Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ്–അറ്റ്ലി ചിത്രത്തിനെതിരെ ജ്യോതിക?

jyothika-atlee

വിജയ്‌യും അറ്റ്ലിയും ഒന്നിക്കുന്ന പുതിയ സിനിമയിൽ നിന്നും ജ്യോതിക പിന്മാറിയത് കോളിവുഡിൽ വലിയ വാർത്തയായിരുന്നു. തിരക്കഥയിലെ ചില അഭിപ്രായവ്യത്യാസങ്ങളാണ് നടി പിന്മാറാൻ കാരണമെന്നായിരുന്നു പറഞ്ഞു കേട്ടത്. കഥ കേട്ട ശേഷം ചില മാറ്റങ്ങള്‍ വരുത്താന്‍ സംവിധായകനോട് ജ്യോതിക നിര്‍ദ്ദേശിച്ചിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് നടിയുടെ പിന്മാറ്റമെന്നാണ് വാർത്ത വന്നത്.

തിരിച്ചുവരവില്‍ നടി നായികയായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് മഗളിർ മട്ടും. ഈ സിനിമയുടെ ഓഡിയോ ലോഞ്ചിനിെട ജ്യോതിക നടത്തിയ ചില പ്രസ്താവനകൾ അറ്റ്ലി–വിജയ് ചിത്രത്തിന് നേരെയാണെന്നാണ് പുതിയ വാർത്ത. ഇപ്പോൾ ഇറങ്ങുന്ന തമിഴ് ചിത്രങ്ങളിൽ നടിമാരെ ബൊമ്മകളാക്കി നിർത്തിയാണ് ആളുകൾ തിരക്കഥ എഴുതുന്നതെന്നു അത്തരം പ്രവണത നിർത്തണമെന്നും നടി പറഞ്ഞു. മാത്രമല്ല സമൂഹത്തിന് വിനയായി മാറുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നും ജ്യോതിക പറയുന്നു.

‘നായകന്മാർ ദയവ് ചെയ്ത് ഒന്നിൽ കൂടുതൽ നായികമാരെ ഒരു ചിത്രത്തിൽ പ്രണയിക്കുന്ന രീതി നിർത്തണം. സംവിധായകർ കുറച്ചുകൂടി സമൂഹത്തോട് ഉത്തരവാദിത്തം കാണിക്കേണ്ടിയിരിക്കുന്നു.–ജ്യോതിക വ്യക്തമാക്കി. ജ്യോതികയുടെ ഈ പ്രസ്താവന വിജയ്‌യുടെ പുതിയ സിനിമയ്ക്കെതിരെയാണെന്നാണ് കോളിവുഡിൽ നിന്നുള്ള ചിലരുടെ അടക്കംപറച്ചിൽ. 

വിജയ്–അറ്റ്ലി ചിത്രത്തിൽ ജ്യോതികയ്ക്ക് പകരം നിത്യ മേനോനെയാണ് തീരുമാനിച്ചിരിക്കുന്നത്. നിത്യയെ കൂടാതെ ചിത്രത്തിൽ രണ്ടുനായികമാര്‍ കൂടിയുണ്ട്. സമാന്ത, കാജൽ അഗർവാൾ എന്നിവരാണ് സിനിമയിലെ മറ്റുരണ്ടുതാരങ്ങൾ.