ഫ്രെയിം ടു ഫെയിം
തൃശൂർ ∙ സ്വന്തം ചോരയും ആ ചോരയ്ക്കും നീരിനും വേണ്ടിയുള്ള കഴുകൻ കണ്ണുകളുടെ കൊതിയും ശരീരത്തിൽ അടയാളപ്പെടുത്തുന്ന വെളിപ്പെടുത്തലുകളിൽ പെൺശരീരം ഉയർന്നുനിൽക്കുന്നു. ഈ പെണ്ണുടലുകൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുകയോ പറയാതിരിക്കുകയോ ചെയ്യാം. ഹോളി കൗ എന്ന ഹ്രസ്വചിത്രത്തിലൂടെ ഡോ. ജാനറ്റ് ജെ ഉന്നയിച്ച ചോദ്യങ്ങൾക്ക് പുരസ്കാരങ്ങളിലൂടെയാണ് ചലച്ചിത്ര മേളകൾ മറുപടി നൽകിയത്. സിനിമയുടെ അക്കാദമിക് പിൻബലമൊന്നുമില്ലാത്ത ഒരു സിനിമാ പ്രവർത്തക. സിനിമയുടെ ഓരോ മേഖലയിലേക്കും ഇവർ സ്വയം പഠിച്ചു മുന്നേറുകയായിരുന്നു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഇതെല്ലാം ഒറ്റയ്ക്കു നിർവഹിച്ചാണ് ഹോളി കൗ അടക്കമുള്ള സിനിമാ സംരംഭങ്ങൾ പുരസ്ക്കാരങ്ങൾ വാങ്ങുന്നത്.
ഇതിലെ അതിശക്തയായ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും ജാനറ്റ് തന്നെ. ദൈവിക് എന്ന പേരിൽ സ്വന്തമായി പ്രൊഡൿഷൻ ഹൗസും ആരംഭിച്ചു. പാലക്കാട്ട് കുടുംബവേരുള്ള ഈ പെരിന്തൽമണ്ണക്കാരി ഇതിനകം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും അടക്കം 6 സംരംഭങ്ങൾ പൂർത്തീകരിച്ചു, ഒന്നര വർഷത്തിനകം. നേടിയത് പതിനഞ്ചോളം പുരസ്കാരങ്ങൾ. ഏറ്റവും പ്രശംസ നേടിയത് ഹോളി കൗവും മൈ റെഡ് കാർപെറ്റ് എന്ന ഡോക്യു ഫിക്‌ഷനും. ഹോളി കൗവിന്റെ നിർമാണം ഭർത്താവ് ഡോ. കെ.ആർ. ബിജുവാണ്.
സിനിമ വേറെ, ഡോക്ടറേറ്റ് വേറെ
2 ഡോക്ടറേറ്റ് ഉണ്ട് ജാനറ്റിന്; നഴ്സിങ്ങിലും സൈക്കോളജിയിലും. ആഴത്തിൽ പഠിക്കണമെന്ന ഡോക്ടറേറ്റിന്റെ അടിസ്ഥാനതത്വം സിനിമാ ഇഷ്ടത്തിലേക്കും കൊണ്ടുവന്നതോടെയാണ് ചലച്ചിത്രത്തിന്റെ വിവിധ മേഖലകളിലേക്ക് ജാനറ്റ് ധൈര്യത്തോടെ പഠിച്ചുകയറി കടന്നുവന്നത്. പുണെയിലടക്കം നടന്ന ഫിലിം അപ്രീസിയേഷൻ ശിൽപശാലകൾക്കൊപ്പം സിനിമാ മേഖഖലയിലുള്ളവരുമായുള്ള സൗഹൃദവും സ്വന്തം അനുഭവങ്ങളുമാണ് ജാനറ്റിനെ സിനിമാക്കാരിയാക്കിയത്. പെണ്ണ് മാത്രമല്ല ജാനറ്റിന്റെ സ്ക്രീനിൽ പതിയുന്നത്. പ്രകൃതിയും മരവും ഹൊററും കൊറോണക്കാലത്തെ മനുഷ്യനുമെല്ലാം ഡോക്യുമെന്ററിക്ക് വിഷയമാകുന്നു.
ചെറുപ്പത്തിലേ കലാമേഖലയോട് ഇഷ്ടമുണ്ടായിരുന്നു. സ്കൂളിലും കോളജിലുമൊക്കൊ മോണോ ആക്ടിലും സ്കിറ്റിലും മറ്റും സജീവമായ കാലത്തിനുശേഷം ടെലിവിഷൻ സീരിയലിലേക്ക്. സൂര്യ ടിവിയിലെ കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന സീരിയലിൽ കെട്ടിലമ്മയായി. ഇത് സിനിമയിലേക്കു വഴിതുറന്നു. സ്റ്റെതസ്കോപ്പ്, പ്രശ്നപരിഹാരശാല, കാറ്റ് കടലതിരുകൾ എന്നീ സിനിമകളിൽ ചെറുവേഷങ്ങൾ. ഇതിലെ അനുഭവം സ്വന്തമായ ചലച്ചിത്രാവിഷ്കാരത്തിലേക്ക് നീണ്ടു.
പുതുമുഖ സംവിധായിക, മികച്ച ഹ്രസ്വ ചിത്രം, മികച്ച നടി, മികച്ച വനിതാ സംവിധായിക എന്നീ പുരസ്കാരങ്ങളാണ് കഴിഞ്ഞവർഷത്തെ പോർട് ബ്ലെയർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഹോളി കൗ നേടിയത്. ബംഗാളിലെ ടഗോർ ഫിലിം ഫെസ്റ്റിവൽ, തമിഴ്നാട്ടിലെ ഉരുവട്ടി ഫിലിംഫെസ്റ്റിവൽ എന്നിവയിലടക്കം ഹോളി കൗ അവാർഡുകൾ ഏറെ വാങ്ങി. ദി ഡേ റിപ്പീറ്റ്സ്, ഗ്രീൻ ഗ്രോവ്,ഹൊറർ ഫിലിമായ രാമേശ്വരി, വിൻഡോ 2020 എന്നിവയാണ് മറ്റു ഡോക്യുമെന്ററികൾ.
ലോക് ഡൗൺ കാലത്ത് മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേകാനുമതിയോടെയാണ് കൊറോണക്കാലത്തെ അനുഭവങ്ങളായ വിൻഡോ 2020 എന്ന ഒന്നര മണിക്കൂർ നീണ്ട ഡോക്യു ഫീച്ചർ ഫിലിം ചിത്രീകരിച്ചത്. പെരിന്തൽമണ്ണ ഇഎംഎസ് സഹകരണാശുപത്രിയിലെ യൂറോളജിസ്റ്റാണ് ഭർത്താവ് ഡോ. കെ.ആർ. ബിജു. 3 മക്കൾ. എംബിബിഎസിനു പഠിക്കുന്ന അശ്വതി, മുംബൈയിൽ സിനിമാ സംവിധാനം പഠിക്കുന്ന ആരതി, മകൻ ശ്രീദൈവിക്.