മലയാളത്തിന്റെ അനശ്വരപൗരുഷം, മലയാളിയുടെ സ്വകാര്യ അഹങ്കാരമായ, ജയൻ വിടചൊല്ലിയിട്ട് 38 വർഷങ്ങൾ. കരുത്തിന്റെയും പുരുഷസൗന്ദര്യത്തിന്റെയും പൂര്‍ണതയുമായെത്തിയ ജയന്റെ ആക്ഷൻ ഹീറോയിസം ഈ തലമുറയും അനുകരിക്കുന്നു. സിനിമയിലെ സാധാരണക്കാരനായി എത്തിയ അദ്ദേഹം വളരെ പെട്ടന്നാണ് എൺപതുകളിലെ സിനിമയിൽ ഒരു പുതിയ ട്രെന്റ് തന്നെ ഉണ്ടാക്കിയെടുത്തത്. ഡ്യൂപ്പുകളില്ലാത്ത ആക്‌ഷൻരംഗങ്ങളും, സ്‌റ്റണ്ടും ജയൻ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ശബ്ദനത്തിനുപോലും ആ ഗാംഭീര്യം ഉണ്ടായിരുന്നു. അതുപിന്നീട് മിമിക്രിക്കാർ ഏറ്റെടുത്തു.
അങ്ങാടി ജയൻ സൂപ്പർ ഡയലോഗ്
ഇന്നും ജയനെ അനുകരിച്ച് ഒരു പാട്ടോ ഡയലോഗോ ഇല്ലാത്തെ ഒരു മിമിക്രിഷോ, കോളജ് ഡേ ഉണ്ടായിട്ടില്ല. മലയാളചലച്ചിത്ര അഭിനേതാവായ ഇദ്ദേഹത്തിന്റെ യഥാർഥ പേര് കൃഷ്ണൻ നായർ .കേരളത്തിലെ യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവായിരുന്നു ജയൻ. പുത്തൻ അഭിനയശൈലിയും ഗാംഭീര്യശബ്ദവും കത്തുന്ന സൗന്ദര്യവും കൊണ്ട് മലയാളിപ്രേക്ഷകരുടെ മനസ്സുകളിൽ അതിവേഗം ജയൻ ഇടം പിടിച്ചു. ജയൻ നടക്കുന്നത് പോലെ നടക്കുക, ജയൻ സംസാരിക്കും പോലെ സംസാരിക്കുക, ജയനെപ്പോലെ വേഷം ധരിക്കുക, ഇതൊക്കെ ഈ മുപ്പതു വർഷങ്ങൾക്കു ശേഷവും ഇന്നും കോളജുകളിൽ അരങ്ങേറുന്നു. സിനിമാപ്രേമികൾ ഇന്നും സൂപ്പര്‍താരപരിവേഷത്തോടെ ആഘോഷിക്കുന്ന ഒരേയൊരു നടൻ !.
1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്താണ് ജയൻ ജനിച്ചത്. ജയന്റെ പിതാവ് മാധവ വിലാസം വീട്ടിൽ മാധവൻപിള്ള. മാതാവ് ഓലയിൽ ഭാരതിയമ്മ. വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ജയൻ ഒരു ഗവൺമെന്റ് ബോയ്സ്സ്കൂളിലാണ് പഠിച്ചത്. പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുനു ജയൻ. ചെറുപ്പത്തിലേ ജയൻ നന്നായി പാടുമായിരുന്നു. സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയൻ അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു. പതിനഞ്ച് വർഷം ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു ഇദ്ദേഹം. ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. 1974ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ജയന് ലഭിച്ചുതുടങ്ങി.
ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് നായകപദവി നൽകിയ ആദ്യവേഷം. 1974 മുതൽ '80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് ഒരു തമിഴ് ചിത്രമുൾപ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു. ജയനെ ജനകീയ നടനാക്കിത്തീർത്തത് അങ്ങാടി ആയിരുന്നു. ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. ഇന്നും, അങ്ങാടി സിനിമയിലെ ഈ ഇംഗ്ലിഷ് ഡയലോഗ് ആരും തന്നെ മറന്നുകാണില്ല, സത്യം !....
അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗിലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന ഈ സാഹസികത തന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്. കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് ജയൻ അകാലമൃത്യു അടഞ്ഞത്. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്തുള്ള ഷോളവാരത്തായിരുന്നു, സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്.
സംവിധായകൻ ഈ രംഗത്തിന്റെ ഷൂട്ടിൽ സംതൃപ്തനായിരുന്നു. എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിച്ചത്. റീടേക്കിൽ ഹെലിക്കോപ്റ്റർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. എന്തുകൊണ്ട് ജയൻ എന്ന നടനെ ഇന്നും കേരളം നെഞ്ചോടു ചേർത്ത്, ഓർമിക്കപ്പെടുന്നു? മലയാളിക്ക് ആരായിരുന്നു ആ നടൻ? ഈ ചോദ്യങ്ങൾക്ക് ഉത്തരമില്ല. കാരണം അത് ഒരു വികാരമാണ്. ഇന്നും പൂജാമുറിയിൽ ജയന്റെ ചിത്രം വെച്ച് പൂജിക്കുന്നവരുണ്ട് . ഏതോ സൗഹൃദത്തിന്റെ കാരണത്താൽ, ജയൻ എന്നൊരു നടനെക്കുറിച്ച് , കവിതകളും, ലേഖനങ്ങളും ആരാധനക്കായി എഴുതിച്ചേർത്തിട്ടുണ്ട് , ആർക്കൊക്കൊയോ വേണ്ടി!
എന്നാൽ ഇന്നു കാണുന്നതും അനുകരിക്കപ്പെടുന്നതുമായിട്ടുള്ള ഈ നീണ്ട ഡയലോഗ് പ്രയോഗം ആരുടെയോ നിഷ്ക്കരുണം നടത്തിയ ഒരു മിമിക്രിയുടെ ഭാഗം മാത്രമായിരുന്നു. ഒരിക്കൽ പോലും ഒരു സിനിമയിലും ജയൻ ഇത്തരം സംഭാഷണശൈലി ഉപയോഗിച്ചിട്ടില്ല, തീർച്ച. അതുപല വലിയ സംവിധായകരും സമ്മതിച്ചുതരുന്നൊരു കാര്യമാണ്. അഭിനയത്തിനും ജീവിതത്തിനും തിരശ്ശീല വീണിട്ട് മുപ്പത്തിനാലോളം വർഷമായിട്ടും ജയൻ മലയാളിക്ക് ഇന്നും ആഘോഷമാണ്. സിനിമയിലെ പുരുഷസൗന്ദര്യത്തിന്റെ പ്രതീകമായി ഒരു കാലത്തെ യുവാക്കൾ ജയനെ നെഞ്ചേറ്റിയപ്പോൾ അന്ന് ജനിക്കുക പോലും ചെയ്തിട്ടില്ലാത്ത ഇന്നത്തെ യുവതലമുറക്ക് മുന്നിൽ പഴയ സിനിമകളിലൂടെയും മിമിക്രി കലാകാരൻമാരിലൂടെയും ജയൻ ഇന്നും ഹീറോയായി നിലനില്‍ക്കുന്നു.