‘തലൈവി നയന്‍താര’; ആര്‍പ്പുവിളികളോടെ ആരാധകർ

തമിഴ്ജനത സ്നേഹപൂർവ്വം തലൈവി എന്ന് വിളിച്ചത് ജയലളിതയെയാണ്. അത്രവേഗമൊന്നും തലൈവിപട്ടം തമിഴമക്കൾ ആർക്കും നൽകാറില്ല. എന്നാൽ കഴിഞ്ഞദിവസം പുതിയ സിനിമ ആറം സിനിമയുടെ പ്രചരണാർഥം ചെന്നൈയിലെത്തിയപ്പോൾ നയൻതാരയെ ആരാധകർ സ്വീകരിച്ചത് ‘എങ്കള്‍ തലൈവി നയന്‍താര’ എന്ന ആർപ്പുവിളികളുമായിട്ടായിരുന്നു.

സിനിമയിലെ ഗ്ലാമർവേഷങ്ങളിൽ നിന്നും വേറിട്ടപാതയിലൂടെയാണ് ഈയിടെയായി നയൻതാരയുടെ യാത്രം. പുതിയ ചിത്രം ആറം അത് തെളിയിക്കുകയും ചെയ്യുന്നു. തമിഴ്നാടിന്റെ സമകാലിക രാഷ്ട്രീയസാഹചര്യങ്ങളും സാമൂഹികപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന ചിത്രത്തിന് വൻവരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. തമിഴിൽ നായകപ്രാധനമില്ലാതെ ഒറ്റയ്ക്കൊരു സിനിമ വിജയിപ്പിക്കുക അത്ര എളുപ്പമല്ല. പക്ഷെ തനിക്കത് സാധിക്കുമെന്ന് മായ പോലെയുള്ള സിനിമകളിലൂടെ നയൻതാര തെളിയിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് തമിഴകത്തിന്റെ ലേഡിസൂപ്പർസ്റ്റാർ എന്ന പദവി നയൻതാരയ്ക്ക് സിനിമാലോകം നൽകിയത്.

രജനികാന്തിനെയും വിജയ്‌യുമൊക്കെ തലൈവ എന്നും ദളപതി എന്നും വിശേഷിപ്പിക്കുമ്പോഴും ഇതുവരെ ആർക്കും തലൈവിപട്ടം നൽകാൻ തമിഴ്ജനത തയാറായിട്ടില്ല. ആഭരണങ്ങളോ മേക്കപ്പോ ഇല്ലാതെ നീല നിറത്തിലുള്ള സാരിയും ഹാഫ് കൈബ്ലൗസും കൈയിൽ ഒരു വാച്ചും മാത്രമണിഞ്ഞ് എത്തിയ നയൻതാരയെ കണ്ടാൽ തലൈവി എന്ന് വിളിക്കാൻ തോന്നിപോകുമെന്നാണ് ആരാധകർ പറയുന്നത്. ആരാധകരുടെ തലൈവി വിളിയ്ക്ക് താരം കൈ കൂപ്പി അഭിവാദ്യങ്ങൾ അറിയിക്കുകയും ചെയ്തു. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും തമിഴ്നാടിന്റെ മുഖ്യമന്ത്രികസേരയിലെത്തിയ ജയലളിതയുടെ അഭാവം ഇന്നും തമിഴ്മണ്ണിന്റെ വിങ്ങലാണ്.