിയറ്ററുകൾ പൂരപ്പറമ്പാക്കാൻ മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം എത്തും. നേരത്തെ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലര്‍ വില്ലൻ ഓണറിലീസ് ആയി തിയറ്ററുകളിെലത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ വില്ലന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതായി സംവിധായകൻ അറിയിച്ചിരുന്നു. ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്.
കോളജ് അധ്യാപകനായ പ്രൊഫ.മൈക്കിൾ ഇടിക്കുളയാണ് ചിത്രത്തിലെ മോഹൻലാലിന്റെ ഒരു കഥാപാത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബെന്നി പി.നായരമ്പലത്തിന്റേതാണ് തിരക്കഥ. അങ്കമാലി ഡയറീസ് ചിത്രത്തിലെ നായിക രേഷ്മ രാജനാണ് മോഹൻലാലിന്റെ നായികയായെത്തുന്നത്. സലിം കുമാർ, അനൂപ് മേനോൻ, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.