സാറ്റ്‌ലെറ്റ് റേറ്റും താരങ്ങളും മലയാള സിനിമ ഭരിച്ചിരുന്ന കാലഘട്ടം. അവിടേക്ക് ഒരു കൂട്ടം പുതുമുഖങ്ങളെ കൊണ്ടുവന്ന് പ്ലസ് ടു എന്ന സിനിമ ഒരുക്കിയ ആളാണ് ഷെബി. ഈ യുവ സംവിധായകൻ തന്റെ അടുത്ത ചിത്രവുമായി എത്തുന്നു.
ഇത്തവണ പുതുമുഖങ്ങൾക്ക് പകരം പുത്തൻ ആശയങ്ങളാണ് ഷെബി മുമ്പോട്ട് വെയ്ക്കുന്നത്. ബോബി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജും മിയയുമായി പ്രധാനവേഷങ്ങളിലെത്തുന്നത്.
സുഹ്റ എന്റർടൈമെന്റ് സിന്റെ ബാനറിൽ സഗീർ ഹൈദ്രോസ് നിർമ്മിക്കുന്ന ബോബിയുടെ കഥയും തിരക്കഥയും സംവിധായകന്റേതു തന്നെ. അജു, ധര്‍മജൻ, നോബി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
സംഭാഷണം - വി ആർ ബാലഗോപാൽ, തോമസ് ചാക്കോ. ചായാഗ്രഹണം - പ്രശാന്ത് കൃഷ്ണ. എഡിറ്റിംഗ് - ബാബുരത്നം. എസ് രമേശൻ നായർ, ഹരി നാരായണൻ എന്നിവരുടെ ഗാനങ്ങൾക്ക് റോണി റാഫേലും ദേവിക മുരളിയും ഈണം നൽകിയിരിക്കുന്നു.
കുടുംബ പ്രേക്ഷകരെ ആകർഷിക്കും വിധം നർമ്മത്തിന്റെ മേമ്പൊടിയുള്ള ഒരു പ്രണയകഥയായിട്ടാണ് ബോബിയെ അണിയിച്ചൊരുക്കിയിട്ടുള്ളത്.ചിത്രത്തിന്റെ പ്രിവ്യൂ കണ്ട ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തികൾ വളരെ മികച്ച അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. ചിത്രം ഈ മാസം 18ന് തിയറ്ററുകളിൽ എത്തും.