ഭയത്തിന്റെ നിഗൂഢസഞ്ചാരങ്ങൾ വരഞ്ഞ് ‘അൽഫോൻസിന്റെ പുത്രൻ’
മനുഷ്യമനസ്സിലെ ഭയത്തിന്റെ അടരുകളിലൂടെയുള്ള സഞ്ചാരം അതിവിചിത്രമായ ഒരനുഭവമാണ്. ഒരേസമയം ഭീതിയും ജിജ്‍ഞാസയും നിറയ്ക്കുന്ന, അതിൽനിന്ന് ഓടി മാറാൻ ശ്രമിച്ചാലും വലിച്ചടുപ്പിക്കുന്ന ആ അനുഭവമാണ് ‘അൽഫോൻസിന്റെ പുത്രൻ’ എന്ന ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. സംവിധായകൻ ജീത്തു ജോസഫ് അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ‘ഞാൻ ഷേർളി’ അടക്കം ശ്രദ്ധേയങ്ങളായ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വിഷ്ണു മോഹൻ പുറത്തേത്ത് ആണ്.
പ്രേതസാന്നിധ്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന, അതുകൊണ്ടുതന്നെ വിൽക്കാനാവാതെയിട്ടിരിക്കുന്ന ഒരു വീടും ആ വീട്ടിൽ ഭീതിയുടെ ഇരുട്ടിൽ ജീവിക്കുന്ന ഒരു പയ്യനും വീടു വാങ്ങാനെത്തുന്ന ഒരാളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അദൃശ്യ സാന്നിധ്യങ്ങൾ കൊണ്ടു ഭയപ്പെടുത്തുമ്പോൾത്തന്നെ ആ വീട് പയ്യനുമായി വൈകാരികമായ ചില അടുപ്പങ്ങളും സൂക്ഷിക്കുന്നുണ്ട്.
ശ്രദ്ധേയമായ മേക്കിങ്ങും അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തെ വ്യത്യസ്തമായ അനുഭവമാക്കുന്നു. നിതിൻ വേണുഗോപാലും സജിൻ ജോർജ് മുളങ്കൊമ്പനും ചേർന്നാണ് നിർമാണം. ചലച്ചിത്രപ്രേമികളുടെ കൂട്ടായ്മയായ ഉട്ടോപ്യൻസ് യുണൈറ്റഡിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിനു തിരക്കഥയൊരുക്കിയത് അരുൺ ഗോപിനാഥനും വിഷ്ണു മോഹൻ പുറത്തേത്തും ചേർന്നാണ്. ഛായാഗ്രഹണം അരുൺ ഗോപിനാഥൻ. എഡിറ്റിങ് സുജിത് ഭാസ്കർ, സംഗീതം നിതിൻ കെ. ശിവ. സൗണ്ട് ഡിസൈൻ ജസ്‍വിൻ ഫെലിക്സ്.
ആനന്ദ് ജിജോ ആന്റണി, പ്രഭു മുരളീകൃഷ്ണൻ, രാജു അച്ചൂസ്, അജി റാം തുടങ്ങിയവരാണ് അഭിനേതാക്കൾ.