നടൻ വിശാലിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ലിംഗുസാമി സംവിധാനം ചെയ്ത ശണ്ഠക്കോഴി എന്ന സിനിമ. തമിഴ് - തെലുങ്ക് ചലച്ചിത്ര മേഖലയിൽ അദ്ദേഹത്തിന് താരപദവി നേടി കൊടുത്തതും ഈ സിനിമയാണ്. ഒരു വ്യാഴ വട്ടത്തിനു ശേഷം ജനപ്രീതി നേടിയ പ്രസ്തുത ചിത്രത്തിന്റെ രണ്ടാം ഭാഗം തയ്യാറാവുന്നു. ഏതാണ്ട് രണ്ടു വർഷത്തിലേറെയായി ശണ്ഠക്കോഴി 2 അനൗൺസ് ചെയ്തിട്ട്. എന്നാൽ വിശാലും സംവിധായകനും പിണങ്ങി പിരിഞ്ഞുവെന്നും പ്രോജക്ട് ഉപേക്ഷിച്ചുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.
ഈ വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് 'ശണ്ഠക്കോഴി2-ന്റെ ചിത്രീകരണം ഇന്ന് ചെന്നൈയിൽ ആരംഭിച്ചു. ആറു കോടി രൂപ ചിലവിട്ട് നഗരത്തിൽ പ്രത്യേകം തയ്യാറാക്കിയ സെറ്റിലാണ് ചിത്രത്തിലെ പ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നത്. ഈ ബ്രന്മാണ്ഡ ആക്ഷൻ സിനിമ തന്റെ കരിയറിലെ 25-മത്തെ സിനിമയായി ഭവിച്ചത് ഭാഗ്യവും നിയോഗവുമാണെന്ന് വിശാൽ മനോരമ ഓൺലൈനിനോടു പറഞ്ഞു.