400 കോടി മുതൽ മുടക്കിൽ തമിഴിൽ ഒരുങ്ങുന്ന പിരിയോഡിക് ചിത്രം സംഘമിത്രയിൽ നിന്ന് നായിക ശ്രുതി ഹാസൻ പുറത്തായത് തമിഴകത്തെ ഞെട്ടിച്ചിരുന്നു. സിനിമയുടെ നിർമാതാക്കളായ ശ്രീ തെനന്ദല്‍ ഫിലിംസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്താണ് കാരണമെന്ന് ഇവർ വ്യക്തമാക്കിയതുമില്ല. എന്നാൽ ചിത്രത്തിൽ നിന്നും സ്വയം പിന്മാറുകയായിരുന്നെന്ന് ശ്രുതിയും വ്യക്തമാക്കി.
ശ്രുതിക്ക് പകരം ചിത്രത്തിൽ നായികയായി ആരെത്തുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അനുഷ്കയുടെയും നയൻതാരയുടെയും പേരാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുകേൾക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ഒരു നടി രംഗത്തെത്തിയിരിക്കുന്നു. 13 ബിയിലൂടെ ശ്രദ്ധനേടിയ നീതു ചന്ദ്രയാണ് തന്റെ ആഗ്രഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
ആയോധനകല അഭ്യസിച്ച നടി എന്ന നിലയിലും നാടകനടി എന്ന നിലയിലും ഈ കഥാപാത്രം ചെയ്യാൻ താൽപര്യമുണ്ടെന്ന് നടി വ്യക്തമാക്കി. എല്ലാ ആത്മാർത്ഥയോടെയും ആദരവോടെയും ചിത്രത്തിൽ അഭിനയിക്കുമെന്നും നടി അറിയിച്ചു.
എഡി എട്ടാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സംഘമിത്ര എന്ന രാജകുമാരിയുടെ കഥയാണ് ചിത്രം. തമിഴ് ചരിത്രത്തിൽ ഇതുവരെ ആരും ൈകവയ്ക്കാത്ത മേഖലകളാണ് ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്. സിനിമ ഇപ്പോൾ പ്രിപ്രൊഡക്ഷൻ സ്റ്റേജിലാണ്.
ശ്രീ തെനന്ദല്‍ ഫിലിംസ് ആണ് നിർമാണം. ബാഹുബലി സിനിമയുടെ വിഎഫ്എക് സൂപ്പര്‍വൈസറായിരുന്ന കമലാകണ്ണന്‍ ആണ് സംഘമിത്രയുടെയും വിഎഫ്എക്‌സ് നേതൃത്വം നല്‍കുന്നത്. ബാഹുബലിക്ക് മുകളില്‍ നില്‍ക്കുന്ന ചിത്രമെന്നാണ് സുന്ദര്‍ സി പറയുന്നത്.