ചക്കയുടെ പേരിൽ കൂട്ടത്തല്ല്; ഹ്രസ്വചിത്രം
Mail This Article
ഒരു ചക്കയുടെ പേരിൽ ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടാകുമോ? ഉണ്ടാകും എന്ന് ‘അരക്ക്’ എന്ന ഷോർട്ട് ഫിലിം കാണുമ്പോൾ നമുക്ക് മനസിലാകും. ഒരു ചക്ക എത്ര വിലപ്പെട്ടതാണ്. അത് വെറുതെ പറമ്പിലും വഴിയരികിലും വീണുപോകാനുള്ള ഒന്നാണോ? കാഞ്ഞിരപ്പള്ളിക്കാർക്ക് ചക്ക എല്ലാമാണ്. ചക്ക അവരുടെ ചങ്കാണ്. അവർക്ക് അതൊരു വികാരമാണ്. ഒരു ചക്കയ്ക്കു വേണ്ടി ഏതറ്റം വരെ പോകാനും അവർ മടിക്കില്ല.
ദിലീഷ് പോത്തൻ, ലിജോ ജോസ് പല്ലിശ്ശേരി ചിത്രങ്ങളുടെ അവതരണ ശൈലി ചിത്രത്തിൽ നിഴലിക്കുന്നുണ്ട് എന്ന് യൂട്യൂബ് പ്രേക്ഷകർ കമന്റ് ചെയ്യുന്നു. ആക്ഷേപ ഹാസ്യ രീതിയിലൂടെ മനുഷ്യന്റെ അഹംബോധത്തിന്റെ അതിരുകൾ വരെ എത്തി നിൽക്കുകയാണ് ‘ അരക്ക്’ എന്ന ഹ്രസ്വ ചിത്രം. വിശപ്പിനു മുമ്പിൽ തോറ്റു കൊടുക്കുന്ന മനുഷ്യന്റെ അഹം ബോധം ഇവിടെ ചിത്രീകരിക്കപ്പെടുന്നു.
കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കറിക്കാട്ടൂർ, കൊന്നക്കുളം സെന്റ് തോമസ് എൽ പി സ്കൂൾ എന്നീ സ്ഥലങ്ങളിൽ ചിത്രീകരിക്കപ്പെട്ട അരക്ക് എന്ന ഹ്രസ്വ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം ഇവ നിർവഹിച്ചത് ചിറക്കടവ് കുന്നപ്പള്ളിൽ സി ജെ സാലസ് ആണ്. സി ജെ സാലസ് ഇംഗ്ലീഷിൽ നിർമ്മിച്ച ആദ്യ ചിത്രം ‘ ടൈം ഇൻ എ ബോക്സ്’ ദേശീയ അവാർഡ് നേടിയിരുന്നു. സി ജെ സാലസിന്റെ രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘അരക്ക്’ പൂർണ്ണമായും നാട്ടിൻ പുറത്ത് ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിമിലെ 30ഓളം അഭിനേതാക്കൾ വീട്ടുകാരും നാട്ടുകാരും തന്നെയാണ്.
പരേതനായ ജോസ് സാലസിന്റെയും , കറിക്കാട്ടൂർ സി സി എം എച്ച് എസ് എസ് അധ്യാപിക നിർമ്മലയുടെയും മകനാണ് സി ജെ സാലസ്. സഹോദരി കാതറിൻ മേരി ജോസ് കുട്ടിക്കാനം മരിയൻ കോളജ് വിദ്യാർഥിനിയാണ്.