ഇന്ത്യൻ സിനിമയിൽ മണിരത്നത്തിന്റെ സിനിമകൾ വേറിട്ടു നിൽക്കുന്നവയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകൾ പ്രേക്ഷകർ എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇക്കുറി "കാട്രു വെളിയിടൈ " എന്ന മണിരത്നം ചിത്രത്തിൽ നായകനാവാൻ നറുക്ക് വീണത് നടൻ കാർത്തിക്കാണ്.
കാർത്തിയുടെ സിനിമാ ജീവിതത്തിന്റെ തുടക്കം തന്നെ 'ആയുധ എഴുത്ത് ' എന്ന സിനിമയിൽ മണിരത്നത്തിന്റെ സംവിധാന സഹായിയായിട്ടായിരുന്നു. പിന്നീടിപ്പോൾ മണിരത്നത്തിന്റെ സിനിമയിൽ നായകനാവാൻ കഴിഞ്ഞത് ദൈവം നിയോഗമായിട്ടാണ് കാർത്തി കരുതുന്നത്. കാരണം ഒരു ഗുരുശിഷ്യ ബന്ധമാണ് മണിരത്നവും കാർത്തിയും തമ്മിലുള്ളത് എന്നതു തന്നെ. മണിരത്നം ചിത്രത്തിൽ നായകനാവാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തോടെ "കാട്രു വെളിയിടൈ "യെക്കുറിച്ച് കാർത്തി പറയുന്നു ....
" 'കാട്രു വെളിയിടൈ "ഒരു ക്ലാസിക്ക് ലവ് സ്റ്റോറി സിനിമയാണ്. മണി സാറിന്റെ തന്നെ 'അലൈ പായുതേ'പോലെ മനസ്സിനെ സ്പർശിക്കുന്ന,നൊമ്പരപ്പെടുത്തുന്ന,സുഖം പകരുന്ന ഒരു സിനിമ!. എന്നു കരുതി 'അലൈ പായുതേ 'യോ, അദ്ദേഹത്തിന്റെ മറ്റു സിനിമകളെയോ മനസ്സിൽ കണ്ടു കൊണ്ട് ,ആ സിനിമകളെ പ്രതീക്ഷിച്ചു കൊണ്ട് മുൻ വിധിയോടെ 'കാട്രു വെളിയിടൈ 'യെ കാണാൻ ഒരുങ്ങരുത് .ഇത് തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള, വ്യത്യസ്തമായ ഒരു ലവ് സ്റ്റോറിയാണ്. ഒരു യുദ്ധ വിമാനത്തിന്റെ പൈലറ്റ് കഥാപാത്രമാണ് എന്റേത്. അതിഥി റാവുവാണ് നായിക. ഡോക്ടർ കഥാപാത്രത്തെയാണ് അവർ അവതരിപ്പിയ്ക്കുന്നത്. ഒരു യുദ്ധ വിമാനത്തിന്റെ പൈലറ്റും ലേഡി ഡോക്ടറും തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം.
Kaatru Veliyidai - Trailer 2 | Mani Ratnam | A R Rahman | Karthi | Aditi Rao Hydari
ദുൽക്കർ നായകനായ മണി സാറിന്റെ 'ഓ കാതൽ കണ്മണി' കാലിക പ്രണയത്തെക്കുറിച്ച് അധികം പ്രതിപാദിക്കുന്ന സിനിമയായിരുന്നു. എന്നാൽ കാട്രു വെളിയിടൈ ഒരു ക്ലാസിക്കൽ ലവ് സ്റ്റോറിയാണ്. എന്നെന്നും മനസ്സിൽ സൂക്ഷിക്കാവുന്ന ഒരു സിനിമ. മനുഷ്യ ബന്ധങ്ങളെക്കുറിച്ചും ഹൃദയ ബന്ധങ്ങളെക്കുറിച്ചും സിനിമയിൽ വിവരിച്ചു കാണിയ്ക്കാൻ മണി സാറിനെപ്പോലെ മറ്റാർക്കുമാവില്ല. പട്ടാളക്കാരുടേത് ഒരു സാധാരണ ജീവിതമല്ല. സാധാരണ പട്ടാളക്കാർക്ക് യുദ്ധവേളയിലാണ് അപകട സാധ്യതകൾ ഏറെ.
എന്നാൽ യുദ്ധ വിമാന പൈലറ്റുകൾക്ക് പരിശീലനത്തിന്റെ ആദ്യനാൾ തൊട്ടേ അവരുടെ ജീവിതം അപകടം പതിയിരിക്കുന്നതാണ്.ശാരീരികമായും മാനസിമായും ഏത് ദുരവസ്ഥയേയും നേരിടാനും അതിജീവിക്കാനും അവർ സജ്ജരായിരിയ്ക്കണം. സദാ ജാഗരൂകരായിക്കണം.കുറച്ചൊന്ന് അശ്രദ്ധരായാൽ പോലും മേലുദ്യോഗസ്ഥരുടെ ശിക്ഷാ നടപടികൾക്ക് വിധേയരാവേണ്ടി വരും. അത്തരത്തിലുള്ള ഒരു ജീവിതം നയിച്ചു കൊണ്ടിരിക്കുന്ന ഒരുവന്റെ പ്രണയം പുതുമയായതും ഹൃദയത്തെ സ്പർശിക്കുന്നതുമായിരിക്കും.അതാണ് 'കാട്രു വെളിയിടൈ '.
വളരെ വ്യത്യസ്തമായ നായികാ കഥാപാത്രത്തെയാണ് അതിഥിയായി റാവു അവതരിപ്പിക്കുന്നത്. കാണാൻ വളരെ സോഫ്റ്റും എന്നാൽ മനോധൈര്യവുമുള്ള ലേഡി ഡോക്ടർ കഥാപാത്രം.തന്റെ കഥാപാത്രത്തെ മികവുറ്റതാക്കാൻ തമിഴ് പഠിച്ച് ,വളരെ പ്രതിപത്തിയോടെയും സമർപ്പണ ബോധത്തോടെയുമാണ് അതിഥി അഭിനയിച്ചിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ നിന്ന് അവർ മായില്ല.നൂറു ശതമാനം പ്രണയം എന്ന് വിശേഷിപ്പിക്കാവുന്ന 'കാട്രു വെളിയിടൈ ' കാലാതീതമായി മനസ്സിൽ സൂക്ഷിക്കാവുന്ന ഒരു പ്രണയ ചിത്രമായിരിക്കും തീർച്ച." കാർത്തി പറഞ്ഞു.
മണിരത്നം രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന 'കാട്രു വെളിയിടൈ ' കാഷ്മീരിന്റേയും ലഡാക്കിന്റേയും പശ്ചാത്തലത്തിൽ ക്യാമറയിൽ പകർത്തിയിരിക്കുന്നത് മലയാളികൾക്കും പ്രിയങ്കരനായ ഛായാഗ്രാഹകൻ രവിവർമ്മനാണ്. എ .ആർ.റഹമാന്റെ പശ്ചാത്തല സംഗീതവും അദ്ദേഹം സംഗീതം പകർന്ന് ചിട്ടപ്പെടുത്തി ഗാനങ്ങളുമാണ് ചിത്രത്തിന്റെ മറ്റൊരു മുതൽക്കൂട്ട്. മദ്രാസ് ടാക്കീസ് നിർമ്മിച്ചിരിക്കുന്ന 'കാട്രു വെളിയിടൈ ' ഏപ്രിൽ 7ന് തമീൻസ് റിലീസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.