സിനിമാ മോഹികളായ ഒരു കൂട്ടം യുവാക്കളുടെ ലളിതമായ ഒരു സ്വപ്നസാക്ഷാൽക്കാരമാണ് കല്യാണ തേൻ നില എന്ന ചെറു ചിത്രം. ബാഗ് ഓഫ് സ്ക്രിപ്റ്റിന്റെ ബാനറിൽ ബിട്ടു ജോർജ്, ജ്യോതിസ് ജയൻ, ഗോപീകൃഷ്ണൻ എന്നിവർ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം കൃഷ്ണകുമാർ മേനോന്‍ ആണ്. "സ്വപ്നത്തിൽനിന്നും യാഥാർഥ്യത്തിലേക്കുള്ള യാത്രയിൽ പരമാവധി പൊട്ടിച്ചിരിക്കുവാൻ ശ്രമിക്കുക, ആ പൊട്ടിച്ചിരിയാണ് ജീവിതമെന്ന റിയാലിറ്റി" എന്ന വേണുനാഗവള്ളിയുടെ വാക്കുകളാൽ ആരംഭിക്കുന്ന ഈ ചിത്രം ലളിതവും നര്‍മപ്രധാന്യവുമുള്ള, സാധാരണക്കാരന്റെ ജീവിതത്തോട് അടുത്ത് നിൽക്കുന്ന പഴയകാല സത്യൻ അന്തിക്കാട് - ശ്രീനിവാസൻ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്.
നവീനതയുടെയും ടെക്നോളോജിയുടെയും കൊടുമുടികൾ താണ്ടി ആധുനിക സിനിമ വളരുമ്പോൾ നർമത്തിന്റെ നന്മയുള്ള സുന്ദരമായ ആ പഴയകാല സിനിമയിലേക്ക് ഒരു നിമിഷം തിരിഞ്ഞു നോക്കാൻ നടത്തിയ ശ്രമമാണ് ചിത്രം എന്നാണു അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
എല്ലാ യുവാക്കളും കടന്നുപോയിട്ടുള്ള ജീവിതത്തിലെ ഏറ്റവും രസകരമായ മുഹൂർത്തങ്ങളിലൊന്നാവും സ്വന്തം പെണ്ണുകാണൽ . ഒരുപാട് സ്വപ്നങ്ങളുമായി പെണ്ണുകാണാൻ ചടങ്ങിനുശേഷം പെൺവീട്ടുകാരുടെ മറുപടി അറിയാൻ കാത്തിരിക്കുന്ന ചെറുപ്പക്കാരെ നിത്യ ജീവിതത്തില്‍ നമുക്ക് കാണാന്‍ കഴിയും. ലതികേഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ അത്തരം ഒരു മുഹൂർത്തം ലളിതമായി നർമത്തിൽ പൊതിഞ്ഞ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നു.
ലതികേഷ് ആയി നിരവധി ഹ്രസ്വ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ശിവകുമാര്‍ നായർ എത്തുമ്പോൾ ബിമൽ. പദ്മ. കണ്ണൻ, മാഗ്ഗി, രാജ്‌മോഹൻ, നീതു എന്നിവർ പിന്തുണയോടെ കൂടെ അഭിനയിച്ചിരിക്കുന്നു. ഡേവിസ് കുര്യാക്കോസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അഭിജിത് ഹരി ആണ്. ഡെയ്‌വ് പശ്ചാത്തല സംഗീതം ഒരുക്കിയ ചിത്രത്തില്‍ അംബരീഷിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കിരൺ കളത്തിൽ ആണ്. സുധി ധനഞ്ജയ് അഖില്‍ എന്നവർ മേക്കപ്പ് ഡിസൈൻ സ്റ്റിൽ എന്നിങ്ങനെ യഥാക്രമം കൈകാര്യം ചെയ്തിരിക്കുന്നു.
ഗോപീകൃഷ്ണൻ ആർ. നായര്‍ മെർബിൻ ജോൺ അജിത് ജനാര്‍ദ്ദനന്‍ എന്നിവർ സംവിധാന സഹായവും മെൽവിൻ കാമറ സഹായവും ചെയ്ത ചിത്രം ഡിസംബർ 1 നു യൂട്യൂബ് റിലീസ് ആയി.