Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുലു ജ്യോതിക തന്നെ!

suu രാധാ മോഹൻ, ജ്യോതിക, ധനജ്ഞയൻ

കഴിഞ്ഞ വർഷം ബോളിവുഡിൽ വൻ ബോക്സോഫീസ് വിജയം നേടിയ വിദ്യാബാലന്റെ 'തുമാരി സുലു' തമിഴിലേയ്ക്ക്.  ടി-സീരീസ് നിർമിച്ച 'തുമാരി സുലു'വിന്റെ  ദക്ഷിണേന്ത്യൻ റീമേക്ക് അവകാശം ബോഫ്ടാ മീഡിയാ വർക്ക്സ് ഇൻഡ്യയ്ക്കു വേണ്ടി ജി.ധനജ്ഞയൻ ചിത്രം പ്രദർശനത്തിനെത്തുന്നതിനു മുമ്പു തന്നെ  കരസ്ഥമാക്കിയിരുന്നു. ഈ കഥാപാത്രത്തെ തമിഴിൽ അവതരിപ്പിയ്ക്കുന്നതിനായി പല തെന്നിന്ത്യൻ അഭിനേത്രികളുടേയും പേരുകൾ പ്രചരിച്ചിരുന്നു. എന്നാൽ ജ്യോതികയാണ് സുലുവാകുക എന്ന് നിർമാതാവ് ധനജ്ഞയൻ മനോരമ ഓൺലൈനോട് സ്ഥിരീകരിച്ചു. 

അഴകിയ തീയേ,മൊഴി, അഭിയും ഞാനും തുടങ്ങിയ ഒട്ടനവധി നല്ലി സിനിമകൾ അണിയിച്ചൊരുക്കിയിട്ടുള്ള രാധാ മോഹനാണ്  ഇനിയും പേരിട്ടിട്ടില്ലാത്ത 'തുമാരി സുലു' തമിഴ് പുനരാവിഷ്ക്കാര ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ത്രിവേണി രചനയും സംവിധാനവും നിർവഹിച്ച ,പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയ ഈ ചിത്രം വീട്ടമ്മയായ സുലോചന എന്ന സ്തീ റേഡിയോ ജോക്കിയാവുന്നതും അനന്തര സംഭവങ്ങളും ഹാസ്യത്മകമായി ദൃശ്യവൽക്കരിക്കപ്പെട്ടതായിരുന്നു.

"ഇത്രയും പ്രശംസകളും ജനപ്രീതിയും നേടിയ 'തുമാരി സുലു' തമിഴിൽ സംവിധാനം ചെയ്യാൻ അവസരം കിട്ടിയ ആഹ്ലാദത്തിലും ആവേശത്തിലുമാണ് ഞാൻ. പ്രത്യേകിച്ച് ജ്യോതികയെ വെച്ച് വീണ്ടും ഒരു പടം ചെയ്യാൻ അവസരം കിട്ടിയതിൽ...'മൊഴി'യാണ് ഞാനും ജ്യോതികയും നേരത്തേ ഒന്നിച്ച സിനിമ. അവരുടെ റിയലിസ്റ്റിക്കായ അഭിനയം പ്രശംസനീയമാണ്. 'മൊഴി'യ്ക്ക് ശേഷം അവരുമായി ചേർന്ന് തമിഴിൽ വീണ്ടുമൊരു  മാജിക്  ഈ സിനിമയിലൂടെ സൃഷ്ടിക്കാൻ  കഴിയും എന്ന വിശ്വാസം എനിക്കുണ്ട് " രാധാ മോഹൻ മനോരമ ഓൺലൈനോട് പറഞ്ഞു. 

വിവാഹാനന്തര ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചു വരവാണ്  ജ്യോതിക നടത്തിയിരിയ്ക്കുന്നത്.  36 വയതിനിലേ,മകളീർ മട്ടും എന്നീ സിനിമകളെ തുടർന്ന്  കഴിഞ്ഞ മാസം റിലീസായ   ബാലാ  ചിത്രമായ നാച്ചിയാരുടെ അത്ഭുത വിജയവും ജ്യോതികയ്ക്ക് അഭിനയത്തിൽ സജീവമാകാൻ ഉത്തേജനം പകർന്നിരിക്കയാണെന്നതും ശ്രദ്ധേയമാണ്. 

'തുമാരി സുലു' തമിഴ് പുനരാവിഷ്ക്കാര ചിത്രത്തിലെ ഇതര താര - സാങ്കേതിക വിദഗ്ദരുടെ നിർണ്ണയം ധൃതഗതിയിൽ  നടന്നു വരുന്നതായും മെയ് മാസം  ചിത്രീകരണം ആരംഭിക്കുമെന്നും നിർമ്മാതാവ് ധനജ്ഞയൻ അറിയിച്ചു.