മലയാള സിനിമയുടെ നായക സങ്കൽപ്പത്തെ തിരുത്തിയെഴുതിയ മഹാനടനാണ് ഭരത് ഗോപി. അരങ്ങിൽ നിന്ന് വെള്ളിത്തിരയിലെത്തി ഭരത് പുരസ്കാരം വരെ മലയാളത്തിനായി നേടിയ ആ നടനവൈഭവം കൊടിയിറങ്ങിയിട്ട് വർഷം എട്ട്. ഗോപി അഭിനയിക്കുകയും ജീവിക്കുകയും ചെയ്ത കഥാപാത്രങ്ങൾ മലയാളി മനസിൽ ഇന്നും മായാതെ നിൽപ്പുണ്ട്.
കഥാപാത്രങ്ങളെ അനായാസം വെള്ളിത്തിരയിൽ അവതരിപ്പിച്ചാണ് ഗോപി മലയാള സിനിമയുടെ ഭാഗമായത്. എഴുപതുകളുടെ അവസാനത്തിലും എൺപതുകളുടെ ആദ്യവും മലയാള ചലച്ചിത്ര വേദിയുടെ മാറ്റത്തിന്റെ മുഖമായിരുന്നു വി. ഗോപിനാഥൻ നായർ എന്ന ഗോപി. ഗോപിയുടെ ചലച്ചിത്ര ജീവിതത്തെ രണ്ടായി പകുത്തെടുക്കാം. പക്ഷാഘാതം (20 ഫെബ്രുവരി 1986) വരുന്നതിന് മുൻപും അതിന് ശേഷവും. തന്റെ കലാജീവിതത്തെ ഗോപി ഇങ്ങനെ വിവരിക്കുന്നു 'പക്ഷാഘാതം വരുന്നതിന് മുൻപ് 85 സിനിമകളിൽ അഭിനയിച്ചു. പക്ഷാഘാതം വന്നതിന് ശേഷം 250 സിനിമകളിൽ അഭിനയിക്കാൻ വിസമ്മതിച്ചു.'
അവതരിപ്പിക്കുന്ന ഒരോ കഥാപാത്രത്തിലും തന്റെ അനായാസ ശൈലി നൽകാൻ ഗോപി ശ്രമിച്ചിരുന്നു. നാടകവേദിയിൽ നിന്നും ചലച്ചിത്ര രംഗത്ത് ഗോപിയെ കൊണ്ട് വന്നത് അടൂർ ഗോപാലകൃഷ്ണനായിരുന്നു — ചിത്രം സ്വയംവരം. അടൂരിന്റെ 'കൊടിയേറ്റം' എന്ന ചിത്രത്തിൽ ലോറി ഡ്രൈവറുടെ സഹായിയായ ശങ്കരൻകുട്ടിയായി വന്ന ഗോപി, ലാളിത്യം നിറഞ്ഞ അഭിനയരീതിയിലൂടെ ആ കഥാപാത്രത്തെ മലയാളികളുടെ മനസിലേയ്ക്ക് സന്നിവേശിപ്പിച്ചു. അതോടെ കൊടിയേറ്റം ഗോപിയെന്ന് ലോകം സ്നേഹത്തോടെ ഗോപിയെ വിളിച്ചു തുടങ്ങി.
നായകന്റെ വേഷത്തിൽ നിന്നും വില്ലനായിട്ടാണ് അടുത്ത ചിത്രമായ 'തമ്പി'ൽ ഗോപിയെത്തിയത്. ഗോപിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു കെ.ജി. ജോർജിന്റെ 'യവനിക'യിലെ തബലിസ്റ്റ് അയ്യപ്പൻ. കെ.ജി. ജോർജിന്റെ തന്നെ 'ആദാമിന്റെ വാരിയെല്ലി'ലും ഭരത് ഗോപിയുടെ മികവുറ്റ അഭിനയ മുഹൂർത്തങ്ങൾക്ക് മലയാളം സാക്ഷിയായി.
സിനിമാ സ്റ്റാർ എന്നറിയപ്പെടാൻ ഒരിക്കലും അറിയപ്പെടാൻ ഭരത് ഗോപി ആഗ്രഹിച്ചിരുന്നില്ല. 'ഞാനൊരിക്കലും സ്റ്റാറായിരുന്നില്ല. ഞാൻ അഭിനേതാവ് മാത്രമാണ്. എനിക്ക് നടൻ എന്നറിയപ്പെടാനാണ് ആഗ്രഹം. മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ പ്രേംനസീറായിരുന്നു. എന്നാൽ നടനെന്നാണ് അദ്ദേഹം അറിയപ്പെട്ടത്. ഞാൻ സിനിമ യിലേയ്ക്ക് വരുന്ന കാലത്ത് സിനിമ വെറും ബിസിനസ്സായിരുന്നില്ല. അത് ശരിക്കും പ്രേക്ഷകർക്കായുള്ള കലാവിഷ്ക്കാരമായിരുന്നു' ഗോപി പറയുന്നു.
'രേവതിയ്ക്കൊരു പാവക്കുട്ടി', 'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' തുടങ്ങിയ ചിത്രങ്ങളിൽ പിതാവിന്റെ സ്നേഹത്തെ തനത് ശൈലിയിൽ അവതരിപ്പിക്കാനും ഗോപിക്ക് കഴിഞ്ഞു. നായക വേഷങ്ങളുടെ ഇമേജ് ഒരിക്കലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ നിന്ന് ഗോപിയെ വിലക്കിയില്ല. ഭരതന്റെ 'പാളങ്ങളി'ൽ ഗോപിയുടെ വില്ലൻ — സ്വഭാവിക വേഷത്തിന്റെ സമ്മിശ്ര ഭാവം കാണാനും മലയാളിക്ക് അവസരമുണ്ടായി.
അഭിനയത്തിന്റെ മികവ് മലയാളത്തിന്റെ പുറത്തേയ്ക്ക് ഭരത് ഗോപിയെ കൊണ്ടു പോയി. ഗോവിന്ദ് നിഹാലിനിയുടെ അഗ്ഹാത്ത് എന്ന ഹിന്ദി ചിത്രത്തിലും ഗോപി അഭിനയിച്ചു. അഭിനയത്തിൽ മാത്രമല്ല സിനിമ നിർമ്മാണത്തിലേയ്ക്ക് തിരിയാൻ ഗോപിയെ പ്രേരിപ്പിച്ചത് ഭരതനുമായുള്ള സൗഹൃദമായിരുന്നു. ഭരതന്റെ 'പാഥേയം' നിർമ്മിച്ചാണ് ഭരത് ഗോപി നിർമ്മാതാവിന്റെ മേലങ്കി ആദ്യമായി അണിഞ്ഞത്.
ജയലക്ഷ്മിയാണു ഭാര്യ. മക്കൾ മുരളീകൃഷ്ണൻ, ഡോ. മീനു ഗോപി. മരുമക്കൾ അഞ്ജന (എസ്ബിടി, തിരുവനന്തപുരം), ജയഗോവിന്ദ് (യുഎസ്എ).
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.