ബിജു മേനോനും യുവതാരം നീരജ് മാധവും വീണ്ടുമൊന്നിക്കുന്നു. നവാഗതനായ വിനു ജോസഫ് ഒരുക്കുന്ന റോസാപ്പൂ എന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും കൂടിച്ചേരൽ. ബിജു മേനോനൊപ്പം നിൽക്കുന്ന കഥാപാത്രമാകും നീരജ് അവതരിപ്പിക്കുക. മധുരനാരങ്ങ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
നീരജ് ആദ്യമായി തിരക്കഥ എഴുതുന്ന ലവകുശ എന്ന ചിത്രത്തിലും ബിജുമേനോൻ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീരജിന്റെയും ബിജു േമനോന്റെയും ടൈമിങ് കോമഡി നമ്പറുകളായിരിക്കും റോസാപ്പൂവിലെ പ്രധാനആകർഷണം.
തമിഴ് നടി അഞ്ജലിയാണ് സിനിമയിൽ നായികയായി എത്തുന്നത്. പുലി, ഇരുമുഗൻ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങളൊരുക്കിയ ഷിബു തമീൻസ് ആണ് ചിത്രത്തിന്റെ നിർമാണം. ദുൽഖറിന്റെ സൂപ്പർഹിറ്റ് ചിത്രമായ എബിസിഡിയ്ക്ക് ശേഷം ഷിബു തമീൻസ് നിർമിക്കുന്ന രണ്ടാമത്തെ മലയാളചിത്രം കൂടിയാണിത്. സിനിമയുടെ കഥയും തിരക്കഥയും വിനുവിന്റേതാണ്. സന്തോഷ് ഏച്ചിക്കാനമാണ് സംഭാഷണം.
സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റുതാരങ്ങൾ. വലിയതാര നിരതന്നെ അണിനിരക്കുന്ന ചിത്രത്തിൽ 143 കഥാപാത്രങ്ങളുണ്ട്. കൂടാതെ ഈ 143 പേര്‍ക്കും അവരുടേതായ പ്രാധാന്യം സിനിമയിൽ ഉണ്ടാവുമെന്നും സംവിധായകന്‍ പറയുന്നു. ഒഡീഷന്‍ നടത്തിയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരും തമിഴിൽ നിന്നാകും.