മോഹൻലാൽ–ബി. ഉണ്ണികൃഷ്ണൻ സിനിമയുടെ ചിത്രീകരണം തുടങ്ങി

മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ തെലുങ്ക് നടി റാഷി ഖന്ന, ചെമ്പൻ വിനോദ്, അജു വർഗീസ് എന്നിവർ അടങ്ങുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്. മോഹൻലാൽ നാളെ ചിത്രത്തിൽ ജോയിൻ ചെയ്യും.

മഞ്ജു വാര്യർ ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായി വേഷമിടുന്നു. ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് ഇരുവരും വേഷമിടുന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും സിനിമയില്‍ മഞ്ജുവും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിരുന്നു.

സിനിമയിൽ വളരെ പ്രധാനപ്പെട്ടതും ശക്തവുമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണൻ പറയുന്നു. സർവീസിൽ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുക. വാഗമണ്ണാണ് പ്രധാന ലൊക്കേഷന്‍. 50, 55 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

തമിഴ് നടൻ വിശാൽ ആണ് മറ്റൊരു താരം. കൂടാതെ ഹൻസിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും അണിനിരക്കുന്നു.പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ‍ആണ് ഈ സിനിമയുടെയും സ്റ്റണ്ട് ഡയറക്ടര്‍. പീറ്റർ ഹെയ്നെ കൂടാതെ സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടർമാരിൽ ഒരാളാണ്.

സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിൽ വിഎഫ്എക്സിനും അമിതമായ പ്രാധാന്യം നൽകിയിരിക്കുന്നു. 25–30 കോടിയാണ് സിനിമയുടെ ബഡ്ജറ്റ്. വിഎഫ്എക്സിനും സ്പെഷൽ ഇഫക്ടിനും പ്രാധാന്യം കൽപ്പിക്കുന്ന ചിത്രം പെർഫക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുക. സിനിമയുടെ സാങ്കേതിക പ്രവർത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്സ് കൈകാര്യം ചെയ്യുക.

ചിത്രത്തിലെ കഥാപാത്രത്തിനായി പ്രത്യേക തയ്യാറെടുപ്പിലാണ് സൂപ്പർതാരം മോഹൻലാൽ. ഇതിനായി ആയുർവേദ ചികിത്സയിലായിരുന്നു അദ്ദേഹം. പൂമുള്ളിയിലാണ് ചികിത്സ. മെലിഞ്ഞ ശരീരപ്രകൃതി കഥാപാത്രം ആവശ്യപ്പെടുന്നതിനാലാണ് ചികിത്സതേടാൻ അദ്ദേഹം തീരുമാനിച്ചത്.

ചിത്രം നിർമിക്കുന്നത് ബജ്രംഗി ഭായിജാൻ, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങൾ നിർമിച്ച റോക്ലിൻ വെങ്കിടേഷ് ആണ്. വിണ്ണൈ താണ്ടി വരുവായ, നൻപൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. കലാസംവിധാനം ഗോകുൽ ദാസ്. സംഗീതം ഫോര്‍ മ്യൂസിക് ( ഒപ്പം ഫെയിം ). വസ്ത്രാലങ്കാരം–പ്രവീൺ വർമ. മിസ്റ്റർ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.