നാലു സുഹൃത്തുക്കൾ; ജീവിതത്തിൽ ഒരു രക്ഷാതീരം തേടിയുള്ള നെട്ടോട്ടത്തിനിടെ അവരുടെ പെടാപ്പാടുകളുടെ കഥ രസകരമായി പറയുന്ന ഒരു ചിത്രം. സിനിമയുടെ പേരും രസകരമാണ്– പെട്ടിലാമ്പട്ട്ര. നവാഗത സംവിധായകനായ ശ്യാം ലെനിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനേതാക്കളിലേറെയും പുതുമുഖങ്ങളാണ്. ‘ഇതിൽ നീയുണ്ട്, ഞാനുണ്ട്, ദേ അവനുമുണ്ട്, നമുക്കിട്ട് പണി തരുന്നവനുമുണ്ട്...’ എന്ന ടാഗ്‌ലൈനോടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
പുതുമുഖങ്ങളായ സൻമയാനന്ദൻ, റോണി രാജ്, ജെൻസൺ ജോസ്, ലെവിൻ സൈമൺ ജോസഫ് എന്നിവരാണ് ‘പെട്ടിലാമ്പട്ട്ര’യിലെ പ്രഥാന കഥാപാത്രങ്ങൾ. ഇന്ദ്രൻസ്, ഇർഷാദ്, ചെമ്പിൽ അശോകൻ, ഉല്ലാസ് പന്തളം, ശിവദാസ് മാറാമ്പിളി, ലീലാ കൃഷ്ണൻ, സ്വാസിക, പറവൂർ വാസന്തി, മേരി തുടങ്ങിയവരാണു മറ്റു താരങ്ങൾ. പറവൂർ നന്ത്യാട്ടുകുന്നത്തായിരുന്നു ചിത്രീകരണത്തിന്റെ തുടക്കം.
സെവൻ പാവോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സ്വരൂപ് രാജൻ മയിൽവാഹനം നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: മധു മാടശ്ശേരി. നിഷാദ് അഹമ്മദ്, ഷാജി ഏഴിക്കര എന്നിവർ എഴുതിയ വരികൾക്ക് ശാശ്വത് ഈണം പകരുന്നു. വിജയ് യേശുദാസ്, സുജിത്ത് സുരേശൻ, അമൻ എന്നിവരാണു ഗായകർ.
എക്സി.പ്രൊഡ്യൂസർ: ഷൊർണൂർ വിജയൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഹോചിമിൻ.കെ.സി, കല: ശ്രീകർ, മേയ്ക്കപ്പ്: സുനിൽ നാടക്കൽ, കോസ്റ്റ്യൂം ഡിസൈനേഴ്സ്: ലിയാ റാഫേൽ, അനുമോൾ.സി.ജി, വസ്ത്രാലങ്കാരം: അനിക്കുട്ടൻ കെടാമംഗലം, പബ്ലിക് റിലേഷൻസ്: എ.എസ്.ദിനേശ്.