നർമം നിറഞ്ഞ വർത്തമാനങ്ങളിലൂടെ നന്മ നിറഞ്ഞ ജീവിതത്തിലൂടെ മലയാള ചലച്ചിത്ര ലോകത്ത് ഒൗപചാരികതകളില്ലാതെ സഞ്ചരിച്ച പ്രതിഭയായിരുന്നു കൊച്ചിൻ ഹനീഫ. കൊച്ചിൻ ഹനീഫ ഓർമയായിട്ട് ഏഴു വർഷം പിന്നിടുന്നു. ഹാസ്യാത്മകമായ ആ മനസും ചിന്തയും അഭിനയവും ഇന്നും മലയാള സിനിമയിൽ ജീവിക്കുന്നു. കൊച്ചിൻ ഹനീഫയുടെ ഒരു സംഭാഷണമെങ്കിലും കേൾക്കാത്ത, അതുകേട്ട് ചിരിക്കാത്ത ഒരു ദിനം പോലും കടന്നുപോകുന്നില്ല.
കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയായിരുന്നു സിനിമയിലേക്കെത്തിയത്. വില്ലൻ കഥാപാത്രങ്ങളിൽ നിന്ന് ഹാസ്യത്തിലേക്കുള്ള വേഷപ്പകർച്ചയിൽ മലയാളം കണ്ടത് എക്കാലത്തേയും മികച്ച നടൻമാരിലൊരാളെ. 1972ൽ അഴിമുഖം എന്ന ചിത്രത്തിൽ തുടങ്ങി വാത്സല്യമെന്ന ചിത്രം സംവിധാനം ചെയ്തും നമ്മെ അതിശയിപ്പിച്ചു അദ്ദേഹം. പ്രേക്ഷകനും അഭിനേതാവും തമ്മിലുള്ള അന്തരമില്ലാതാക്കിയ എണ്ണംപറഞ്ഞ അഭിനേതാക്കളിൽ ഒരാളായിരുന്നു കൊച്ചിൻ ഹനീഫ.
വില്ലന്‍ വേഷങ്ങളിലാണ് തുടങ്ങിയതെങ്കിലും ഹാസ്യ വേഷങ്ങളിലൂടെയാണ് ഹനീഫ പേരെടുത്തത്. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ പഞ്ചാബി ഹൗസ്, മഴത്തുള്ളി കിലുക്കം, ചക്കര മുത്ത്, അരയന്നങ്ങളുടെ വീട്, സൂത്രധാരന്‍,കസ്തൂരിമാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു. ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങൾ ചിത്രങ്ങള്‍ സംവിധാനം ചെയ്തു . കടത്തനാടന്‍ അമ്പാടി, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നിവയുടെ തിരക്കഥാകൃത്തായി.
നിഷ്‌കളങ്ക ഹാസ്യമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ മുഖമുദ്ര. ഹനീഫയുടെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഹാസ്യത്തിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ തിളങ്ങിയ ഹനീഫ വിവാദങ്ങളിലോ താരജാഡകളിലോ ഉൾപ്പെടാത്ത നടനായിരുന്നു.
കമലാഹാസനൊപ്പം അഭിനയിച്ച മഹാനദിയിലെ പ്രകടനം ദക്ഷിണേന്ത്യ മുഴുവന്‍ അദ്ദേഹത്തിന് പ്രശംസ നേടിക്കൊടുത്തു. വിജയ്, വിക്രം, അജിത്ത്, രജനികാന്ത് തുടങ്ങിയ ഒട്ടനവധി താരങ്ങളോടൊപ്പം തമിഴില്‍ അഭിനയിച്ചു. ശങ്കർ സിനിമകളിലെ സ്ഥിര സാനിധ്യമായിരുന്നു അദ്ദേഹം. 2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു കൊച്ചിന്‍ ഹനീഫ പ്രേക്ഷക മനസ്സ് കണ്ണീരിലാക്കി വിടപറഞ്ഞത്. അന്നും ഇന്നും കൊച്ചിന്‍ ഹനീഫയ്ക്കു പകരംവയ്ക്കാന്‍ മറ്റൊരാളില്ല.