വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് പഴമക്കാർ പറയാറുണ്ട്. ഈ പഴമൊഴി ഇപ്പോൾ അന്വർത്ഥമായത് നമ്മുടെ നയൻതാരയുടെ കാര്യത്തിൽ. നയൻതാര അഭിനയിച്ച ഏതെങ്കിലും സിനിമയുടെ പ്രമോഷൻ പ്രോഗ്രാമിൽ അവർ പങ്കെടുത്തത് കണ്ടവരാരും ഇല്ല.ആദ്യ കാലം മുതൽ നയൻതാര ഒരു സിനിമയുടെ കരാർ ഒപ്പിടുന്നതിന് മുമ്പ് തന്നെ നയൻതാര ആദ്യം വെയ്ക്കുന്ന നിബന്ധന തന്നെ പ്രമോഷന് വിളിക്കരുതെന്നും താൻ സെറ്റിൽ ഉള്ളപ്പോൾ മാധ്യമങ്ങൾ അവിടേക്ക് വന്നു പോകരുത് എന്നുമാണ്.
ഏത് കൊല കൊമ്പന്റെ പടമായാലും നയൻതാരയുടെ പോളിസിയിൽ മാറ്റമില്ല. അഥവാ പ്രമോഷന് വന്നേ പറ്റൂ എന്ന് പറഞ്ഞാൽ ആ പടം തനിക്ക് വേണ്ടാ എന്ന് പറയാനുള്ള തന്റേടം നയൻസിനു മാത്രം സ്വന്തം. ഇത് ഇന്നലെ വരെയുള്ള കഥ. ഇന്ന് സ്വന്തം കാര്യം വന്നപ്പോൾ നയൻതാര തന്റെ പോളിസിയിൽ അയവ് വരുത്തിയിരിക്കയാണത്രെ.
തമിഴിൽ നയൻതാര അഭിനയിക്കുന്ന സിനിമയാണ് " അറം". നയൻതാര കളക്ടർ വേഷമാണതിൽ അവതരിപ്പിക്കുന്നത്. മലയാളിയായ സുനുലക്ഷ്മി ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. സാമൂഹ്യ പ്രസക്തിയുള്ള സ്ത്രീ പക്ഷ സിനിമയത്രേ "അറം". ഈ ചിത്രത്തിന്റെ പ്രചരണാർഥമാണ് നയൻതാര ചാനലിൽ കയറി ഇറങ്ങിയത്. സിനിമയ്ക്ക്, മേൽ പറഞ്ഞ സവിശേഷതകൾ ഉള്ളത് കൊണ്ടൊന്നുമല്ല പ്രമോഷന് ഇറങ്ങി കളഞ്ഞത് . പിന്നെയോ ? " അറ"ത്തിന്റെ യഥാർത്ഥ നിർമാതാവ് തന്നെ നയൻതാര ആയത് കൊണ്ടത്രെ.!
തന്റെ മാനേജരെ ബിനാമിയാക്കിയാണത്രെ ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു വൻകിട സ്വകാര്യ ചാനലാണ് വൻ തുക കൊടുത്ത് സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. ആ ചാനൽ നയൻസിനെ വരച്ച വരയിൽ നിർത്തിയെന്നും പ്രമോഷന് വേണ്ടി തങ്ങളുടെ സ്റ്റുഡിയോയിലേക്ക് ആനയിക്കുകയായിരുന്നു എന്ന് അസൂയാലുക്കൾ പറയുന്നു. അതല്ല പടം വിജയിക്കണമെങ്കിൽ പബ്ളിസിറ്റി വേണമെന്ന തിരിച്ചറിവാണ് പ്രേരണ എന്നും നയൻതാരയുമായി അടുപ്പമുള്ളവർ പറയുന്നു.