പ്രഭാസിനെതിരെ കരൺ ജോഹർ?

ആരോടെങ്കിലും അനിഷ്ടം തോന്നിയാൽ അത് പരസ്യമായി തുറന്നുപറയാൻ ഒരുമടിയുമില്ലാത്ത ആളാണ് കരൺ ജോഹർ. ബോളിവുഡിൽ അദ്ദേഹം വഴക്കുകൂടാത്തവരായി ആരുംതന്നെയില്ല. 

ട്വിറ്ററിലൂടെയാകും തന്റെ വിദ്വേഷം അദ്ദേഹം പ്രകടമാക്കുക. കരൺ ജോഹറിന്റെ പുതിയ ട്വീറ്റ് ആണ് ഇപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നത്. സൂപ്പർതാരം പ്രഭാസിനെതിരെയുള്ള ഒളിയമ്പാണ് ഈ ട്വീറ്റെന്നാണ് ഗോസിപ്പ്.

ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം ബോളിവുഡില്‍ നിന്നും പ്രഭാസിന് നിരവധി അവസരങ്ങള്‍ വന്നിരുന്നു. ബാഹുബലിയുടെ ഹിന്ദി പതിപ്പിന്റെ വിതരണം ഏറ്റെടുത്ത കരണ്‍ ജോഹര്‍ തന്നെ പ്രഭാസിന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് കാരണക്കാരനാകും എന്നായിരുന്നു നേരത്തേ അറിഞ്ഞിരുന്നത്. അങ്ങനെയൊരു പ്രോജക്ടുമായി കരൺ ജോഹർ എത്തിയെങ്കിലും പ്രഭാസ് കനത്ത പ്രതിഫലം ചോദിച്ചെന്നും ഇത് കരണിനെ ദേഷ്യം പിടിപ്പിച്ചുവെന്നുമാണ് വാർത്ത.

പ്രഭാസ് പ്രതിഫലമായി 20 കോടി രൂപ ആവശ്യപ്പെട്ടെന്നും അതിനാല്‍ കരണ്‍ ജോഹര്‍ പ്രഭാസുമായുള്ള പ്രൊജക്ട് ഉപേക്ഷിച്ചുവെന്നും ബി ടൗൺ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രഭാസ് ചോദിച്ച പ്രതിഫലം ഞെട്ടിക്കുന്നതായിരുന്നുവെന്നും തെലുങ്കില്‍ അദ്ദേഹത്തിന് ആഗ്രഹിക്കുന്ന തുക ചോദിച്ചുവാങ്ങാമായരിക്കും എന്നാല്‍ ബോളിവുഡില്‍ പ്രഭാസ് അത്രയും പ്രതീക്ഷിക്കുക എന്നത് അതിശയകരമാണെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. രജനീകാന്ത് ഉള്‍പ്പെടെ തെന്നിന്ത്യയിലെ ഒരു അഭിനേതാവും ബോളിവുഡിലെത്തി അത്രയും വലിയ കച്ചവടത്തിന് മുതിര്‍ന്നിട്ടില്ലെന്നു പറഞ്ഞതായും വാര്‍ത്തയില്‍ പറയുന്നു. 

എന്നാൽ കരണിന്റെ ട്വീറ്റിന് താഴെ പ്രഭാസിനെ പിന്തുണച്ചും എതിർത്തും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ഇക്കാര്യത്തിൽ പ്രഭാസിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.