‘അന്ന് നയൻതാരയോട് മാപ്പ് ചോദിച്ചു’; വെളിപ്പെടുത്തലുമായി ചിമ്പു

ഒരുകാലത്ത് തമിഴകത്തെ ചൂടൻ വാർത്തയായിരുന്നു ചിമ്പു–നയൻതാര പ്രണയബന്ധം. ഒരുവർഷം നീണ്ടുനിന്ന പ്രണയബന്ധത്തിൽ നിന്നും ഇരുവരും വേർപിരിയുകയും ചെയ്തു.

ഇപ്പോഴിതാ നയൻതാരയെക്കുറിച്ച് ആരോടും പറയാത്തൊരു കാര്യം വെളിപ്പെടുത്തുകയാണ് ചിമ്പു. തമിഴ്ചാനലിലെ പരിപാടിക്കിടയിലാണ് ചിമ്പു ഇക്കാര്യം തുറന്നുപറഞ്ഞത്.

വല്ലവന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള പ്രണയ ഗോസിപ്പുകള്‍ പുറത്ത് വന്നത്. ചിത്രത്തിന്റെ ആദ്യ ഫോട്ടോഷൂട്ട് മുതലേ ഇരുവരുടെയും ബന്ധം വിവാദമായിരുന്നു. ചിത്രത്തിന് പ്രമോഷന് വേണ്ടി നയൻതാരയുടെയും ചിമ്പുവിന്റെയും ഗ്ലാമര്‍ പോസ്റ്റർ ഇവർ ഉപയോഗിച്ചിരുന്നു.

നയന്‍താരയുടെ ചുണ്ട് ചിമ്പു കടിയ്ക്കുന്ന ചിത്രമാണ് വല്ലവന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററായി പുറത്തിറക്കിയത്. സിനിമയുടെ നല്ലതിന് വേണ്ടിയാണ് അത് ചെയ്തതെങ്കിലും പിന്നീട് അത് വലിയ കുഴപ്പമായി മാറുകയായിരുന്നെന്ന് ചിമ്പു പറഞ്ഞു. നയൻതാരയെക്കുറിച്ച് മോശമായ രീതിയിൽ പല വാർത്തകൾ വന്നു.

ആ ഫോട്ടോ വിവാദമായതുമായി ബന്ധപ്പെട്ട് താന്‍ നയന്‍താരയോട് ക്ഷമ പറഞ്ഞുവെന്ന് ചിമ്പു വെളിപ്പെടുത്തി.

താന്‍ കൂടെ കാരണമാണ് നയന്‍താരയ്ക്ക് പഴികേള്‍ക്കേണ്ടി വന്നത് എന്നുള്ള കുറ്റബോധത്താലാണ് നയന്‍താരയോട് ക്ഷമ പറഞ്ഞതെന്നും ചിമ്പു പറഞ്ഞു. എന്നാൽ നയൻതാരയുടെ മറുപടി തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തന്റെ ജോലിയുടെ ഭാഗമായിട്ടാണ് ആ ഫോട്ടോഷൂട്ടിനെ കണ്ടതെന്നും ചിമ്പു ക്ഷമ പറയേണ്ടതില്ലെന്നുമായിരുന്നു അന്ന് നയന്‍താരയുടെ മറുപടി. ആ സീന്‍ സംവിധായകന്റെ കാഴ്ചപ്പാടാണെന്നും നയന്‍സ് പറഞ്ഞു. ഈ പ്രൊഫഷനല്‍ വ്യക്തിത്വവും കാഴ്ചപ്പാടുമാണ്  നയന്‍താരയെ ഇന്നത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ലേഡി ആക്കിയതെന്നും ചിമ്പു അഭിപ്രായപ്പെട്ടു.